ആരാധകൻ കാരണം ശ്രദ്ധ നഷ്‌ടമായി, റോഡപകടത്തിൽ നിന്നും കഷ്‌ടിച്ചു രക്ഷപ്പെട്ട് ലയണൽ മെസി | Messi

എംഎൽഎസ് ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറാനിരിക്കുന്ന ലയണൽ മെസി നിലവിൽ അമേരിക്കയിലാണുള്ളത്. ഏതാനും ദിവസങ്ങളായി അമേരിക്കയിലെ മെസിയുടെ ജീവിതവുമായി ബന്ധപ്പെട്ട പല വീഡിയോസും ഫോട്ടോകളും പുറത്തു വരികയും ചെയ്‌തിട്ടുണ്ട്‌. അതിനിടെ അമേരിക്കയിൽ വെച്ച് ഒരു റോഡപകടത്തിൽ നിന്നും ലയണൽ മെസി കഷ്‌ടിച്ച് രക്ഷപ്പെട്ടുവെന്ന വാർത്തകളും ദൃശ്യങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.

ഫ്ലോറിഡയിലെ ഫോർട്ട് ലോഡാർഡയിലിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നതെന്നാണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്. ട്രാഫിക്കിൽ റെഡ് സിഗ്നൽ കത്തിയിട്ടും ലയണൽ മെസി ഉണ്ടായിരുന്ന കാർ മുന്നോട്ടെടുത്തു പോവുകയായിരുന്നു. ഈ സമയം മറ്റു ദിശകളിൽ നിന്നും വാഹനങ്ങൾ വന്നെങ്കിലും അവക്കൊന്നും കാര്യമായി വേഗത ഇല്ലാതിരുന്നതിനാൽ മെസി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

ലയണൽ മെസിയും ഒപ്പമുണ്ടായിരുന്ന വാഹനങ്ങളും കടന്നു പോകുന്നതിനിടെ ഒരു ആരാധകൻ റോഡിലേക്ക് വല്ലാതെ ഇറങ്ങിനിന്ന് ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ചിരുന്നു. ഇതിൽ ശ്രദ്ധ പോയതാണ് റെഡ് സിഗ്നൽ ശ്രദ്ധിക്കാതിരിക്കാൻ കാരണമെന്നാണ് അനുമാനം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ആ സമയത്ത് ഏതെങ്കിലും വാഹനം വേഗത്തിൽ വരാതിരുന്നത് ഭാഗ്യമായെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

അതേസമയം മെസി സഞ്ചരിച്ചിരുന്ന കാർ നിയമലംഘനം ഒന്നും നടത്തിയില്ലെന്നാണ് പോലീസ് പറയുന്നത്. മുൻപിലും പിന്നിലും ഉണ്ടായിരുന്ന പോലീസിന്റെ എസ്‌കോർട്ട് വാഹനം സൈറൺ മുഴക്കി പോയിരുന്നു എന്നതിനാൽ താരം സഞ്ചരിച്ച വാഹനത്തിനു റെഡ് സിഗ്നൽ ഉണ്ടെങ്കിലും മുന്നോട്ടു പോകാൻ അനുവാദം ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മെസിയാണോ വാഹനം ഓടിച്ചിരുന്നത് എന്ന് വ്യക്തമല്ല.

Messi Escaped From Road Accident In Miami