“ആ പെനാൽറ്റി ഗോളായിരുന്നെങ്കിൽ എല്ലാം മാറിയേനെ”- 2018 ലോകകപ്പിനെക്കുറിച്ച് ലയണൽ മെസി

2014 ലോകകപ്പിന്റെ ഫൈനലിൽ വരെയെത്തിയ ടീമായിരുന്നെങ്കിലും 2018 ലോകകപ്പ് അർജന്റീനക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ഗ്രൂപ്പ് ഘട്ടം മുതൽ പതറിയ ടീം ആദ്യ മത്സരത്തിൽ സമനിലയും രണ്ടാമത്തെ മത്സരത്തിൽ തോൽവിയും വഴങ്ങി. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുമെന്ന സ്ഥിതിയുണ്ടായിരുന്നെങ്കിലും അവസാന മത്സരത്തിൽ നൈജീരിയക്കെതിരെ അവസാന മിനിറ്റുകളിൽ നേടിയ ഗോളിലാണ് അർജന്റീന പ്രീ ക്വാർട്ടറിലെത്തിയത്. പ്രീ ക്വാർട്ടറിൽ ഫ്രാൻസിനെതിരെ മുന്നിലെത്തിയെങ്കിലും പിന്നീട് തോൽവി വഴങ്ങിയാണ് അർജന്റീന ലോകകപ്പിൽ നിന്നും പുറത്താകുന്നത്.

അതേസമയം 2018 ലോകകപ്പിൽ അർജന്റീന മോശം പ്രകടനം നടത്താൻ താനും കാരണമായിട്ടുണ്ടെന്നാണ് ടീമിന്റെ നായകനായ ലയണൽ മെസി പറയുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യത്തെ മത്സരത്തിൽ ഐസ്‌ലൻഡിനെതിരെ ലഭിച്ച പെനാൽറ്റി മെസി നഷ്‌ടമാക്കിയിരുന്നു. മത്സരത്തിൽ അർജന്റീന 1-1 എന്ന സ്കോറിന് സമനില വഴങ്ങുകയും ചെയ്‌തു. ആ മത്സരത്തിൽ വിജയം നേടി ലോകകപ്പിന് മികച്ച രീതിയിൽ തുടക്കം സൃഷ്‌ടിച്ചിരുന്നെങ്കിൽ ടൂർണമെന്റിൽ അർജന്റീനയുടെ പ്രകടനം ഇതിനേക്കാൾ നല്ലതാകുമായിരുന്നുവെന്നാണ് ലയണൽ മെസി പറയുന്നത്.

“ലോകകപ്പിലെ ആദ്യത്തെ മത്സരം, ആദ്യ പതിനഞ്ചു മിനുട്ടുകൾ, അതിന്റെ ആശങ്കയും ഉത്ക്കണ്ഠയും, അവിടേക്ക് എത്തുന്നതിനായി സംഭവിച്ച എല്ലാ കാര്യങ്ങളും മനസിൽ. ആദ്യത്തെ മത്സരം വളരെ പ്രധാനമാണ്, അതു കൂടുതൽ സമാധാനം തരുന്നതുമാണ്. ഞാനെപ്പോഴും പറയാറുണ്ട്, ആ പെനാൽറ്റി ഞാൻ ഗോളാക്കി മാറ്റി, ഞങ്ങൾ വിജയത്തോടെ തുടങ്ങിയിരുന്നെങ്കിലും എല്ലാം വ്യത്യസ്‌തമാകുമായിരുന്നു. അതുകൊണ്ടാണ് വിജയത്തോടെ തുടങ്ങേണ്ടത് പ്രധാനമാകുന്നത്.” മെസി ഇൻഫോബേയോട് പറഞ്ഞു.

2018 ലോകകപ്പ് ഗ്രൂപ്പിൽ ക്രൊയേഷ്യക്കു പിന്നിൽ രണ്ടാം സ്ഥാനത്തു വന്നതു കൊണ്ടാണ് പ്രീ ക്വാർട്ടറിൽ കരുത്തരായ ഫ്രാൻസിനെ അർജന്റീനക്ക് നേരിടേണ്ടി വന്നത്. അതേസമയം ഗ്രൂപ്പ് ജേതാക്കളായ ക്രൊയേഷ്യ ഡെൻമാർക്ക്, റഷ്യ എന്നിങ്ങനെ അത്ര കരുത്തരല്ലാത്ത ടീമുകളെ പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ കീഴടക്കി സെമിയിൽ ഇംഗ്ലണ്ടിനെതിരെയും വിജയിച്ച് ഫൈനലിൽ എത്തിയിരുന്നു. അതുകൊണ്ടു തന്നെ 2018 ലോകകപ്പിൽ അർജന്റീനക്ക് ഗ്രൂപ്പിലെ ജേതാക്കളാവാൻ കഴിഞ്ഞിരുന്നെങ്കിൽ ഫൈനൽ വരെയെത്താൻ കഴിഞ്ഞേനെയെന്നു കരുതുന്നവർ നിരവധിയാണ്.