“അതെല്ലാം വ്യാജവാർത്തകളാണ്”- ലയണൽ മെസിയുടെ പ്രതികരണം | Lionel Messi

ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് വളരെ ശക്തമാണ്. പിഎസ്‌ജി കരാർ ഈ സീസണോടെ അവസാനിക്കുന്ന താരം ഇതുവരെയും അത് പുതുക്കാൻ തയ്യാറായിട്ടില്ല. ലോകകപ്പ് കഴിഞ്ഞയുടനെ താരം കരാർ പുതുക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. ഇതാണ് ലയണൽ മെസിയുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ശക്തമായി വരാനുള്ള പ്രധാന കാരണം.

ലയണൽ മെസി തന്റെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന വാർത്തകൾ തന്നെയാണ് നിറഞ്ഞു നിൽക്കുന്നത്. താരവും ബാഴ്‌സലോണ പരിശീലകൻ സാവിയും തമ്മിൽ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മെസിയെ തിരിച്ചെത്തിക്കാനുള്ള വഴികൾ കണ്ടെത്താൻ സാവി ശ്രമിക്കുന്നുണ്ടെന്നും സ്പോർട്ട് റിപ്പോർട്ട് ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് മെസിയുടെ പ്രതികരണം അറിയാൻ കാറ്റലൻ മീഡിയ ശ്രമിച്ചിരുന്നു.

മെസിയുടെ വക്താക്കളുമായി ബന്ധപ്പെട്ട മാധ്യമത്തിന് നൽകിയ വിവരങ്ങൾ അനുസരിച്ച് സാവിയുമായി താരത്തിന് മികച്ച ബന്ധമാണുള്ളത്. എന്നാൽ തന്റെ ഭാവിയെക്കുറിച്ചുള്ള ഒരു കാര്യവും മെസി ബാഴ്‌സലോണ പരിശീലകനുമായി സംസാരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു. ഇതോടെ ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ കൂടുതൽ സങ്കീർണതയിലേക്ക് പോവുകയാണ്.

ബാഴ്‌സലോണയിൽ ഏതൊക്കെ താരങ്ങൾ വരണമെന്ന കാര്യത്തിൽ പരിശീലകൻ സാവിക്ക് കൃത്യമായ പദ്ധതിയുണ്ടെന്നതിൽ തർക്കമില്ല. അദ്ദേഹം പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം നടന്ന ട്രാൻസ്‌ഫറുകളിൽ എല്ലാം സാവി ഇടപെടൽ നടത്തിയിട്ടുണ്ട്. എങ്കിലും ചാമ്പ്യൻസ് ലീഗിൽ തിളങ്ങാൻ ടീമിന് കഴിഞ്ഞില്ലെന്നത് വലിയൊരു പോരായ്‌മയായായി മുൻ ബാഴ്‌സ താരത്തിന് അവശേഷിക്കുന്നുണ്ട്.

അടുത്ത സീസണിൽ മെസിയെ ഉൾപ്പെടുത്തിയുള്ള പദ്ധതി സാവി തയ്യാറാക്കി വെച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇത് സത്യമാവണേ എന്ന പ്രാർത്ഥനയിലാണ് ലയണൽ മെസിയുടെയും ബാഴ്‌സലോണയുടെയും ആരാധകർ. ബാഴ്‌സലോണ വിട്ടതിനു ശേഷം മെസിക്ക് ക്ലബ് തലത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. തിരിച്ചെത്തിയാൽ താരത്തിനു കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാൻ കഴിയുമെന്നാണ് ഏവരും കരുതുന്നത്.

Content Highlights: Lionel Messi Denies Talks With Xavi