ആ ശത്രുത ക്രിസ്റ്റ്യാനോ റൊണാൾഡോ മറന്നിട്ടില്ല, ഡി മരിയ ട്രാൻസ്‌ഫറിൽ പ്രതികരിക്കാനില്ലെന്ന് താരം | Ronaldo

യുവന്റസ് കരാർ അവസാനിച്ചത് പുതുക്കാതെ ഫ്രീ ഏജന്റായി ക്ലബ് വിട്ട ഏഞ്ചൽ ഡി മരിയ പിന്നീട് അമേരിക്കൻ ലീഗ് ക്ലബായ ഇന്റർ മിയാമിയിൽ ലയണൽ മെസിക്കൊപ്പം ചേരുമെന്ന റിപ്പോർട്ടുകൾ വ്യാപകമായി വന്നെങ്കിലും താരം ബെൻഫിക്കയിലാണ് എത്തിയത്. യൂറോപ്യൻ ഫുട്ബോളിൽ തുടർന്ന് അടുത്ത വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന ടീമിനൊപ്പം പങ്കെടുക്കുകയാണ് ഏഞ്ചൽ ഡി മരിയ പ്രധാന ലക്ഷ്യമായി കണക്കാക്കുന്നത്.

യൂറോപ്പിൽ ഏഞ്ചൽ ഡി മരിയ ആദ്യമായി കളിച്ച ക്ലബ് കൂടിയാണ് ബെൻഫിക്ക. അതിനു ശേഷമാണ് താരം റയൽ മാഡ്രിഡിൽ എത്തുന്നത്. റയൽ മാഡ്രിഡ് ഡി മരിയക്കൊപ്പം കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ബെൻഫിക്കയുടെ പ്രധാന എതിരാളികളായ സ്പോർട്ടിങ് ലിസ്ബണിന്റെ താരമായിരുന്നു. കഴിഞ്ഞ ദിവസം ആ ഓർമ്മകൾ മനസ്സിൽ സൂക്ഷിച്ചു കൊണ്ടു തന്നെയാണ് ഏഞ്ചൽ ഡി മരിയ ബെൻഫിക്കയിലേക്ക് ചേക്കേറിയതിനെ കുറിച്ച് റൊണാൾഡോ പ്രതികരിച്ചത്.

മുൻ സഹതാരമായ ഏഞ്ചൽ ഡി മരിയ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിലേക്ക് വരുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് റൊണാൾഡോയോട് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ “അതിനെക്കുറിച്ച് ഞാൻ യാതൊരു കമന്റും ചെയ്യുന്നില്ല. സ്പോർട്ടിങ്ങിനെ കുറിച്ച് നിങ്ങൾ എന്തെങ്കിലും ചോദിച്ചാൽ ഞാൻ മറുപടി നൽകാം” എന്നാണു റൊണാൾഡോ പറഞ്ഞത്. തമാശരൂപത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മറുപടി നൽകിയത്.

ബെൻഫിക്കയും സ്പോർട്ടിങ് ലിസ്ബണും ഒരേ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ക്ലബുകളാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സ്പോർട്ടിങ് ലിസ്ബണിൽ നിന്നും ഓഫർ ഉണ്ടായിരുന്നെങ്കിലും താരം അത് പരിഗണിച്ചില്ല. അന്ന് ആ ട്രാൻസ്‌ഫറിനു ക്രിസ്റ്റ്യാനോ സമ്മതം മൂളിയിരുന്നെങ്കിൽ ഏഞ്ചൽ ഡി മരിയയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ വരുന്നത് ആരാധകർക്ക് കാണാൻ കഴിഞ്ഞെനെ.

Ronaldo Refused To Comment On Di Maria Transfer