“എതിരാളികളല്ല, സുഹൃത്തുക്കൾ”-റൊണാൾഡോയെ പുണരുന്ന വീഡിയോ പങ്കുവെച്ച് ലയണൽ മെസി
ഫുട്ബോൾ ലോകം കണ്ടതിൽ വെച്ച് രണ്ടു താരങ്ങൾ തമ്മിലുണ്ടായ ഏറ്റവും വലിയ മത്സരം ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലായിരിക്കും. ഒട്ടനവധി വർഷങ്ങൾ ഫുട്ബോൾ ലോകത്തിന്റെ നിറുകയിൽ കയറിയിരുന്നവരാണ് ഈ രണ്ടു താരങ്ങളും. ഇക്കാലയളവിൽ നിരവധി മറ്റു താരങ്ങൾ ഉയർന്നു വന്നെങ്കിലും അവർക്കൊന്നും ഈ രണ്ടു താരങ്ങളെയും മറികടക്കാൻ കഴിഞ്ഞിരുന്നില്ല. ഇരുവരും ചേർന്ന് പന്ത്രണ്ടു ബാലൺ ഡി ഓറും സ്വന്തമാക്കി.
ഫുട്ബോൾ ആരാധകരിൽ ഭൂരിഭാഗവും ഈ രണ്ടു താരങ്ങളിലേക്ക് മാത്രം ചുരുങ്ങിയ സമയമുണ്ടായിരുന്നു. ഒരു താരത്തെ ആരാധിക്കുന്ന മിക്കയാളുകളും മറ്റേ താരത്തിന് എതിരായിരിക്കും എന്ന സാഹചര്യം വരെയുണ്ടായി. എന്നാൽ ആരാധകർ തമ്മിൽ പോര് നടക്കുന്ന സമയത്തും തങ്ങൾ മികച്ച സുഹൃത്തുക്കളാണെന്നും കളിക്കളത്തിലെ വൈരി മാത്രമേയുള്ളൂവെന്നും ഇവർ രണ്ടു പേരും ആവർത്തിച്ച് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനു ശേഷം ഇവർ പങ്കു വെച്ച ചിത്രങ്ങൾ ഇതിനു തെളിവാണ്.
മത്സരത്തിനു ശേഷം ഗോളുകൾ നേടാനും പഴയ സുഹൃത്തുക്കളെ കാണാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ട്വിറ്ററിൽ കുറിച്ച റൊണാൾഡോ അതിൽ ഷെയർ ചെയ്ത ചിത്രം മെസിയുടേത് മാത്രമായിരുന്നു. അതേസമയം മെസിയും ഒട്ടും മോശമാക്കിയില്ല. മത്സരത്തിനു ശേഷം താരം തന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ട ഒരേയൊരു സ്റ്റോറി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുണരുന്നതിന്റെ വീഡിയോയായിരുന്നു. രണ്ടു താരങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ മൈതാനത്ത് മാത്രമാണെന്ന് ഇത് വ്യക്തമാക്കുന്നു.
leo messi posted him and cristiano ronaldo hugging on his instagram story 😭 pic.twitter.com/MrmaKVlbES
— aurora (@cr7stianos) January 19, 2023
രണ്ടു താരങ്ങളും പ്രത്യക്ഷത്തിൽ തന്നെ ഒരുമിക്കുന്നത് ഫുട്ബോൾ ആരാധകർക്കും സന്തോഷമുള്ള കാര്യമാണ്. ഈ താരങ്ങളുടെ മത്സരത്തിനു വേണ്ടി മാത്രം ഫുട്ബാൾ കാണുന്ന നിരവധിയാളുകളുണ്ട്. ഇവർക്കു ശേഷവും ഫുട്ബോളുണ്ടെന്ന് ആ ആരാധകർക്ക് മനസിലാക്കാൻ ഇതിലൂടെ കഴിയും. അതിനു പുറമെ ഇവർ രണ്ടു പേരും ഒരുമിച്ച് കളിക്കുകയെന്ന, ഫുട്ബോൾ ആരാധകർ വളരെയധികം ആഗ്രഹിക്കുന്ന കാര്യവും ചിലപ്പോൾ സാധിച്ചേക്കും.