എംബാപ്പയുടെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്, താരവുമായി നല്ല ബന്ധം തുടരുന്നുവെന്ന് മെസി

ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീന കിരീടം നേടിയെങ്കിലും മത്സരത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഹാട്രിക്ക് നേട്ടം കുറിച്ച എംബാപ്പെക്ക് കഴിഞ്ഞിരുന്നു. മത്സരത്തിനു ശേഷം അർജന്റീന താരങ്ങളുടെ കളിയാക്കലുകളും എംബാപ്പെക്കു നേരെയുണ്ടായിരുന്നു. ഇതോടെ പിഎസ്‌ജി താരങ്ങളായ ലയണൽ മെസിയുടെയും എംബാപ്പെയുടെയും ബന്ധത്തിന് ഉലച്ചിൽ തട്ടിയെന്ന അഭ്യൂഹങ്ങളും പുറത്തു വരികയുണ്ടായി.

എന്നാൽ താരവുമായി യാതൊരു പ്രശ്‌നവുമില്ലെന്നും ലോകകപ്പിനു ശേഷം അതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നുമാണ് ലയണൽ മെസി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ലോകകപ്പ് ഫൈനൽ തോൽക്കുന്ന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നതിനാൽ എംബാപ്പയോട് അതേക്കുറിച്ച് കൂടുതൽ സംസാരിക്കാൻ താൽപര്യമില്ലെന്നും മെസി 2014 ലോകകപ്പ് ഫൈനലിൽ ജര്മനിയോട് വഴങ്ങിയ തോൽവിയെ ചൂണ്ടിക്കാട്ടി പറഞ്ഞു.

“അതെ, ഞങ്ങൾ ഫൈനൽ മത്സരത്തെക്കുറിച്ച് പറഞ്ഞു, അർജന്റീനയിലെ ആളുകൾ എങ്ങിനെയാണ് ഈ വിജയം ആഘോഷിച്ചത് എന്നതിനെക്കുറിച്ചും ഞാൻ അവധി ദിവസങ്ങളിൽ ഞാൻ പങ്കെടുത്ത പരിപാടികളെക്കുറിച്ചുമെല്ലാം ഞങ്ങൾ സംസാരിക്കുകയുണ്ടായി. അതിൽ കൂടുതൽ യാതൊന്നുമില്ല. പക്ഷെ ഞങ്ങൾക്കിടയിലെ ബന്ധം വളരെ നല്ല രീതിയിൽ തന്നെയാണുള്ളത്.” ലയണൽ മെസി ഒലെയോട് പറഞ്ഞു.

“ഞാനും അതെ അവസ്ഥയിൽ നിന്നിട്ടുണ്ട്, ഞാനൊരു ലോകകപ്പ് ഫൈനലിൽ തോൽവി വഴങ്ങിയപ്പോൾ എനിക്കതേക്കുറിച്ച് പിന്നീടൊന്നും അറിയാൻ താൽപര്യമില്ലായിരുന്നു. ലോകകപ്പിനെ കുറിച്ചുള്ള ചിന്ത പോലും എനിക്കില്ലായിരുന്നു. അതുകൊണ്ടണ് മറ്റുള്ളവരുമായി അത് സംസാരിക്കാൻ ഞാൻ തയ്യാറാവാതിരുന്നത്. എന്നാൽ കിലിയൻ നേരെ വിപരീതമാണ്, യാതൊരു കുഴപ്പവുമില്ല ഞങ്ങൾക്കിടയിൽ.” മെസി വ്യക്തമാക്കി.