അർജന്റീന ടീമിനൊപ്പം ചേരാനാവാതെ ലിസാൻഡ്രോ മാർട്ടിനസും ക്രിസ്റ്റ്യൻ റൊമേറോയും
ഖത്തർ ലോകകപ്പിനു മുൻപുള്ള സൗഹൃദ മത്സരങ്ങൾ ഏതാനും ദിവസങ്ങൾക്കു ശേഷം ആരംഭിക്കാനിരിക്കെ പ്രീമിയർ ലീഗിൽ കളിക്കുന്ന അർജന്റീന താരങ്ങളായ ലിസാൻഡ്രോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേരോ എന്നിവർക്ക് ടീമിനൊപ്പം ഇതുവരെയും ചേരാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടുകൾ. സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു താരങ്ങൾ പരിശീലന ക്യാംപിൽ എത്തിയിട്ട് ഏതാനും ദിവസങ്ങളായപ്പോഴും ഈ താരങ്ങൾക്ക് ടീമിനൊപ്പം ചേരാൻ കഴിയാത്തതിന് ക്വീൻ എലിസബത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കാരണമായിട്ടുള്ളതെന്ന് ടൈക് സ്പോർട്ട്സ് റിപ്പോർട്ടു ചെയ്യുന്നു.
ഈ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ടു സൗഹൃദ മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്. ഹോണ്ടുറാസ്, ജമൈക്ക എന്നീ ടീമുകൾക്ക് എതിരെയുള്ള ഈ സൗഹൃദമത്സരങ്ങൾ അമേരിക്കയിൽ വെച്ചാണ് നടക്കുന്നത്. ഈ രണ്ടു താരങ്ങളും ടീമിന്റെ ക്യാംപിലേക്ക് നേരിട്ട് എത്തേണ്ടതായിരുന്നെങ്കിലും ക്വീൻ എലിസബത്തിന്റെ മരണവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാനുള്ള പെർമിറ്റ് ലഭിക്കുന്നതിനുള്ള കാലതാമസമാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. ഇംഗ്ലണ്ടിലെ അമേരിക്കൻ എംബസി അടഞ്ഞു കിടക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിലവിൽ അർജന്റീന പ്രതിരോധത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു താരങ്ങളാണ് ലിസാൻഡ്രോ മാർട്ടിനസും ക്രിസ്റ്റ്യൻ റൊമേറോയും. ലയണൽ സ്കലോണിയുടെ ആദ്യ ഇലവനിൽ ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഓട്ടമെൻഡി സഖ്യമാണ് സ്ഥിരമായി ഇറങ്ങാറുള്ളത്. എന്നാൽ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന ലിസാൻഡ്രോ മാർട്ടിനസിനെ ലോകകപ്പിനു മുൻപ് ടീമിനൊപ്പം ഇറക്കി നോക്കാനുള്ള അവസരമാണ് ഈ മത്സരങ്ങൾ. ഇരുവരും ക്യാംപിലെത്താൻ വൈകുന്നതോടെ അതിനുള്ള സാധ്യതകൾ ഇല്ലാതാവും.
Lisandro Martinez and Cristian Romero haven't travelled to USA with the Argentina squad 🇦🇷https://t.co/aZjGIwtIgw
— Mirror Football (@MirrorFootball) September 20, 2022
റിപ്പോർട്ടുകൾ പ്രകാരം ലിസാൻഡ്രോ മാർട്ടിനസ് ഇംഗ്ലണ്ടിൽ നിന്നും നേരിട്ട് അമേരിക്കയിലേക്ക് പോകുന്നതിനു പകരം അർജന്റീനയിലേക്ക് യാത്ര ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിനു ശേഷം അർജന്റീനിയൻ ഫുട്ബോൾ ഫെഡറേഷൻ ഈ വിഷയം പരിഹരിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. സെപ്തംബർ 24നും സെപ്തംബർ 28നുമാണ് അർജന്റീനയുടെ മത്സരങ്ങൾ. ലോകകപ്പിനു മുൻപുള്ള ഒരു ഫൈനൽ റിഹേഴ്സൽ കൂടിയായാണ് ഈ മത്സരങ്ങളെ കണക്കാക്കുന്നത്.
ഈ രണ്ടു മത്സരത്തിലും വിജയം നേടിയാൽ തങ്ങളുടെ അപരാജിത കുതിപ്പ് വർധിപ്പിക്കാൻ അർജന്റീനക്ക് അവസരമുണ്ട്. നിലവിൽ 33 മത്സരങ്ങളിലായി അർജന്റീന പരാജയം അറിഞ്ഞിട്ടില്ല. ഈ രണ്ടു മത്സരങ്ങളിൽ ജയം നേടിയാൽ ഏറ്റവുമധികം മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കിയ ടീമുകളെന്ന റെക്കോർഡിൽ ബ്രസീൽ, സ്പെയിൻ എന്നിവർക്കൊപ്പം അർജന്റീനയുമെത്തും. 37 മത്സരങ്ങൾ അപരാജിതരായ ഇറ്റലി മാത്രമേ അവർക്കു മുന്നിലുണ്ടാകൂ.