അവസാനത്തെ ചിരി പിഎസ്ജിയുടേതാകും, ലയണൽ മെസി നിർണായക തീരുമാനമെടുക്കുന്നതിനു തൊട്ടരികിൽ
ഈ സീസണോടെ പിഎസ്ജി കോണ്ട്രാക്റ്റ് അവസാനിക്കുന്ന ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള ബാഴ്സലോണയുടെ പദ്ധതികൾ നടക്കാൻ സാധ്യതയില്ലെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരവുമായി കരാർ പുതുക്കാനുള്ള നീക്കങ്ങൾ പിഎസ്ജി ഊർജ്ജിതമാക്കിയെന്നും മെസിക്കും അതിനോട് അനുകൂല നിലപാടാണുള്ളതെന്നും ഫ്രഞ്ച് മാധ്യമായ ലെ പാരീസിയൻ പുറത്തു വിട്ട വിവരങ്ങളിൽ വ്യക്തമാക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കരാർ പുതുക്കി നൽകാൻ ബാഴ്സക്ക് കഴിയാത്തതിനെ തുടർന്നാണ് 2021 സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മെസി പിഎസ്ജിയിലേക്ക് ചേക്കേറുന്നത്. രണ്ടു വർഷത്തെ കരാറിൽ ഫ്രഞ്ച് ക്ലബിലെത്തിയ താരത്തിന് കഴിഞ്ഞ സീസണിൽ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ ഗംഭീര ഫോമിലാണ് മെസിയുള്ളത്. ഇതുകൂടി പരിഗണിച്ചാണ് താരത്തെ ക്ലബിൽ നിലനിർത്താനുള്ള നീക്കങ്ങൾ പിഎസ്ജി നടത്തുന്നത്.
റിപ്പോർട്ടുകൾ പ്രകാരം രണ്ടു വർഷത്തേക്കു കൂടി പിഎസ്ജിയിൽ തുടരാൻ കഴിയുന്ന തരത്തിലുള്ള കരാറാണ് മെസിക്ക് ഓഫർ ചെയ്തിരിക്കുന്നത്. 2024 വരെയാണ് നിലവിലുള്ള കരാർ നീട്ടി നൽകുക, ഇതിനു പുറമെ മെസിക്ക് താൽപര്യമുണ്ടെങ്കിൽ ഒരു വർഷത്തേക്കു കൂടി കരാർ നീട്ടാൻ കഴിയും. പിഎസ്ജിയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് മെസിയെന്നിരിക്കെ താരത്തിന്റെ പ്രതിഫലം അടക്കമുള്ള കാര്യങ്ങൾ എത്രയാണെന്ന കാര്യം തീരുമാനിക്കേണ്ടതുണ്ട്. ഇതുകൂടി കഴിഞ്ഞതിനു ശേഷമാകും അന്തിമകരാർ താരത്തിന് മുന്നിൽ സമർപ്പിക്കുക.
PSG are working on Leo Messi's contract extension. They will offer him a one year contract with an optional extra year. The idea doesn't bother the player.
— Barça Universal (@BarcaUniversal) October 24, 2022
— @leparisiensport pic.twitter.com/LllUXPDbGE
റിപ്പോർട്ടുകൾ പ്രകാരം പിഎസ്ജിയുമായി കരാർ പുതുക്കാൻ ലയണൽ മെസിക്ക് താൽപര്യമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും താരം തീരുമാനമൊന്നും എടുത്തിട്ടില്ല. ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കുന്നതിനു പ്രധാന പരിഗണന നൽകുന്ന താരം അതിനു ശേഷമാകും തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുക. നിലവിലെ റിപ്പോർട്ടുകൾ ആ തീരുമാനം പിഎസ്ജിക്ക് അനുകൂലമായി വരാനുള്ള സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു.
ലയണൽ മെസി പിഎസ്ജിയിൽ തന്നെ തുടർന്നാൽ അത് ബാഴ്സലോണക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുക. അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി മെസിയെ തിരിച്ചു കൊണ്ട് വരാൻ ബാഴ്സയ്ക്ക് പദ്ധതിയുണ്ടെന്ന റിപ്പോർട്ടുകൾ ഇപ്പോൾ ശക്തമാണ്. താരം കരാർ പുതുക്കിയാൽ ബാഴ്സ അതിനു ശ്രമിക്കാൻ സാധ്യതയില്ല. പിഎസ്ജിയും ബാഴ്സയും തമ്മിലുള്ള ബന്ധം മോശമായതിനാൽ കോൺട്രാക്റ്റുള്ള താരത്തെ വിട്ടു കൊടുക്കാൻ ഫ്രഞ്ച് ക്ലബ് തയ്യാറാവുകയുമില്ല.