അമേരിക്കൻ ലീഗ് അടക്കി ഭരിക്കാൻ ലയണൽ മെസി ഒരുങ്ങുന്നു, പുതിയ സീസണിൽ ഇന്റർ മിയാമിയുടെ ആദ്യമത്സരം നാളെ | Lionel Messi
കഴിഞ്ഞ വർഷം പിഎസ്ജി കരാർ അവസാനിച്ചതിന് പിന്നാലെ ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയിരുന്നെങ്കിലും എംഎൽഎസിൽ മുഴുനീള സീസൺ താരം കളിച്ചിരുന്നില്ല. സീസണിന്റെ പകുതിയായപ്പോഴാണ് പോയിന്റ് ടേബിളിൽ അവസാനസ്ഥാനത്തു കിടന്നിരുന്ന ഇന്റർ മിയാമിക്കൊപ്പം അർജന്റീന താരം ചേർന്നത്.
ഇന്റർ മിയാമിക്ക് ആദ്യത്തെ കിരീടം നേടിക്കൊടുക്കാൻ കഴിഞ്ഞ സീസണിൽ ലയണൽ മെസിക്ക് കഴിഞ്ഞിരുന്നു. ലീഗ്സ് കപ്പ് കിരീടമാണ് ഇന്റർ മിയാമിക്കൊപ്പം ലയണൽ മെസി സ്വന്തമാക്കിയത്. അതിനു പുറമെ ടീമിനെ മറ്റൊരു ഫൈനലിലേക്ക് നയിക്കാനും മെസിക്ക് കഴിഞ്ഞു. എന്നാൽ പരിക്കുകൾ താരത്തിന് തിരിച്ചടി നൽകിയപ്പോൾ എംഎൽഎസിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല.
Lionel Messi ready to play 90 minutes for Inter Miami in MLS season-opener, says coach Tata Martino – despite Argentina star's injury woes 😬https://t.co/33po6tgpuq
— Mail Sport (@MailSport) February 21, 2024
എംഎൽഎസിന്റെ പുതിയ സീസണിനായി ലയണൽ മെസി ഒരുങ്ങുകയാണ്. ആദ്യമായി എംഎൽഎസിൽ മുഴുനീള സീസൺ താരം കളിക്കുമ്പോൾ കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. നാളെ സാൾട്ട് ലേക്ക് എഫ്സിയുമായാണ് ഇന്റർ മിയാമി പുതിയ സീസണിലെ ആദ്യത്തെ മത്സരത്തിനായി ഇറങ്ങുന്നത്. താരം മുഴുവൻ സമയം കളിക്കാൻ തയ്യാറാണെന്ന് പരിശീലകൻ ടാറ്റ മാർട്ടിനോ അറിയിച്ചിട്ടുണ്ട്.
ലയണൽ മെസിയടക്കമുള്ള താരങ്ങൾ ഉണ്ടായിട്ടും പ്രീ സീസണിൽ മോശം പ്രകടനമാണ് ഇന്റർ മിയാമി നടത്തിയത്. വിവിധ ക്ലബുകളുമായി എട്ടോളം പ്രീ സീസൺ മത്സരങ്ങൾ കളിച്ച ഇന്റർ മിയാമിക്ക് അതിൽ ആകെ വിജയിക്കാൻ കഴിഞ്ഞത് ഒരേയൊരു മത്സരത്തിലാണ്. പുതിയ സീസണിനായി ഒരുങ്ങുമ്പോൾ ആദ്യത്തെ മത്സരത്തിൽ തന്നെ വിജയം നേടി ഈ നിരാശ ഇന്റർ മിയാമിക്ക് മാറ്റേണ്ടതുണ്ട്.
കഴിഞ്ഞ സീസണിൽ ലയണൽ മെസിക്ക് പിന്നാലെ സെർജിയോ ബുസ്ക്വറ്റ്സ്, ജോർഡി ആൽബ എന്നിവർ ഇന്റർ മിയാമിയിൽ ചേർന്നിരുന്നു. പുതിയ സീസണിനായി ടീം തയ്യാറെടുക്കുമ്പോൾ ലൂയിസ് സുവാരസും ഇന്റർ മിയാമിയിലുണ്ട്. ഏതാനും താരങ്ങളെക്കൂടി സ്വന്തമാക്കാൻ ഇന്റർ മിയാമി തയ്യാറെടുക്കുന്നതിനാൽ മികച്ച പ്രകടനം ടീമിൽ നിന്നുമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Lionel Messi Ready For MLS Season With Inter Miami