മെസി ചുവപ്പുകാർഡ് അർഹിച്ചിരുന്നു, എംഎൽഎസ് റഫറിമാർ പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപണം | Messi

പിഎസ്‌ജി കരാർ അവസാനിച്ച് ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ ലയണൽ മെസി അമേരിക്കൻ ക്ലബിനായി കളിച്ച മൂന്നു മത്സരങ്ങളിലും മികച്ച പ്രകടനമാണ് നടത്തിയത്. മൂന്നു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മെസിയുടെ പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്റർ മിയാമി മൂന്നു മത്സരങ്ങളിലും വിജയവും സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയതോടെ ലീഗ് കപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാനും ഇന്റർ മിയാമിക്ക് കഴിഞ്ഞു.

ഇതിനു മുൻപ് നടന്ന മത്സരങ്ങളിൽ നിന്നും വ്യത്യസ്‌തമായിരുന്നു ഇന്നത്തെ മത്സരം. രണ്ടു ടീമുകളും തമ്മിൽ നിരവധി തവണ കൊമ്പുകോർത്തു. ലയണൽ മെസിയെ പൂട്ടാൻ ഒർലാൻഡോ സിറ്റി താരങ്ങൾ കടുത്ത അടവുകൾ പുറത്തെടുത്തപ്പോൾ നിരവധി മഞ്ഞക്കാർഡുകളാണ് റഫറി പുറത്തെടുത്തത്. തന്റെ നേരെയുള്ള ഫൗളുകൾക്ക് അതേ നാണയത്തിൽ തന്നെ പലപ്പോഴും തിരിച്ചു പ്രതികരിച്ച ലയണൽ മെസിക്കും മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിക്കുകയുണ്ടായി.

അതേസമയം ലയണൽ മെസി മത്സരത്തിൽ ചുവപ്പുകാർഡ് അർഹിച്ചിരുന്നുവെന്നാണ് മത്സരത്തിനു ശേഷം പലരും അഭിപ്രായപ്പെടുന്നത്. മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനുട്ടിലാണ് മെസിക്ക് ആദ്യത്തെ മഞ്ഞക്കാർഡ് ലഭിക്കുന്നത്. ഒർലാണ്ടോ സിറ്റിയുടെ ഗോൾ നേടിയ സെസാർ അരഹോയെ ഫൗൾ ചെയ്‌തു വീഴ്ത്തിയതിനാണ് മെസിക്ക് മഞ്ഞക്കാർഡ് ലഭിച്ചത്. അതിനു ശേഷം മെസി മറ്റൊരു ഫൗൾ കൂടി നടത്തിയെങ്കിലും റഫറിയത് കണ്ടില്ലെന്ന് നടിച്ചുവെന്ന് ആരാധകരിൽ ചിലർ പറയുന്നു.

സെസാർ അരഹോ തന്നെയാണ് രണ്ടാമതും മെസിയുടെ ഫൗളിനിരയായത്. ആ ഫൗൾ രണ്ടാമത്തെ യെല്ലോ കാർഡ് അർഹിക്കുന്നതാണെന്ന് പലരും വാദിക്കുന്നു. ഫൗൾ ചെയ്‌തതിനു മെസിക്ക് മഞ്ഞക്കാർഡ് നൽകാതിരുന്ന റഫറി അതിനു പിന്നാലെ മെസി ചെറുതായി ഫൗൾ ചെയ്യപ്പെട്ടതിന് അപ്പീൽ ചെയ്‌തപ്പോൾ തന്നെ അത് നൽകിയെന്നും ഇവർ പറയുന്നു. എംഎൽഎസ് റഫറിമാരും നേതൃത്വവും മെസിയെ പിന്തുണച്ചാണ് നിൽക്കുന്നതെന്നും അവർ ആരോപിക്കുന്നു.

ഇതിനു പുറമെ ഇന്റർ മിയാമി രണ്ടാം പകുതിയിൽ മുന്നിലെത്തിയ പെനാൽറ്റി ഗോളിലും വിവാദങ്ങൾ ഉയരുന്നുണ്ട്. ജോസഫ് മാർട്ടിനസിനെ ഒർലാണ്ടോ സിറ്റി താരം ബോക്‌സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്. എന്നാൽ അതൊരു സോഫ്റ്റ് ഫൗൾ ആയിരുന്നുവെന്നും പെനാൽറ്റി നൽകാൻ വകുപ്പില്ലെന്നും അർഹതയില്ലാതെയാണ് ഇന്റർ മിയാമിക്ക് പെനാൽറ്റി ലഭിച്ചതെന്നും ആരാധകർ പറയുന്നു.

Messi Escaped Second Yellow Against Orlando City