“ഞാൻ ആഗ്രഹിക്കാത്ത, ഇഷ്‌ടപ്പെടാത്ത കാര്യമാണത്”- ലോകകപ്പ് വിജയത്തിനു ശേഷം പിഎസ്‌ജിയിൽ ലഭിച്ച സ്വീകരണത്തെക്കുറിച്ച് മെസി

ഖത്തർ ലോകകപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ച മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറി. ലോകകപ്പിലെ നിരവധി റെക്കോർഡുകൾ തകർത്തു കൊണ്ട് കിരീടം സ്വന്തമാക്കിയ മെസി ഇനി തന്റെ കരിയറിൽ നേടാൻ പ്രധാന കിരീടങ്ങളൊന്നും ബാക്കിയില്ല. ക്ലബ് തലത്തിലും ദേശീയതലത്തിലും സാധ്യമായ എല്ലാ പ്രധാന കിരീടങ്ങളും മെസി സ്വന്തം പേരിലാക്കിയിട്ടുണ്ട്.

ഇത്രയും ചരിത്രപരമായ നേട്ടം സ്വന്തമാക്കിയിട്ടും ലയണൽ മെസിക്ക് വളരെ ചെറിയൊരു സ്വീകരണം മാത്രമാണ് താരത്തിന്റെ ക്ലബായ പിഎസ്‌ജി നൽകിയത്. ലോകകപ്പിൽ അർജന്റീന കിരീടം നേടിയത് ഫ്രാൻസിനെ കീഴടക്കിയിട്ടായിരുന്നു എന്നതിനാൽ മെസിക്ക് സ്വീകരണം നൽകിയാലുള്ള ആരാധകരോഷം ഭയന്നാണ് അതു ചെയ്‌തത്‌. എന്നാൽ ട്രെയിനിങ് ഗ്രൗണ്ടിൽ വെച്ച് നൽകിയ ചെറിയ സ്വീകരണം പോലും തനിക്ക് ആവശ്യമില്ലായിരുന്നുവെന്നാണ് മെസി പറയുന്നത്.

“ഇതുപോലെയുള്ള കാര്യങ്ങൾ എനിക്കിഷ്‌ടമല്ല. എന്നാൽ അതൊരു രസകരമായ കാര്യമായിരുന്നു എന്നതിനാൽ തന്നെ ഞാനതിനെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. മറ്റു താരങ്ങളുടെ നടുവിൽ നിൽക്കേണ്ടി വന്നതിലും എന്നെ അങ്ങനെ സ്വീകരിച്ചതിലും നാണക്കേട് തോന്നി. എന്നാൽ പാരീസിലുള്ള എല്ലാവരുടെയും ആദരവ് ലഭിച്ചതിൽ സന്തോഷം തോന്നി.” അർജന്റീന മാധ്യമം ഒലെയോട് സംസാരിക്കുമ്പോൾ മെസി പറഞ്ഞു.

ട്രെയിനിങ് ഗ്രൗണ്ടിൽ വെച്ച് പിഎസ്‌ജിയിലെ എല്ലാ താരങ്ങളും ചേർന്ന് മെസിക്ക് ഗാർഡ് ഓഫ് ഓണറും ചെറിയ ഉപഹാരവും നൽകിയാണ് താരത്തെ സ്വീകരിച്ചത്. മെസിയെപ്പോലൊരു താരത്തിന് ഇത്രയും ചെറിയ സ്വീകരണം നൽകിയതിൽ ആരാധകർക്ക് അതൃപ്‌തിയുണ്ട്. അതേസമയം തനിക്ക് വലിയ രീതിയിൽ സ്വീകരണം നൽകാൻ മെസി ആവശ്യപ്പെട്ടുവെന്ന അഭ്യൂഹങ്ങളെ തള്ളുന്നതാണ് മെസിയുടെ വെളിപ്പെടുത്തൽ.