റൊണാൾഡോയുടെ ഒരു റെക്കോർഡ് കൂടി മെസിക്കു സ്വന്തം, രണ്ടു റെക്കോർഡുകൾ ഉടനെ തകർക്കും

ഫ്രഞ്ച് ലീഗിൽ മോണ്ട്പെല്ലിയറിനെതിരെ നടന്ന മത്സരത്തിൽ വിജയം നേടിയ പിഎസ്‌ജിക്കു വേണ്ടി ലയണൽ മെസിയും ഗോൾ നേടിയിരുന്നു. മത്സരത്തിന്റെ എഴുപത്തിരണ്ടാം മിനുട്ടിൽ ഫാബിയൻ റൂയിസിന്റെ മനോഹരമായൊരു ത്രൂ പാസ് പിടിച്ചെടുത്ത് അസാമാന്യമായ മെയ്‌വഴക്കത്തോടെയാണ് മെസി ലോകകപ്പിനു ശേഷം ക്ലബ് ജേഴ്‌സിയിൽ തന്റെ രണ്ടാമത്തെ ഗോൾ കുറിച്ചത്. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു റെക്കോർഡും താരം സ്വന്തമാക്കി.

യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ ടീമുകൾക്കെതിരെ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റൊണാൾഡോയുടെ റെക്കോർഡാണ് ഇന്നലെത്തെ മത്സരത്തോടെ ലയണൽ മെസി സ്വന്തമാക്കിയത്. റൊണാൾഡോ 696 ഗോളുകൾ നേടിയപ്പോൾ മെസി ഇന്നലത്തോടെ 697 ഗോളുകളുമായി റൊണാൾഡോയുടെ റെക്കോർഡ് തന്റെ പേരിലാക്കി. സൗദി അറേബ്യൻ ക്ലബ്ബിലേക്ക് ചേക്കേറിയ റൊണാൾഡോ ഈ റെക്കോർഡ് ഇനി മറികടക്കാൻ യാതൊരു സാധ്യതയുമില്ല.

ഇതിനു പുറമെ റൊണാൾഡോയുടെ മറ്റു രണ്ടു റെക്കോർഡുകൾ കൂടി മെസി തകർക്കാൻ ഒരുങ്ങുകയാണ്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റൊണാൾഡോയുടെ റെക്കോർഡിനാണ് മെസി ഭീഷണി ഉയർത്തുന്നത്. റൊണാൾഡോ 495 ഗോളുകൾ ടോപ് ഫൈവ് ലീഗുകളിൽ നേടിയപ്പോൾ മെസിയുടെ പേരിൽ 489 ഗോളുകളാണുള്ളത്. ഏഴു ഗോളുകൾ കൂടി ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ നേടിയാൽ റൊണാൾഡോയുടെ റെക്കോർഡ് പഴങ്കഥയാകും.

ഇതിനു പുറമെ ക്ലബിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റൊണാൾഡോയുടെ റെക്കോർഡിന്റെയും അരികിൽ നിൽക്കുകയാണ് ലയണൽ മെസി. റൊണാൾഡോയുടെ പേരിൽ 701 ഗോളുകളുള്ളപ്പോൾ മെസി 697 ഗോളുകളുമായി തൊട്ടു പിന്നിൽ തന്നെയുണ്ട്. റൊണാൾഡോയെക്കാൾ കുറവ് മത്സരങ്ങൾ കളിച്ചാണ് മെസി ഈ റെക്കോർഡ് സ്വന്തമാക്കിയത്. എന്നാൽ ഈ റെക്കോർഡിന്റെ കാര്യത്തിൽ സൗദി ക്ലബിനായി ഗോൾ നേടിയാൽ റൊണാൾഡോക്ക് മെസിയുമായുള്ള അകലം വർധിപ്പിക്കാൻ കഴിയും.