അർജന്റീനക്ക് വേണ്ടി മെസി കളിക്കില്ലേ, ആരാധകരുടെ ആശങ്കകൾക്കിടയിൽ പ്രതികരണവുമായി ടാറ്റ മാർട്ടിനോ | Lionel Messi
കഴിഞ്ഞ ദിവസം നടന്ന കോൺകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ ലയണൽ മെസി മികച്ച പ്രകടനമാണ് നടത്തിയത്. ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ വിജയം അനിവാര്യമായിരുന്ന ടീം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജയിച്ചപ്പോൾ ഒരു ഗോളും അസിസ്റ്റും ലയണൽ മെസിയുടെ വകയായിരുന്നു. ഏതാണ്ട് അമ്പതു മിനുട്ടോളം മാത്രമാണ് താരം കളിച്ചത്.
മത്സരത്തിൽ താരത്തെ നേരത്തെ പിൻവലിച്ചത് അർജന്റീന ആരാധകർക്ക് ആശങ്കയുണ്ടാക്കിയ കാര്യമായിരുന്നു. ഇതിനു മുൻപ് മെസി കളിച്ച മത്സരത്തിൽ താരം ഒരു ഗുരുതരമായ ഫൗളിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. അതിനു ശേഷമുള്ള മത്സരത്തിൽ താരം കളിച്ചിട്ടില്ല. അതിനു പിന്നാലെയാണ് നാഷ്വില്ലിനെതിരായ മത്സരത്തിൽ നിന്നും താരത്തെ നേരത്തെ പിൻവലിച്ചത്.
Tata Martino: "Leo Messi finished the game well, he had fatigue in the previous games but everything is fine." ✔️🇦🇷 pic.twitter.com/ZHoq18vUDR
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 8, 2024
അർജന്റീന ആരാധകരുടെ ആശങ്കയെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇന്റർ മിയാമി പരിശീലകൻ ടാറ്റ മാർട്ടിനോ പ്രതികരിച്ചിരുന്നു. താരത്തിന് കാലിൽ ചെറിയൊരു അസ്വസ്ഥത തോന്നിയത് കൊണ്ട് മുൻകരുതൽ എന്ന നിലക്കാണ് പിൻവലിച്ചതെന്നാണ് മാർട്ടിനോ പറഞ്ഞത്. പരിശോധനകൾ നടത്തിയതിനു ശേഷം ഇതേക്കുറിച്ച് കൂടുതൽ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾക്ക് മുൻപ് ഇന്റർ മിയാമിക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഇതിൽ ലയണൽ മെസി കളിക്കാൻ സാധ്യതയില്ലെന്നാണ് ടാറ്റ മാർട്ടിനോ പറയുന്നത്. അതിനർത്ഥം താരം ദേശീയ ടീമിന് വേണ്ടി കളിക്കാനാണ് താത്പര്യപ്പെടുന്നതെന്നാണ്. പരിക്ക് കൂടുതൽ ബാധിക്കാതിരിക്കാനാണ് മെസിക്ക് അടുത്ത മത്സരത്തിൽ വിശ്രമം നൽകുന്നതെന്ന് വ്യക്തമാണ്.
അമേരിക്കയിൽ വെച്ച് എൽ സാൽവദോർ, കോസ്റ്റാറിക്ക എന്നിവർക്കെതിരെയാണ് അർജന്റീന കളിക്കുന്നത്. മാർച്ച് ഇരുപത്തിമൂന്നിനും ഇരുപത്തിയേഴിനുമാണ് അർജന്റീനയുടെ മത്സരങ്ങൾ നടക്കുന്നത്. കോപ്പ അമേരിക്ക ടൂർണമെന്റിന് മുൻപ് നടക്കുന്ന മത്സരമായതിനാൽ തന്നെ അതിൽ പങ്കെടുത്ത് ടീമുമായി ഇടപഴകേണ്ടത് ലയണൽ മെസിയെ സംബന്ധിച്ച് അനിവാര്യമാണ്.
Lionel Messi Substitution Explained By Martino