റൊണാൾഡോ ഇനി സൗദിയുടെ സ്വന്തം, അൽ നസ്‌റുമായി കരാറൊപ്പിട്ട് താരം | Cristiano Ronaldo

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കു വിരാമമിട്ട് സൗദി അറേബ്യൻ ക്ലബായ അൽ നസ്‌റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ കരാറൊപ്പിട്ടുവെന്ന് റിപ്പോർട്ടുകൾ. ഖത്തർ ലോകകപ്പ് സമയത്തു തന്നെ സൗദി അറേബ്യൻ ക്ലബിനെയും റൊണാൾഡോയെയും ചേർത്ത് അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് താരം അതിനെ നിഷേധിക്കുകയാണു ചെയ്‌തത്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദ് ചെയ്‌ത ക്രിസ്റ്റ്യാനോ റൊണാൾഡോ ഫ്രീ ഏജന്റായാണ് സൗദി ക്ലബ്ബിലേക്ക് ചേക്കേറുന്നത്. നിലവിൽ സൗദി പ്രോ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന അൽ നസ്‌റുമായി താരം കരാറൊപ്പിട്ടുവെന്ന് സൗദിയിലെയും യൂറോപ്പിലെയും വിവിധ മാധ്യമങ്ങളാണ് റിപ്പോർട്ടു ചെയ്യുന്നത്. ശനിയാഴ്‌ച ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കും.

സിബിഎസ് സ്പോർട്ട് വെളിപ്പെടുത്തുന്നതു പ്രകാരം രണ്ടര വർഷത്തെ കരാറാണ് താരം സൗദി ക്ലബുമായി ഒപ്പിട്ടിരിക്കുന്നത്. ഒരു വർഷത്തിൽ എഴുപത്തിയഞ്ച് മില്യൺ ഡോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പ്രതിഫലമായി ലഭിക്കുക. ക്ലബുമായി അടുത്ത ബന്ധമുള്ള ഒരാളെ അധികരിച്ചാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. ഇതോടെ ലോകത്തിൽ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരങ്ങളിൽ ഒരാളായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറും. നേരത്തെ വിവിധ സ്‌പോൺസർഷിപ്പ് ഡീലുകൾ ഉൾപ്പെടെ പ്രതിവർഷം ഇരുനൂറു മില്യൺ യൂറോയുടെ കരാറാണ് റൊണാൾഡോ ഒപ്പിടുകയെന്ന റിപ്പോർട്ടുകളാണ് വന്നിരുന്നതെങ്കിലും അത് സംബന്ധിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.

2030ലെ ലോകകപ്പ് ഗ്രീസ്, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങളുമായി സംയുക്തമായി നടത്താൻ സൗദി അറേബ്യ ശ്രമം നടത്തുന്നുണ്ട്. അതിനുള്ള നീക്കങ്ങൾക്ക് ഊർജ്ജം നൽകാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ രാജ്യത്തിന്റെ അംബാസിഡറായി നിയമിക്കാനും അവർ പദ്ധതിയിടുന്നു. അങ്ങിനെയെങ്കിൽ സൗദി അറേബ്യയുമായി ഏഴു വർഷത്തെ കരാർ റൊണാൾഡോ ഒപ്പിടും. ക്ലബിനു വേണ്ടി ഒപ്പിടുന്ന കരാറിന് പുറമെയായിരിക്കും അത്. എന്തായാലും തങ്ങളുടെ രാജ്യത്തിന്റെ മുഖമായി റൊണാൾഡോയെ മാറ്റാനുള്ള പദ്ധതിയാണ് സൗദി അറേബ്യ നടത്തുന്നത്. നേരത്തെ ലയണൽ മെസിയെ അവർ രാജ്യത്തിന്റെ ടൂറിസം അംബാസിഡറായി നിയമിച്ചതിനു പിന്നാലെയാണ് റൊണാൾഡോയെയും എത്തിച്ചിരിക്കുന്നത്.

ചാമ്പ്യൻസ് ലീഗ് ക്ലബിൽ കളിക്കണമെന്ന ആഗ്രഹം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഉണ്ടായിരുന്നു. അതിനായി താരം വളരെയധികം ശ്രമം നടത്തുകയും ചെയ്‌തു. എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകളൊന്നും റൊണാൾഡോക്കായി ശ്രമം നടത്തിയില്ല. റൊണാൾഡോയിൽ താൽപര്യമുള്ള ക്ലബുകൾക്ക് താരത്തിന്റെ വേതനവ്യവസ്ഥകൾ താങ്ങാൻ കഴിയുന്നതുമായിരുന്നില്ല. അതിനാൽ ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുകയെന്ന റൊണാൾഡോയുടെ സ്വപ്‌നം പൂർത്തിയായില്ലെങ്കിലും മുപ്പത്തിയേഴാം വയസിലും ലോകത്തിൽ ഏറ്റവുമധികം തുക പ്രതിഫലം വാങ്ങുന്ന താരമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്യൻ ഫുട്ബോളിനോട് വിട പറയുന്നത്.

ronaldo sign contract with saudi club al nassr