സെർജിയോ റാമോസും റൊണാൾഡോയും ഒരുമിച്ചു കളിക്കാൻ സാധ്യതയേറുന്നു | Cristiano Ronaldo

ഖത്തർ ലോകകപ്പ് സമയത്തു തന്നെ സൗദി ക്ലബായ അൽ നസ്ർ പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കു വേണ്ടി ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. റൊണാൾഡോ ആ സമയത്ത് അഭ്യൂഹങ്ങൾ നിഷേധിച്ചുവെങ്കിലും ആ ട്രാൻസ്‌ഫർ യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകളെല്ലാം സൂചിപ്പിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയ റൊണാൾഡോ നിലവിൽ ഫ്രീ ഏജന്റായതോടെയാണ് താരത്തിനായി സൗദി ക്ലബ് ശ്രമങ്ങൾ സജീവമാക്കിയത്. വലിയ പ്രതിഫലവും താരത്തിനായി അൽ നസ്ർ വാഗ്‌ദാനം ചെയ്യുന്നു.

അതേസമയം യൂറോപ്യൻ ഫുട്ബോളിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാത്രമല്ല സൗദി അറേബ്യൻ ക്ലബ് നോട്ടമിടുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം മറ്റു ചില വമ്പൻ കളിക്കാരെയും സൗദി ലീഗിലെത്തിക്കാൻ അൽ നസ്ർ ശ്രമിക്കുന്നുണ്ട്. ചെൽസി താരമായ എൻഗോളോ കാന്റെയുടെ പേര് അതിലൊന്നാണ്. അതിനു പുറമെ റൊണാൾഡോയുടെ മുൻ സഹതാരവും റയൽ മാഡ്രിഡിന്റെ മുൻ നായകനുമായ സെർജിയോ റാമോസും അൽ നസ്ർ ടീമിലെത്തിക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളിൽ ഉൾപ്പെടുന്നു.

റിപ്പോർട്ടുകൾ പ്രകാരം അൽ നസ്ർ പ്രസിഡന്റും ക്ലബിന്റെ സ്പോർട്ടിങ് ഡയറക്‌ടറും ഇതിനു വേണ്ടി യൂറോപ്പിലേക്ക് യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിൽ കളിക്കുന്ന മുപ്പത്തിയാറു വയസുള്ള താരവുമായി ചർച്ചകൾ നടത്തുക എന്നതാണ് അവരുടെ പ്രധാന പദ്ധതി. പരിക്ക് മൂലം കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവും നഷ്‌ടമായ സെർജിയോ റാമോസ് ഈ സീസണിലാണ് കൂടുതൽ മത്സരങ്ങൾ കളിക്കാൻ തുടങ്ങിയത്. ആദ്യ ഇലവനിൽ സ്ഥിരമായി ഇടം പിടിക്കുന്നുണ്ടെങ്കിലും ഈ സീസണോടെ കരാർ അവസാനിക്കുന്ന റാമോസിന് പുതിയ കരാർ പിഎസ്‌ജി വാഗ്‌ദാനം ചെയ്‌തിട്ടില്ല. ജൂണിൽ ഫ്രീ ഏജന്റാകുന്ന താരത്തെ അപ്പോൾ സ്വന്തമാക്കാൻ വേണ്ടി പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാനുള്ള ശ്രമമാകും പിഎസ്‌ജി നടത്തുക.

2009 മുതൽ 2018 വരെ റയൽ മാഡ്രിഡിൽ ഒരുമിച്ചു കളിച്ച താരങ്ങളാണ് സെർജിയോ റാമോസും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇക്കാലയളവിൽ നിരവധി കിരീടങ്ങളും ഇവർ രണ്ടു പേരും ചേർന്ന് നേടി. തുടർച്ചയായ മൂന്നു ചാമ്പ്യൻസ് ലീഗുകൾ ഉൾപ്പെടെ നാല് ചാമ്പ്യൻസ് ലീഗുകൾ ഇക്കാലയളവിൽ ഇവർ സ്വന്തമാക്കി. സൗദി അറേബ്യയിൽ ഏറ്റവും വിജയം നേടിയ ടീമുകളിൽ ഒന്നായ അൽ നസ്റിലേക്ക് ഈ രണ്ടു താരങ്ങളും എത്തിയാൽ അത് ക്ലബിനെ അജയ്യാറാക്കുമെന്നതിൽ സംശയമില്ല. 2019ൽ അവസാനമായി കിരീടം നേടിയ ടീം നിലവിൽ സൗദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനത്താണ്.

saudi club al nassr targets ronaldo ramos reunion in summer