“ലോകകപ്പ് മെസി ഉയർത്തണമെന്നാണ് ആഗ്രഹം”- ഖത്തർ ലോകകപ്പ് സംഘാടകർ പറയുന്നു

ഒരു മാസത്തിനുള്ളിൽ ഖത്തറിൽ വെച്ചു നടക്കുന്ന ലോകകപ്പ് തന്റെ കരിയറിൽ അവസാനത്തെതായിരിക്കുമെന്ന് ലയണൽ മെസി നേരത്തെ വ്യക്തമാക്കിയ കാര്യമാണ്. കരിയറിലെ മറ്റെല്ലാ നേട്ടങ്ങളും സ്വന്തമാക്കിയെങ്കിലും ലോകകപ്പ് കിരീടം നേടാൻ കഴിഞ്ഞിട്ടില്ലാത്ത ലയണൽ മെസി ഖത്തർ ലോകകപ്പിൽ അതുയർത്തണമെന്ന് ആഗ്രഹിക്കുന്ന നിരവധിയാളുകളുണ്ട്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ജനറൽ സെക്രട്ടറിയായ ഹസൻ അൽ തവാദിയും അതിലുൾപ്പെടുന്നയാളാണ്.

തെലാമിന് നൽകിയ അഭിമുഖത്തിലാണ് ലയണൽ മെസി ലോകകകിരീടം ഉയർത്തണമെന്ന ആഗ്രഹം അദ്ദേഹം വെളിപ്പെടുത്തിയത്. “ഖത്തറിൽ മെസി കിരീടമുയർത്തുന്നത് സംഘാടകരായ ഞങ്ങൾക്ക് പ്രത്യേക അനുഭവമായിരിക്കും. മെസി ആഗോളതലത്തിൽ തന്നെ ഒരു സൂപ്പർസ്റ്റാറാണ്. ടൂർണമെന്റിന്റെ പ്രധാന ആകർഷണവും താരമാണ്. താരം ഖത്തറിൽ കളിക്കുന്നതു കാണാൻ ആവേശത്തോടെ കാത്തിരിക്കുന്നു.” അദ്ദേഹം പറഞ്ഞു.

ഖത്തർ ലോകകപ്പിന് മികച്ച രീതിയിലാണ് അർജന്റീന തയ്യാറെടുത്തിരിക്കുന്നത്. ലയണൽ സ്‌കലോണി പടുത്തുയർത്തിയ കെട്ടുറപ്പുള്ള ടീം മുപ്പത്തിയഞ്ചു മത്സരങ്ങളിൽ അപരാജിതരായാണ് ലോകകപ്പിനായി എത്തുന്നത്. ഈ അപരാജിത കുതിപ്പിനിടയിൽ കോപ്പ അമേരിക്ക കിരീടവും ലാ ഫൈനലിസമയും അർജന്റീന നേടുകയുണ്ടായി. ലയണൽ മെസിയെ കേന്ദ്രീകരിച്ചു കളിക്കുന്ന ടീമിൽ താരത്തിനൊപ്പം ഒറ്റക്കെട്ടായി നിന്നു പൊരുതുന്ന കളിക്കാരാണ് കൂടെയുള്ളത്.

ഈ സീസണിൽ ലയണൽ മെസിയും മികച്ച ഫോമിലാണെന്നത് അർജന്റീന ആരാധകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു. ക്ലബ് സീസൺ ആരംഭിച്ചതിനു ശേഷം എട്ട് ഗോളുകളും എട്ട് അസിസ്റ്റുകളും സ്വന്തമാക്കിയ ലയണൽ മെസി അതിനിടയിൽ അർജന്റീനക്കു വേണ്ടി രണ്ടു മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും സ്വന്തമാക്കി. എന്നാൽ നിരവധി മികച്ച ടീമുകളുള്ളതിനാൽ തന്നെ ലോകകപ്പ് നേടാൻ ഏറ്റവും ഗംഭീര പ്രകടനം തന്നെ മെസിയും സംഘവും കാഴ്‌ച വെക്കേണ്ടി വരും.