ആഴ്സനലിന്റെ കുതിപ്പിൽ പണി കിട്ടി, വിചിത്രമായ തീരുമാനവുമായി മാഞ്ചസ്റ്റർ സിറ്റി
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ അപ്രമാദിത്വം ഇത്തവണ അവസാനിപ്പിക്കാൻ ഉറപ്പിച്ചു തന്നെയാണ് ആഴ്സനലിനെ കുതിപ്പെന്നാണ് കരുതേണ്ടത്. ലോകകപ്പ് ബ്രെക്കിനു പിരിയുമ്പോൾ പതിനാലു മത്സരങ്ങളാണ് പ്രീമിയർ ലീഗിൽ ഓരോ ടീമുകളും കളിച്ചിട്ടുള്ളത്. ഇനി ഇരുപത്തിനാല് മത്സരങ്ങൾ പൂർത്തിയാകാനിരിക്കെ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ അഞ്ചു പോയിന്റ് മുന്നിലെത്താൻ ഗണ്ണേഴ്സിന് കഴിഞ്ഞിട്ടുണ്ട്.
അതേസമയം ആഴ്സനലിന്റെ ഈ കുതിപ്പ് മാഞ്ചസ്റ്റർ സിറ്റിയെക്കൊണ്ട് വിചിത്രമായ ഒരു തീരുമാനം എടുപ്പിച്ചുവെന്നാണ് ഫുട്ബോൾ ഇൻസൈഡർ റിപ്പോർട്ടു ചെയ്യുന്നത്. ഇനി മുതൽ പ്രീമിയർ ലീഗ് ക്ലബുകളിലേക്ക്, പ്രത്യേകിച്ചും ആഴ്സണലിന് തങ്ങളുടെ ഫസ്റ്റ് ടീം താരങ്ങളെ വിൽക്കേണ്ടെന്ന തീരുമാനമാണ് മാഞ്ചസ്റ്റർ സിറ്റി എടുത്തിരിക്കുന്നത്.
Manchester City to stop selling first-team players to Premier League club ❌ pic.twitter.com/UQJwkPIPoN
— SPORTbible (@sportbible) November 19, 2022
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന താരങ്ങളായ ഗബ്രിയേൽ ജീസസ്, ഓലക്സാണ്ടർ സിൻചെങ്കോ എന്നിവർ ആഴ്സണൽ ടീമിലേക്ക് ചേക്കേറിയിരുന്നു. ആഴ്സനലിന്റെ കുതിപ്പിൽ ഈ താരങ്ങൾ നിർണായകമായ പങ്കു വഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഫസ്റ്റ് ടീം താരങ്ങളെ പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് വിൽക്കേണ്ടെന്ന തീരുമാനം പെപ് എടുത്തത്.
ആഴ്സണൽ പരിശീലകൻ മൈക്കൽ അർടെട്ട പെപ് ഗ്വാർഡിയോളയുടെ അസിസ്റ്റന്റായി മാഞ്ചസ്റ്റർ സിറ്റിയിൽ ഉണ്ടായിരുന്ന വ്യക്തിയാണ്. മാഞ്ചസ്റ്റർ സിറ്റിയിൽ തന്റെ കീഴിൽ ഉണ്ടായിരുന്ന താരങ്ങളെ എളുപ്പത്തിൽ ഉപയോഗപ്പെടുത്താൻ സ്പാനിഷ് പരിശീലകന് കഴിയുമെന്നതും ഗ്വാർഡിയോളയുടെ തീരുമാനത്തിനു പിന്നിലെ കാരണമായിട്ടുണ്ടാകാം.