സ്വന്തം ടീമിലെ താരത്തിനു കൈ കൊടുക്കാതെ ഒഴിവാക്കി ലെവൻഡോസ്‌കി, ബാഴ്‌സലോണ താരത്തിനെതിരെ വിമർശനം | Lewandowski

സീസണിന്റെ തുടക്കം മികച്ച രീതിയിലായിരുന്നെങ്കിലും ഇപ്പോൾ ബാഴ്‌സലോണ അത്ര മികച്ച ഫോമിലല്ല കളിച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ ആദ്യ മിനുട്ടിൽ തന്നെ ഗോൾ വഴങ്ങിയ ടീം അതിനു ശേഷം രണ്ടു ഗോൾ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയെങ്കിലും ടീമിന്റെ പ്രകടനം പ്രതീക്ഷ നൽകുന്നതല്ല. ഇതിനു മുൻപ് നടന്ന ഏതാനും മത്സരങ്ങളിലും, പ്രത്യേകിച്ച് എൽ ക്ലാസിക്കോ കഴിഞ്ഞതിനു ശേഷം ടീമിന്റെ പ്രകടനം വളരെ മോശമായിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്‌സലോണയെ രക്ഷിച്ചത് പോളണ്ട് താരം റോബർട്ട് ലെവൻഡോസ്‌കിയാണ്. ഈ സീസണിൽ ഫോം കണ്ടെത്താൻ വിഷമിച്ചിരുന്ന താരം നേടിയ രണ്ടു ഗോളുകളാണ് ടീമിന് വിജയം നൽകിയത്. രണ്ടാം പകുതിയിൽ ഒരു ഹെഡറിലൂടെ ആദ്യത്തെ ഗോൾ നേടിയ താരം അതിനു ശേഷം പെനാൽറ്റി സ്പോട്ടിൽ നിന്നും ഒരു ഗോൾ കണ്ടെത്തുകയുണ്ടായി. എന്നാൽ താരത്തിന്റെ ഗോളുകൾക്കൊപ്പം തന്നെ സ്വന്തം സഹതാരത്തിനോടുള്ള ദേഷ്യത്തോടു കൂടിയുള്ള പെരുമാറ്റവും ശ്രദ്ധിക്കപ്പെടുകയുണ്ടായി.

മത്സരത്തിനിടെ ബാഴ്‌സലോണയുടെ ടീനേജ് താരമായ ലാമിൻ യമാലിനെതിരെയാണ് ലെവൻഡോസ്‌കി രോഷം പ്രകടിപ്പിച്ചത്. എതിർടീമിലെ താരങ്ങളെ ഡ്രിബിൾ ചെയ്‌തു മുന്നേറി ബോക്‌സിലെത്തിയ യമാൽ ഗോളിലേക്ക് ഷോട്ട് ഉതിർത്തെങ്കിലും അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. അതേസമയം തൊട്ടപ്പുറത്ത് ഫ്രീ പൊസിഷനിൽ നിൽക്കുന്ന ലെവൻഡോസ്‌കി പന്ത് പാസ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യമാൽ സ്വയം ഷോട്ട് എടുത്തതോടെ ലെവൻഡോസ്‌കിക്ക് നിയന്ത്രണം നഷ്‌ടമായി.

താരത്തോട് പാസ് നൽകാത്തതിൽ പരാതി പറയുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്‌ത ലെവൻഡോസ്‌കി കുറച്ചു രൂക്ഷമായാണ് പെരുമാറിയത്. രംഗം തണുപ്പിക്കാൻ വേണ്ടി ക്ഷമാപണത്തിന്റെ രീതിയിൽ യമാൽ പോളിഷ് താരത്തിന് കൈ കൊടുക്കാൻ പോയെങ്കിലും ലെവൻഡോസ്‌കി അതിനു തയ്യാറായില്ല. ഇതിനു പുറമെ മത്സരത്തിന്റെ ഇടയിൽ മറ്റൊരു തവണയും യമാലിനെതിരെ ലെവൻഡോസ്‌കി വളരെയധികം രോഷത്തോടെ പ്രതികരിക്കുന്നത് കണ്ടിരുന്നു.

ബാഴ്‌സലോണ താരങ്ങൾ തമ്മിലുള്ള ഇത്തരം പ്രശ്‌നങ്ങൾ കളിക്കളത്തിൽ മാത്രം ഒതുങ്ങുന്നതാണെങ്കിൽ കുഴപ്പമില്ലെങ്കിലും അവിടെ നിന്നും അത് മുന്നോട്ടു പോയാൽ ടീമിനത് വലിയ തിരിച്ചടി തന്നെയാണ്. എൽ ക്ലാസിക്കോ തോൽവിക്ക് ശേഷം മധ്യനിര താരം ഗുൻഡോഗൻ ടീമിലെ താരങ്ങളുടെ മനോഭാവത്തെ വിമർശിച്ചത് ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. ടീമിന്റെ മൊത്തത്തിലുള്ള കെട്ടുറപ്പിനു കോട്ടം തട്ടിയിട്ടുണ്ടെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ ഓരോ സംഭവങ്ങൾ നടക്കുന്നത്.

Lewandowski Ignored Yamal Greetings