ഒരുമിച്ച് മുറി പങ്കിട്ടിരുന്ന സുഹൃത്ത് കൂടെയില്ല, ലോകകപ്പിൽ മെസിയുടെ താമസം ഒറ്റക്ക്

ഖത്തർ ലോകകപ്പിൽ മെസിക്ക് അനുവദിച്ചു നൽകിയ മുറിയുടെ ചിത്രം പുറത്തു വന്നതോടെ താരത്തിന്റെ ഉറ്റ സുഹൃത്തായ സെർജിയോ അഗ്യൂറോയുടെ അഭാവം ചർച്ചയാവുകയാണ്. വളരെ അടുപ്പമുള്ള ഇരുവരും യൂത്ത് കാലഘട്ടം മുതൽ തന്നെ അർജന്റീന ടീമിനൊപ്പമുള്ളപ്പോൾ ഒരു മുറിയിലാണ് താമസിക്കാറുള്ളത്. എന്നാൽ സെർജിയോ അഗ്യൂറോ ഫുട്ബോൾ മതിയാക്കാൻ നിർബന്ധിതനായതോടെ ഈ ലോകകപ്പിൽ മെസിയുടെ താമസം ഒറ്റക്കാണ്.

2021ൽ അർജന്റീന കോപ്പ അമേരിക്ക കിരീടമുയർത്തുമ്പോൾ അഗ്യൂറോയും സ്‌ക്വാഡിൽ ഉണ്ടായിരുന്നു. അതിനു ശേഷം ബാഴ്‌സലോണയിലേക്ക് ചേക്കേറിയ മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസതാരത്തിനു പക്ഷെ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ വിരമിക്കേണ്ടി വന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ കണ്ടെത്തിയതിനെ തുടര്ന്നാണ് മുപ്പത്തിമൂന്നാം വയസിൽ തന്നെ അഗ്യൂറോക്ക് വേദനയോടെ ഫുട്ബോൾ ഉപേക്ഷിക്കേണ്ടി വന്നത്.

അർജന്റീന ടീമിലെ മറ്റു കളിക്കാർ ഒരു മുറിയിൽ രണ്ടു പേർ എന്ന നിലയിലാണ് താമസമെന്നാണ് കരുതേണ്ടത്. താരത്തിന്റെ അടുത്ത മുറിക്കു മുന്നിലുള്ള പേരുകൾ അത്ലറ്റികോ മാഡ്രിഡ് താരം റോഡിഗോ ഡി പോളിന്റേതും ബെൻഫിക്ക താരം നിക്കോളാസ് ഓട്ടമെൻഡിയുടേതുമാണ്. സഹതാരം എന്നതിലുപരിയായി തന്റെ വളരെയടുത്ത സുഹൃത്തു കൂടിയായ അഗ്യൂറോയുടെ അസാന്നിധ്യത്തിൽ മെസിക്ക് വേദനയുണ്ടാകും എന്നതിൽ സംശയമില്ല.

fpm_start( "true" ); /* ]]> */