വരാനെ ഫ്രാൻസ് ടീമിൽ നിന്നും വിരമിക്കാനുള്ള കാരണങ്ങളിതാണ്, എംബാപ്പെ അടുത്ത നായകനായേക്കും

ഫുട്ബോൾ ആരാധകരെ തന്നെ ഞെട്ടിച്ച തീരുമാനത്തിൽ ഫ്രാൻസ് ഫുട്ബോൾ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് പ്രതിരോധതാരം റാഫേൽ വരാനെ. സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായ വരാനെ തന്റെ ഇരുപത്തിയൊമ്പതാം വയസിലാണ് ദേശീയ ടീമിൽ നിന്നും പിൻവാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ് വരാനെ.

“പത്തു വർഷത്തോളം ഈ മഹത്തായ രാജ്യത്തിനു വേണ്ടി കളിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. അതെനിക്ക് ജീവിതത്തിൽ തന്നെ ഏറ്റവും അഭിമാനം നൽകുന്ന കാര്യമാണ്. ഈ നീല ജേഴ്‌സി ഓരോ തവണ അണിയുമ്പോഴും അതെനിക്ക് വളരെയധികം അഭിമാനം നൽകുന്നു.” വിരമിക്കൽ പ്രഖ്യാപിച്ച് തന്റെ സോഷ്യൽ മീഡിയ വഴി നൽകിയ സന്ദേശത്തിൽ ഫ്രാൻസിനായി 2018 ലോകകപ്പ് നേടിയിട്ടുള്ള റാഫേൽ വരാനെ പറഞ്ഞു.

ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെ തുടർന്നാണ് വരാനെ ദേശീയ ടീമിൽ നിന്നും വിരമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പരിക്കുകൾ അടിക്കടി പറ്റിയിരുന്ന താരത്തിന് ഈ സീസണിൽ അതിൽ നിന്നും മുക്തി നേടാൻ പെട്ടന്ന് കഴിഞ്ഞിരുന്നില്ല. എങ്കിലും ലോകകപ്പിൽ കളിച്ച് ടീമിനെ ഫൈനലിൽ എത്തിക്കാനായി. ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് തോൽവി വഴങ്ങിയതും വരാനെയെ ബാധിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് വരാനെ ഇപ്പോൾ താൽപര്യപ്പെടുന്നത്.

ക്ലബിനും ദേശീയടീമിനുമായി സാധ്യമായ നേട്ടങ്ങളിൽ ഭൂരിഭാഗവും നേടിയിട്ടുള്ള വരാനെയും പുറത്തു പോകുന്നതോടെ ഫ്രാൻസ് ടീമിന് പുതിയ നായകനെ തീരുമാനിക്കേണ്ടി വരും. വരാനെക്ക് മുൻപ് ഹ്യൂഗോ ലോറിസ്, ബെൻസിമ, മാൻഡൻഡ എന്നിവരും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എംബാപ്പെ, ഗ്രീസ്‌മൻ, ഒലിവർ ജിറൂദ്, കിംപെംബെ എന്നിവർക്കാണ് ഫ്രാൻസ് ടീമിന്റെ അടുത്ത നായകനാവാൻ സാധ്യത കൂടുതൽ.