വിമർശകരുടെ വായടപ്പിച്ച് ബ്രസീലിയൻ താരം റഫിന്യ, ബാഴ്‌സലോണയുടെ ഭാവിയെന്ന് സാവി

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ വിടുമെന്ന് ഏവരും പ്രതീക്ഷിച്ച താരമാണ് റഫിന്യ. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലീഡ്‌സ് യുണൈറ്റഡിൽ നിന്നും അൻപത്തിയഞ്ചു മില്യൺ യൂറോയിലധികം നൽകി ബാഴ്‌സലോണ സ്വന്തമാക്കിയ താരത്തിന് പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്താൻ കഴിഞ്ഞില്ലെന്ന കാരണത്താൽ ധാരാളം വിമർശനങ്ങൾ ഉയർന്നപ്പോഴാണ് വിൽക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം റയൽ ബെറ്റിസിനെതിരെ നടന്ന ലീഗ് മത്സരത്തിൽ ഗോൾ നേടിയതോടെ വിമർശനങ്ങൾക്കെല്ലാം ശക്തമായ മറുപടിയാണ് റഫിന്യ നൽകുന്നത്. ഇതോടെ 2023ൽ ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ ലാ ലിഗ താരമായി റഫിന്യ മാറി. 2023 വർഷം ആരംഭിച്ചതിനു ശേഷം മൂന്നു ഗോളുകളും മൂന്ന് അസിസ്റ്റുമാണ് താരം സ്വന്തമാക്കിയത്. തന്നിൽ നിന്നും ബാഴ്‌സലോണക്ക് കൂടുതൽ പ്രതീക്ഷിക്കാൻ കഴിയുമെന്നു തന്നെയാണ് താരം ഇതിലൂടെ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനു ശേഷം ബാഴ്‌സലോണ പരിശീലകൻ സാവിയും റഫിന്യ ടീമിൽ ചെലുത്തുന്ന സ്വാധീനത്തെ പ്രശംസിച്ചു. ബ്രസീലിയൻ താരം ക്ലബ് വിടാനുള്ള സാധ്യതകളെ പൂർണമായും തള്ളിക്കളഞ്ഞാണ് ബാഴ്‌സലോണ മാനേജർ സംസാരിച്ചത്. “റാഫിന്യയെ ഞങ്ങൾ എല്ലായിപ്പോഴും പിന്തുണക്കുന്നുണ്ട്. താരം ബാഴ്‌സലോണയുടെ ഭാവിയാണ്. നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങിയെങ്കിലും ടീമിനായി ഒരുപാട് കാര്യങ്ങൾ ചെയ്‌ത താരത്തെ ഞങ്ങൾ വിലമതിക്കുന്നു.” സാവി പറഞ്ഞു.

ബാഴ്‌സലോണക്കായി ഈ സീസണിൽ അഞ്ചു ഗോളുകളും ഏഴ് അസിസ്റ്റുമാണ് ഇരുപത്തിയെട്ടു മത്സരങ്ങളിൽ നിന്നും റാഫിന്യ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ താരം കളിച്ച 18 ലീഗ് മത്സരങ്ങളിൽ പത്തെണ്ണത്തിൽ മാത്രമാണ് ആദ്യ ഇലവനിൽ ഉണ്ടായിട്ടുള്ളത്. ഒസ്മാനെ ഡെംബലെ പരിക്കേറ്റു പുറത്തിരിക്കുന്ന സാഹചര്യത്തിൽ ബാഴ്‌സലോണയുടെ മുന്നേറ്റനിരയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ താരത്തിനുണ്ട്. അത് മനസിലാക്കി മികച്ച പ്രകടനം താരം ആവർത്തിക്കുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.