“കേരള ബ്ലാസ്റ്റേഴ്‌സ് വിജയം അർഹിച്ചിരുന്നില്ല”- മുംബൈ സിറ്റിക്കെതിരായ തോൽ‌വിയിൽ പ്രതികരിച്ച് പരിശീലകൻ

കൊച്ചിയിൽ മുംബൈ സിറ്റിക്കെതിരെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം അർഹിച്ചിരുന്നില്ലെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായ മൂന്നാമത്തെ തോൽവി വഴങ്ങിയത്. ഇരുപത്തിയൊന്നാം മിനുട്ടിൽ മെഹ്താബ് സിങ്ങും പത്ത് മിനുട്ടിനു ശേഷം മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ജോർജ് പെരേര ഡയാസുമാണ് മുംബൈ സിറ്റിക്കായി ഗോളുകൾ നേടിയത്.

ആദ്യപകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മത്സരത്തിൽ ചുവടുറപ്പിക്കാനേ കഴിഞ്ഞിരുന്നില്ല. രണ്ടാം പകുതിയിൽ ടീം തിരിച്ചു വരാനുള്ള ശ്രമങ്ങൾ നടത്തി മികച്ച പ്രകടനം നടത്തിയെങ്കിലും സ്വന്തം കാണികളുടെ മുന്നിൽ ഒരു ഗോൾ പോലും നേടാൻ അവർക്ക് കഴിഞ്ഞില്ല. മത്സരത്തിന്റെ ആദ്യ പകുതി തനിക്ക് വളരെയധികം നിരാശ സമ്മാനിച്ചുവെന്നും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഉണർന്നു കളിച്ചില്ലെന്നും പറഞ്ഞ വുകോമനോവിച്ച് അതുകൊണ്ടു തന്നെയാണ് ടീം വിജയം അർഹിക്കുന്നില്ലെന്നു പറഞ്ഞത്.

“ഡുവൽസിലും സെക്കൻഡ് ബോൾ വിജയിക്കുന്നതിലും പരാജയമായ ടീം ആദ്യ പകുതിയിൽ എന്നെ നിരാശരാക്കിയിരുന്നു. എന്നാൽ സെക്കൻഡ് ഹാഫ് ഭേദമായിരുന്നു. ഹാഫ് ടൈമിൽ ടീമിനെ ഉണർത്തുന്നതിനായി ചിലത് ചെയ്യണം. ഏതു രീതിയിലാണ് ഞങ്ങൾ കളിക്കേണ്ടതെന്നും, എതിർടീമിനു മേൽ സമ്മർദ്ദം ചെലുത്തേണ്ടതെന്നും അവസരങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടതെന്നും മനസ്സിലായിരുന്നു.”

“അതിനു ശേഷം നല്ല ചില സന്ദർഭങ്ങളുണ്ടായത് എന്നെ സന്തോഷിപ്പിച്ചു. ദൗർഭാഗ്യം എന്നൊക്കെ പറയാമെങ്കിലും ഫുട്ബോളിൽ നമ്മൾ അർഹിക്കുന്നതെ തേടിയെത്തൂ. അതുകൊണ്ടു തന്നെ ആദ്യപകുതിയിലെ പ്രകടനം നോക്കുമ്പോൾ ഞങ്ങൾ വിജയം അർഹിച്ചിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിലെ ടീമിന്റെ പ്രകടനം പോസിറ്റിവ് മനോഭാവം ഉണ്ടാക്കിയെടുക്കാൻ സഹായിച്ചിട്ടുണ്ട്.” മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ വുകോമനോവിച്ച് പറഞ്ഞു.

മത്സരത്തിൽ തോൽവി നേരിട്ടതോടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നില കൂടുതൽ പരുങ്ങലിലായിട്ടുണ്ട്. നാല് മത്സരങ്ങളിൽ നിന്നും വെറും മൂന്നു പോയിന്റ് മാത്രം നേടി ടീമിപ്പോൾ ഒൻപതാം സ്ഥാനത്താണ്. മറ്റൊരു മോശം സീസനാണോ ടീമിനെ കാത്തിരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.