മെസി തഴഞ്ഞത് ചാമ്പ്യൻസ് ലീഗ് വീണ്ടുമുയർത്താനുള്ള അവസരം, യൂറോപ്പിൽ നിന്നും ഓഫർ നൽകിയത് കിടിലൻ ക്ലബുകൾ | Messi

ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള തീരുമാനം വെളിപ്പെടുത്തിയതിനു ശേഷം ലയണൽ മെസി പറഞ്ഞത് യൂറോപ്പിൽ നിന്നും ബാഴ്‌സലോണയെ കൂടാതെ ചില ക്ലബുകൾ തനിക്ക് ഓഫർ നൽകിയിരുന്നു എന്നാണു. എന്നാൽ ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള ആഗ്രഹം ഉണ്ടായിരുന്ന താരം അത് നടക്കില്ലെന്ന് വ്യക്തമായതോടെ അമേരിക്കൻ ലീഗിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയുമായിരുന്നു.

എന്നാൽ യൂറോപ്പിൽ നിന്നുള്ള ഓഫറുകൾ മെസി പരിഗണിക്കണമായിരുന്നു എന്നാണ് ആരാധകർ ഇപ്പോൾ കരുതുന്നുണ്ടാവുക. റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിക്ക് ഓഫർ നൽകിയ യൂറോപ്പിൽ നിന്നുള്ള ക്ലബുകൾ ന്യൂകാസിൽ യുണൈറ്റഡും ഇന്റർ മിലാനുമാണ്. ഈ രണ്ടു ക്ലബുകളിലേക്ക് ചേക്കേറിയാലും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള കിരീടങ്ങൾ നേടാൻ താരത്തിന് അവസരമുണ്ടായിരുന്നു.

സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്തതിനു ശേഷം വലിയ കുതിപ്പ് കാണിക്കുന്ന ന്യൂകാസിൽ യുണൈറ്റഡ് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിരുന്നു. പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും അടക്കമുള്ള കിരീടങ്ങൾ ലക്ഷ്യമിടുന്ന ക്ലബ്ബിലേക്ക് ചേക്കേറിയാൽ മെസിക്ക് അവിടുത്തെ പ്രധാന താരമായി മാറാനും നേട്ടങ്ങൾക്കായി പൊരുതാനും കഴിഞ്ഞേനെ.

ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ ടീമാണ് ഇന്റർ മിലാൻ. ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ അവർ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങുകയാണ്. അവിടേക്ക് ചേക്കേറിയാലും മെസിക്ക് അടുത്ത സീസണിൽ കിരീടങ്ങൾ നേടാൻ അവസരമുണ്ടായിരുന്നു. അതിനു പുറമെ അർജന്റീന സഹതാരമായ ലൗടാരോ മാർട്ടിനസിനൊപ്പം കളിക്കാനും മെസിക്ക് കഴിഞ്ഞേനെ.

മെസി യൂറോപ്പിൽ ബാഴ്‌സലോണ അല്ലാതെയുള്ള ക്ളബുകളെ തിരഞ്ഞെടുക്കാതിരുന്നതിന്റെ പ്രധാന കാരണം കുടുംബമാണ്. മറ്റൊരു രാജ്യത്ത് പോയി സെറ്റിൽ ചെയ്യുകയെന്നത് ബുദ്ധിമുട്ടാകുമെന്നതു കൊണ്ടാണ് താരം സ്ഥിരമായി നിൽക്കുകയെന്ന ഉദ്ദേശത്തോടെ മിയാമിയെ തിരഞ്ഞെടുത്തത്. എന്നാൽ താരം രണ്ടു വർഷം കൂടി യൂറോപ്പിൽ തുടരണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

Messi Had Offers From Newcastle And Inter Milan