ലോകകപ്പ് വിജയത്തിനു പിന്നാലെ ലയണൽ മെസിയെത്തേടി ഇന്റർനാഷണൽ അവാർഡ് | Lionel Messi

ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയും ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം നേടുകയും ചെയ്‌ത ലയണൽ മെസിയെ മറ്റൊരു അന്താരാഷ്‌ട്ര പുരസ്‌കാരം തേടിയെത്തി. എഐപിഎസ് (ഇന്റർനാഷണൽ സ്പോർട്ട്സ് പ്രസ് അസോസിയേഷൻ) ബെസ്റ്റ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരമാണ് ലയണൽ മെസി സ്വന്തമാക്കിയത്. മികച്ച പുരുഷ കായികതാരത്തിനുള്ള പുരസ്‌കാരം ലയണൽ മെസി നേടിയപ്പോൾ മികച്ച വനിതാതാരത്തിനുള്ള അവാർഡും ഫുട്ബാളിലേക്ക് തന്നെയാണ്. ബാഴ്‌സലോണയുടെ സ്‌പാനിഷ്‌ താരം അലക്‌സിയ പുട്ടയാസാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസി മികച്ച പ്രകടനം നടത്താൻ പരാജയപ്പെട്ടതിനെ തുടർന്ന് നിരവധി പേർ ബാഴ്‌സലോണക്ക് പുറത്ത് താരത്തിന് തിളങ്ങാൻ കഴിയില്ലെന്ന വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഈ സീസണിൽ അതിനു തന്റെ പ്രകടനം കൊണ്ടാണ് ലയണൽ മെസി മറുപടി നൽകിയത്. പിഎസ്‌ജിക്കൊപ്പം മികച്ച പ്രകടനം നടത്തി ലോകകപ്പിനായി തയ്യാറെടുത്ത താരം അർജന്റീന ടീമിനെ ഏറ്റവും മികച്ച രീതിയിലാണ് കിരീടത്തിലേക്ക് നയിച്ചത്. തനിക്ക് നേതൃഗുണമില്ലെന്ന വിമർശനം ഉന്നയിച്ചവർക്കു കൂടിയുള്ള മറുപടി ലയണൽ മെസി ലോകകപ്പിൽ നൽകിയെന്നതിൽ സംശയമില്ല.

ലോകകപ്പിൽ ഏഴു ഗോളുകളും മൂന്നു അസിസ്റ്റുകളും സ്വന്തമാക്കിയാണ് ലയണൽ മെസി അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം മുതൽ ഓരോ ഘട്ടത്തിലും ഗോൾ നേടുന്ന ആദ്യത്തെ താരമായി മാറിയ മെസി രണ്ടു ലോകകപ്പുകളിൽ ഗോൾഡൻ ബോൾ നേടുന്ന ആദ്യത്തെ കളിക്കാരനായും മാറി. സൗദി അറേബ്യയോട് ആദ്യ മത്സരത്തിൽ തോൽവി വഴങ്ങി ലോകകപ്പ് ആരംഭിച്ച അർജന്റീനയെ അവിടെ നിന്നും പിന്നീട് പലപ്പോഴും രക്ഷിച്ചത് ലയണൽ മെസി തന്നെയായിരുന്നു. താരത്തിനൊപ്പം ഉറച്ചു നിന്ന ടീമംഗങ്ങളും അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചെങ്കിലും അവരെ കൃത്യമായി മുന്നോട്ടു നയിച്ച മെസിയുടെ സാന്നിധ്യം വളരെ നിർണായകമായിരുന്നു.

113 വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള 420 ജേർണലിസ്റ്റുകൾ വോട്ടെടുപ്പ് നടത്തിയാണ് ഈ പുരസ്‌കാരത്തിനുള്ള ജേതാവിനെ തീരുമാനിക്കുന്നത്. ലോകകപ്പ് നേടുകയെന്ന സ്വപ്‌നം മുപ്പത്തിയഞ്ചാം വയസിൽ, കരിയറിന്റെ അവസാനത്തെ സമയത്തേക്ക് അടുത്ത് കൊണ്ടിരിക്കുന്ന സമയത്ത് പൊരുതി നേടിയ ലയണൽ മെസി അർഹിക്കുന്ന പുരസ്‌കാരം തന്നെയാണിത്. അർജന്റീന ടീമിനു പുറമെ പിഎസ്‌ജിയിലും മികച്ച പ്രകടനം നടത്തുന്ന ലയണൽ മെസിയെ ഇനിയുമേറെ പുരസ്‌കാരങ്ങൾ ഈ സീസണിൽ കാത്തിരിക്കുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആരാധകരും അതിനു വേണ്ടി തന്നെയാണ് കാത്തിരിക്കുന്നത്.

അതേസമയം ബാഴ്‌സലോണക്കും സ്പെയിൻ ടീമിനും വേണ്ടി നടത്തിയ പ്രകടനമാണ് അലെക്‌സിയയെ ഈ പുരസ്‌കാരത്തിന് അർഹയാക്കിയത്. നേരത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയ താരം കൂടിയാണ് അലെക്‌സിയ. ലോകകപ്പ് വിജയത്തോടെ ലയണൽ മെസി 2023ലെ ബാലൺ ഡി ഓർ നേടുമെന്ന ചർച്ചകളും വളരെയധികം ശക്തി പ്രാപിച്ചിട്ടുണ്ട്. പിഎസ്‌ജിക്കൊപ്പം മികച്ച പ്രകടനം നടത്തി കിരീടങ്ങൾ നേടിക്കൊടുത്താൽ എട്ടാം ബാലൺ ഡി ഓർ ലയണൽ മെസിയുടെ കൈകളിൽ ഭദ്രമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Lionel Messi And Alexia Putellas Won AIPS Best Atlete Of The Year