രണ്ടു പ്രധാന താരങ്ങൾ ഉണ്ടാകില്ല, പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിർണായക മത്സരം ഇന്ന്

ഇന്ത്യൻ സൂപ്പർലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാൾ എഫ്സിയും തമ്മിലുള്ള പോരാട്ടം നടക്കാനിരിക്കെ കൊമ്പന്മാരെ സംബന്ധിച്ച് പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിർണായക മത്സരങ്ങളിൽ ഒന്നാണിത്. നിലവിൽ പതിനഞ്ചു മത്സരങ്ങൾ കളിച്ച് 28 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്നിൽ 27 പോയിന്റുള്ള മോഹൻ ബഗാനുണ്ട്. 16 മത്സരങ്ങളിൽ നിന്നും 26 പോയിന്റുള്ള ഗോവയുമായുള്ള അകലം വർധിപ്പിക്കാൻ ഇന്നത്തെ മത്സരം വിജയിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് കഴിയും.

അതേസമയം ഈസ്റ്റ് ബംഗാളിനെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് രണ്ടു പ്രധാന താരങ്ങളുടെ അഭാവം നേരിടേണ്ടി വരുമെന്നുറപ്പായി. ഗോൾകീപ്പറായ പ്രഭ്സുഖാൻ ഗിൽ, കഴിഞ്ഞ ഏതാനും മത്സരങ്ങളായി ടീമിന് പുറത്തിരിക്കുന്ന പ്രതിരോധതാരം മാർകോ ലെസ്കോവിച്ച് എന്നിവരാണ് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ നിന്നും പുറത്തായത്. ഇനിയുള്ള ഓരോ മത്സരങ്ങളും പ്ലേ ഓഫിൽ നിർണായകമാണെന്നിരിക്കെ ഈ താരങ്ങളുടെ അഭാവം ടീമിന് തിരിച്ചടി തന്നെയാണ്.

“ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ ലെസ്‌കോവിച്ച് കളിക്കില്ല. താരത്തിന്റെ പരിക്ക് വർധിച്ച് കൂടുതൽ സമയം പുറത്തിരിക്കേണ്ടി വരുന്നത് ഒട്ടും നല്ല കാര്യമല്ല. അതുകൊണ്ടു തന്നെ പൂർണമായും പരിക്ക് ഭേദമാകാനാണ് താരത്തിനെ അടുത്ത മത്സരത്തിലും പുറത്തിരുത്തുന്നത്.” പരിശീലകൻ പറഞ്ഞു. ഇതിനു മുൻപ് മുംബൈ സിറ്റി, ഗോവ, നോർത്ത്ഈസ്റ്റ് എന്നിവർക്കെതിരായ മത്സരങ്ങൾ ലെസ്‌കോവിച്ചിന് നഷ്‌ടമായിരുന്നു. ഇതിൽ രണ്ടിലും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങുകയും ചെയ്‌തു.

പനിയും ജലദോഷവും കാരണമാണ് ഗോൾകീപ്പറായ ഗില്ലിനു മത്സരം നഷ്‌ടമാകുന്നത്. ഈസ്റ്റ് ബംഗാളിനെതിരെ സീസണിലെ ആദ്യത്തെ മത്സരം കളിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം സ്വന്തമാക്കിയിരുന്നു. എതിരാളികളുടെ മൈതാനത്തും അതാവർത്തിക്കാൻ കഴിയുമെന്നു തന്നെയായിരിക്കും ടീമിന്റെ പ്രതീക്ഷ. ഇനിയുള്ള അഞ്ചു മത്സരങ്ങളിൽ നിന്നും ഏഴു പോയിന്റെങ്കിലും നേടിയാലേ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് ഉറപ്പിക്കാൻ കഴിയൂ.