അർജന്റീനയിലുള്ളതെല്ലാം ബാഴ്‌സലോണയിൽ എത്തിക്കണം, മെസിയുടെ വെളിപ്പെടുത്തൽ

ഖത്തർ ലോകകപ്പിനു പിന്നാലെ ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും അത് സംഭവിച്ചിട്ടില്ല. അതിനിടയിൽ ലയണൽ മെസി കരാർ പുതുക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറിയെന്നും അടുത്ത സമ്മറിൽ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും പുറത്തു വന്നു. എന്തായാലും ഇതുവരെയും പിഎസ്‌ജി കരാർ പുതുക്കുന്നതിനെ കുറിച്ച് മെസി യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് വിവരങ്ങൾ.

ലയണൽ മെസി കരാർ പുതുക്കില്ലെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നതോടെ താരം ബാഴ്‌സയിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷകളും ഉണ്ടായി. ബാഴ്‌സലോണ ആരാധകർ എല്ലാവരും താരത്തിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അതിനിടയിൽ കഴിഞ്ഞ ദിവസം അർജന്റീനിയൻ മാധ്യമം ഡയറിയോ ഒലെക്ക് മെസി നൽകിയ അഭിമുഖത്തിൽ മെസി ബാഴ്‌സയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആരാധകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്.

“ലോകകപ്പ് ഫൈനലിൽ ഞാൻ അണിഞ്ഞിരുന്ന എല്ലാം സൂക്ഷിച്ചിട്ടുണ്ട്. അതെല്ലാം അർജന്റീന ഫുട്ബോൾ ഫെഡറേഷന്റെ സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ട്. മാർച്ചിൽ അതെല്ലാം ഞാൻ ബാഴ്‌സലോണയിലേക്ക് കൊണ്ടു വരും. എന്റെ സാധനങ്ങളും ഓർമകളും എല്ലാം അവിടെയാണ്. കരിയർ അവസാനിച്ചതിനു ശേഷം ബാഴ്‌സലോണയിൽ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ വീടതാണ്.” ലയണൽ മെസി കഴിഞ്ഞ ദിവസം പറഞ്ഞു.

അർജന്റീനയിൽ നിന്നും വളരെ ചെറുപ്പത്തിൽ തന്നെ ബാഴ്‌സലോണയിലെത്തി അവിടെ ഇത്രയും കാലം ചിലവഴിച്ച മെസിക്ക് ആ നഗരത്തോട് വളരെയധികം സ്നേഹമുണ്ടെന്നതിൽ സംശയമില്ല. ബാഴ്‌സലോണയിൽ മെസിക്ക് ലഭിച്ചിരുന്ന മൂല്യം പിഎസ്‌ജിയിൽ താരത്തിന് ലഭിക്കുന്നില്ലെന്നതും സത്യമാണ്. അതുകൊണ്ടു തന്നെ താരം ക്ലബ്ബിലേക്ക് തിരിച്ചു വരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല, എന്നാൽ അതിനുള്ള തുക മുടക്കാൻ ബാഴ്‌സയ്ക്ക് കഴിയുമോയെന്നതാണ് പ്രതിസന്ധി.