എന്തൊരു മനുഷ്യനാണിത്, രണ്ടു ഫ്രീ കിക്കുകൾ ക്രോസ്ബാറിലടിച്ചപ്പോൾ മൂന്നാമത്തെ ഫ്രീകിക്കിൽ ഗോൾ
പനാമക്കെതിരായ സൗഹൃദമത്സരത്തിൽ വിജയം സ്വന്തമാക്കി അർജന്റീന. ആദ്യപകുതിയിൽ ഗോളുകൾ ഒന്നുമില്ലാതെ പോയ മത്സരത്തിന്റെ രണ്ടാം പകുതിയിൽ നേടിയ ഇരട്ടഗോളുകളാണ് അർജന്റീനക്ക് വിജയം സ്വന്തമാക്കിയത്. ആദ്യത്തെ ഗോൾ യുവതാരം തിയാഗോ അൽമാഡ നേടിയപ്പോൾ ലയണൽ മെസി ഫ്രീ കിക്കിലൂടെ രണ്ടാമത്തെ ഗോൾ നേടി. മെസിയുടെ കരിയറിലെ എന്നൂറാമത്തെ ഗോൾ കൂടിയാണ് പനാമക്കെതിരെ പിറന്നത്.
മത്സരത്തിൽ അർജന്റീനക്കായിരുന്നു ആധിപത്യം, നിരവധി അവസരങ്ങളും അവർ തുറന്നെടുത്തു. എന്നാൽ ആദ്യപകുതിയിൽ ബോക്സിനു മുന്നിൽ ആൾക്കൂട്ടത്തെ നിരത്തിയ പനാമ അർജന്റീനക്ക് കാര്യങ്ങൾ ദുഷ്കരമാക്കി. അതിനിടയിൽ ലയണൽ മെസിയുടെ ഒരു ഫ്രീ കിക്ക് ബാറിലടിച്ച് പുറത്തു പോയിരുന്നു. മധ്യനിരതാരം എൻസോ ഫെർണാണ്ടസിന്റെ ബോക്സിന് പുറത്തു നിന്നുള്ള ഒരു ഷോട്ട് ഗോൾകീപ്പറും തടഞ്ഞിട്ടു.
LIONEL MESSI'S FREE KICK GOAL FOR ARGENTINA! Via @TV_Publica. 🐐🇦🇷pic.twitter.com/zZb836PEZF
— Roy Nemer (@RoyNemer) March 24, 2023
എഴുപത്തിയെട്ടാം മിനുട്ടിലാണ് അർജന്റീന മത്സരത്തിലെ ആദ്യത്തെ ഗോൾ നേടുന്നത്. ലയണൽ മെസിയെടുത്ത ഫ്രീ കിക്ക് തന്നെയാണ് ഗോളിന് വഴിയൊരുക്കിയത്. മെസിയുടെ ഫ്രീകിക്ക് വീണ്ടും പോസ്റ്റിൽ തട്ടി വന്നത് ലിയാൻഡ്രോ പരഡെസിന്റെ കാലിലേക്കായിരുന്നു. താരം രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ തിയാഗോ അൽമാഡക്ക് കൈമാറി. അൽമാഡ അത് വലയിലെത്തിച്ച് അർജന്റീനക്കായി തന്റെ ആദ്യത്തെ ഗോൾ സ്വന്തമാക്കി.
ഒന്നിൽ പിഴച്ചാണ് മൂന്ന് എന്നപോലെയാണ് ലയണൽ മെസി മത്സരത്തിൽ തന്റെ ആദ്യത്തെ ഗോൾ നേടിയത്. രണ്ടു ഫ്രീ കിക്കുകൾ ബാറിലടിച്ച് പുറത്തു പോയ മെസിക്ക് എൺപത്തിയൊമ്പതാം മിനുട്ടിൽ മറ്റൊരു ഫ്രീ കിക്ക് കൂടി ലഭിച്ചു. ഇത്തവണ താരത്തിന് പിഴച്ചില്ല. ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ പന്ത് വലയിലെത്തിച്ച മെസി തന്റെ കരിയറിലെ എണ്ണൂറാം ഗോൾകൂടി സ്വന്തമാക്കി. അത്രയും നേരം കളിക്കളത്തിൽ തിളങ്ങിയ താരം അർഹിച്ച ഗോൾ തന്നെയായിരുന്നു അത്.