മെസിയും ഹാലൻഡിനെയും ഒരുമിപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി, ആ നീക്കം തകർക്കാൻ മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്

നിലവിൽ യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് എർലിങ് ബ്രൂട്ട് ഹാലൻഡ്. അർധാവസരങ്ങൾ പോലും ഗോളാക്കാൻ കഴിവുള്ള താരത്തിനൊപ്പം ഏതു പ്രതിരോധത്തെയും പൊളിച്ച് ഗോളവസരങ്ങൾ നൽകാൻ കഴിവുള്ള ലയണൽ മെസി കൂടി കളിച്ചാലോ? ഇവർക്കൊപ്പം നിലവിലെ ഏറ്റവും മികച്ച മധ്യനിര താരം കൂടിയായ കെവിൻ ഡി ബ്രൂയ്ൻ കൂടി ഒരുമിക്കുമ്പോൾ തീ പാറില്ലേ? അതിനുള്ള സാധ്യതകൾ അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഉണ്ടാവുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫിഷാജെസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസിയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിക്ക് താൽപര്യമുണ്ട്. ഗോളടിക്കാനും അടിപ്പിക്കാനും ഒരുപോലെ കഴിവുള്ള ലയണൽ മെസിയെയും യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായ എർലിങ് ബ്രൂട്ട് ഹാലൻഡിനെയും ഒരുമിച്ചു കളിപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള ആഗ്രഹിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മെസിയും ഗ്വാർഡിയോളയും മുൻപ് ബാഴ്‌സലോണയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

2021 സമ്മർ ജാലകത്തിൽ ബാഴ്‌സ വിട്ട മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്കായിരുന്നു ചേക്കേറാൻ സാധ്യതയുണ്ടായിരുന്നത്. എന്നാൽ അതിനു തൊട്ടു മുൻപാണ് 100 മില്യൺ യൂറോയുടെ ട്രാൻസ്‌ഫറിൽ ആസ്റ്റൺ വില്ലയിൽ നിന്നും ജാക്ക് ഗ്രീലീഷിനെ സിറ്റി സ്വന്തമാക്കുന്നതും പത്താം നമ്പർ ജേഴ്‌സി താരത്തിനായി നൽകുന്നതും. അതുകൊണ്ട് മെസിയെ സ്വന്തമാക്കാനുള്ള അവസരം സിറ്റി വേണ്ടെന്നു വെക്കുകയായിരുന്നു. തുടർന്ന് അർജന്റീനിയൻ താരം ഫ്രീ ഏജന്റായി പിഎസ്‌ജിയിലേക്ക് ചേക്കേറി. ഈ സീസണിൽ ഫ്രഞ്ച് ക്ലബിനൊപ്പം തകർപ്പൻ പ്രകടനമാണ് മെസി നടത്തുന്നത്.

അതേസമയം ലയണൽ മെസിയെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ സിറ്റിയെ നീക്കത്തെ വെല്ലുവിളിക്കാൻ പ്രീമിയർ ലീഗ് ക്ലബായ ചെൽസിയും രംഗത്തുണ്ട്. നാപ്പോളി താരമായ ക്വിച്ച കാവാരാഹീല്യയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് താൽപര്യമുണ്ട്. അങ്ങിനെയാണെങ്കിൽ ആ അവസരം മുതലെടുത്ത് അർജന്റീനിയൻ താരത്തെ സ്വന്തമാക്കാമെന്നാണ് ചെൽസി പ്രതീക്ഷിക്കുന്നത്. അതേസമയം ഈ സീസണോടെ കരാർ അവസാനിക്കുന്ന ലയണൽ മെസിയുമായി കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്‌ജി നടത്തുന്നുണ്ട്.