സാവിയുടെ ധീരമായ തീരുമാനം, ബാഴ്‌സയുടെ വമ്പൻ വിജയത്തിൽ പ്രശംസയുമായി ആരാധകർ

നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിലായതിനാൽ ഫോമിൽ മങ്ങലേറ്റ ബാഴ്‌സലോണ ഇന്നലെ നടന്ന മത്സരത്തിൽ വിയ്യാറയലിനെതിരെ മികച്ച വിജയം സ്വന്തമാക്കി ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. ക്യാമ്പ് നൂവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. റോബർട്ട് ലെവൻഡോസ്‌കി ബാഴ്‌സലോണക്കായി ഇരട്ടഗോളുകൾ നേടിയപ്പോൾ യുവതാരം അൻസു ഫാറ്റിയാണ് ടീമിന്റെ മറ്റൊരു ഗോൾ നേടിയത്.

അതേസമയം ഇന്നലെ നടന്ന മത്സരത്തിനുള്ള ആദ്യ ഇലവനിൽ നിന്നും ടീമിന്റെ നായകനായ സെർജിയോ ബുസ്‌ക്വറ്റ്‌സിനെ മാറ്റി നിർത്താനുള്ള സാവിയുടെ തീരുമാനത്തെ അഭിനന്ദിക്കുകയാണ് ആരാധകർ. ബുസ്‌ക്വറ്റ്‌സിന് പകരം ഫ്രാങ്കി ഡി ജോങിനെ ഡിഫെൻസിവ് മിഡ്‌ഫീൽഡ് പൊസിഷനിൽ കളിപ്പിച്ച് ഗാവി-ഫ്രാങ്കി-പെഡ്രി ത്രയത്തെ മധ്യനിരയിൽ അണിനിരത്തിയ ലൈനപ്പ് സാവി പ്രഖ്യാപിച്ചപ്പോൾ തന്നെ ആരാധകർ അതിനെ അഭിനന്ദിച്ച് രംഗത്തു വന്നിരുന്നു.

ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണെങ്കിലും പ്രായത്തിന്റെ പ്രശ്‌നങ്ങൾ ബുസ്‌ക്വറ്റ്‌സിനെ അലട്ടുന്നുണ്ട്. ഡിഫെൻസിവ് മിഡ്‌ഫീൽഡ് പോലെ നിർണായകമായൊരു പൊസിഷനിൽ ബുസ്‌ക്വറ്റ്സ് വരുത്തുന്ന പിഴവുകൾ ബാഴ്‌സയ്ക്ക് നിരന്തരം തലവേദന സൃഷ്‌ടിച്ചു തുടങ്ങിയതോടെയാണ് താരത്തെ പിൻവലിക്കാൻ സാവി തയ്യാറാകണമെന്ന് ആരാധകർ ആവശ്യം ഉന്നയിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ മിഡ്‌ഫീൽഡ് ത്രയം മികച്ച പ്രകടനം നടത്തുകയും ചെയ്‌തിരുന്നു.

ഈ സീസണു ശേഷം സെർജിയോ ബുസ്‌ക്വറ്റ്സ് ബാഴ്‌സലോണ വിടാനുള്ള സാധ്യത ഇതോടെ വർധിച്ചിട്ടുണ്ട്. ബുസ്‌ക്വറ്റ്സ്, പിക്വ, ആൽബ തുടങ്ങിയ സീനിയർ താരങ്ങളെല്ലാം അടുത്ത സീസണിൽ ടീമിലുണ്ടാകില്ലെന്നാണ് സൂചനകൾ. ബുസ്‌ക്വറ്റ്സ് പതറുന്ന സാഹചര്യത്തിൽ കഴിഞ്ഞ സീസണിൽ ടീമിൽ കളിച്ചിരുന്ന നിക്കോ ഗോൺസാലസിനെ ജനുവരി ജാലകത്തിൽ ലോണിൽ നിന്നും തിരിച്ചു വിളിക്കണമെന്ന ആവശ്യവും ആരാധകർ ഉയർത്തുന്നുണ്ട്.