“ബഹുമാനം എനിക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്”- വിവാദങ്ങളിൽ മറുപടി നൽകി റൊണാൾഡോ

ടോട്ടനം ഹോസ്‌പറിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം അവസാനിക്കുന്നതിനു മുൻപ് മൈതാനം വിട്ട സംഭവത്തിനും അതിന്റെ പേരിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടപടി സ്വീകരിച്ചതിനും പിന്നാലെ തന്റെ മൗനമവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രത്യക്ഷമായി ഈ സംഭവങ്ങളെക്കുറിച്ച് പറയുന്നില്ലെങ്കിലും ഇന്നലെ താരമിട്ട ഇൻസ്റ്റഗ്രാം പോസ്റ്റ് അവക്കുള്ള മറുപടിയായി കണക്കാക്കാം. അർഹിക്കുന്ന ബഹുമാനം തനിക്ക് ലഭിക്കുന്നില്ലെന്ന് റൊണാൾഡോയുടെ വാക്കുകൾ പരോക്ഷമായി എടുത്തു കാണിക്കുന്നു.

“ഞാനെന്റെ കരിയറിലുടനീളം, എന്റെ സഹതാരങ്ങൾക്കും ഉപദേശകർക്കും പരിശീലകർക്കും ബഹുമാനം നൽകാനും അങ്ങിനെ തന്നെ തുടരാനും ശ്രമിച്ചിട്ടുണ്ട്. അതിനൊരിക്കലും മാറ്റം വന്നിട്ടില്ല. ഞാൻ മാറിയിട്ടില്ല. കഴിഞ്ഞ ഇരുപതു വർഷമായി എലീറ്റ് ഫുട്ബോളിൽ കളിച്ചു കൊണ്ടിരിക്കുന്ന അതെ പ്രൊഫെഷണൽ തന്നെയാണ് ഞാൻ. തീരുമാനങ്ങൾ എടുത്തിരുന്ന പ്രക്രിയയിൽ ബഹുമാനം വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയായിരുന്നു.”

“ഞാൻ വളരെ ചെറുപ്പത്തിൽ തുടങ്ങിയയാളായിരുന്നു. മുതിർന്ന, പരിചയസമ്പന്നരായ കളിക്കാരുടെ മാതൃകകൾ എനിക്ക് വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. അതുകൊണ്ടു തന്നെയാണ് ഞാൻ പ്രതിനിധീകരിച്ചിരുന്ന ടീമുകളിൽ വളർന്നു വരുന്ന യുവതാരങ്ങൾക്ക് മാതൃകയായി നിൽക്കാൻ ഞാൻ പിന്നീട് ശ്രമിച്ചിട്ടുള്ളതും. യാദൃശ്ചികവശാൽ അതെല്ലായിപ്പോഴും സാധ്യമല്ല, സാഹചര്യങ്ങളുടെ സമ്മർദ്ദം നമ്മുടെ ഉള്ളിലുള്ളത് പുറത്തു കൊണ്ടുവരും.”

“ഇപ്പോഴെനിക്ക് തോന്നുന്നത് കാരിങ്ങ്ടണിൽ ജോലി ചെയ്യുന്നത് തുടരണമെന്നും സഹതാരങ്ങളെ പിന്തുണച്ച് ഓരോ മത്സരത്തിനും ഏറ്റവും മികച്ച നൽകാൻ തയ്യാറെടുക്കണം എന്നുമാണ്. സമ്മർദ്ദങ്ങൾക്ക് അടിപ്പെടുക ഏറ്റവും മികച്ച തിരഞ്ഞെടുപ്പല്ല, ഒരിക്കലുമാവുകയുമില്ല. ഇതു മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌, നമ്മൾ ഒറ്റക്കെട്ടായി തുടരുകയും വേണം. പെട്ടന്നു തന്നെ നമ്മൾ ഒരുമിച്ചു നിൽക്കും.” റൊണാൾഡോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു.

റൊണാൾഡോയുടെ പോസ്റ്റിൽ റൺ വേണ്ടത്ര ബഹുമാനം നൽകാറുണ്ടെങ്കിലും അത് തിരിച്ചു ലഭിക്കാത്തതു കൊണ്ടുള്ള സമ്മർദ്ദമാണ് ഇത്തരം പ്രവൃത്തികൾക്ക് കാരണമാകുന്നതെന്ന് കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. താൻ ചെയ്‌തതിൽ താരത്തിന് ഖേദമുണ്ടെന്നും മനസിലാക്കാൻ കഴിയുമെങ്കിലും അതിൽ ക്ഷമാപണം നടത്താൻ റൊണാൾഡോ തയ്യാറായിട്ടില്ല. ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും ഇതുവരെ റൊണാൾഡോയുടെ പോസ്റ്റിനു പിന്തുണയുമായി എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.