റൊണാൾഡോയെ മറികടക്കാൻ അവസരമുണ്ടായിട്ടും പെനാൽറ്റി നെയ്മർക്ക് നൽകി മെസി, അഭിനന്ദനവുമായി ആരാധകർ
ഫുട്ബോൾ ആരാധകർ കാത്തിരുന്നതിനു ഫലം നൽകി മികച്ചൊരു മത്സരമാണ് പിഎസ്ജിയും റിയാദ് ബെസ്റ്റ് ഇലവനും തമ്മിൽ നടന്നത്. നാലിനെതിരെ അഞ്ചു ഗോളുകൾക്ക് പിഎസ്ജി വിജയം നേടിയ മത്സരത്തിൽ ലയണൽ മെസിയും റൊണാൾഡോയും ഗോളുകൾ നേടുകയുണ്ടായി. മെസി മത്സരത്തിലെ ആദ്യ ഗോൾ നേടിയപ്പോൾ റൊണാൾഡോ ആദ്യപകുതിയിൽ രണ്ടു ഗോളുകൾ നേടി സൗദിയിലെ തന്റെ തുടക്കം ഗംഭീരമാക്കി.
അതേസമയം മത്സരത്തിൽ ലയണൽ മെസി ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. മത്സരത്തിൽ പിഎസ്ജി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുമ്പോൾ അവർക്കനുകൂലമായി പെനാൽറ്റി ലഭിച്ചിരുന്നു. ആ പെനാൽറ്റിയെടുക്കാൻ ലയണൽ മെസിക്ക് ഓഫർ ചെയ്തിട്ടും അത് നെയ്മർക്ക് നൽകുകയാണ് താരം ചെയ്തത്. ആ പെനാൽറ്റി എടുത്തിരുന്നെങ്കിൽ മത്സരത്തിൽ റൊണാൾഡോയെപ്പോലെ തന്നെ രണ്ടു ഗോളുകൾ മെസിക്കും സ്വന്തമായേനെ.
റഫറി പെനാൽറ്റി അനുവദിച്ചപ്പോൾ നെയ്മറും മെസിയും തമ്മിൽ സംസാരിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഒടുവിൽ നെയ്മറോട് പെനാൽറ്റി എടുക്കാൻ പറയുന്ന തരത്തിലുള്ള ആംഗ്യവും മെസി കാണിക്കുന്നുണ്ട്. മെസി നേടിയ ആദ്യത്തെ ഗോളിന് മനോഹരമായ അസിസ്റ്റ് നൽകിയത് നെയ്മർ ആയിരുന്നു. അതുകൊണ്ടു കൂടിയാണ് താരം പെനാൽറ്റി നെയ്മർക്ക് നൽകിയതെന്നു വേണം കരുതാൻ. എന്നാൽ ബ്രസീലിയൻ താരത്തിന്റെ ദുർബലമായ കിക്ക് സൗദി കീപ്പർ അനായാസം കൈപ്പിടിയിലൊതുക്കി.
Neymar asking Leo if he wants to take the penalty but Messi refusing it and letting Ney take it. 🇦🇷❤️🇧🇷pic.twitter.com/IH72ioAx1r
— PSG Report (@PSG_Report) January 19, 2023
മത്സരത്തിൽ മെസിക്ക് പുറമെ എംബാപ്പെ, റാമോസ്, മാർക്വിന്യോസ്, എകിറ്റെകെ എന്നിവരാണ് പിഎസ്ജിയുടെ ഗോളുകൾ നേടിയത്. അതേസമയം റിയാദ് ഇലവന് വേണ്ടി റൊണാൾഡോക്ക് പുറമെ ജ്യാങ് ഹ്യുൻ സൂ, ബ്രസീലിയൻ താരം ടാലിസ്ക്ക എന്നിവരാണ് വലകുലുക്കിയത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ റൊണാൾഡോയാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്.