ലയണൽ മെസി മറ്റൊരു ലോകകിരീടം കൂടി ലക്ഷ്യമിടുന്നുണ്ടെന്നു വ്യക്തം, 2026 ലോകകപ്പിൽ കളിക്കുന്നതിനെക്കുറിച്ച് താരത്തിന്റെ മറുപടിയിങ്ങനെ | Messi

ലയണൽ മെസിയുടെ കരിയർ പൂർണതയിൽ എത്തിച്ച വർഷമായിരുന്നു 2022. ഒരിക്കൽ അരികിലെത്തി കൈവിട്ടു പോയ, ഏറെ മോഹിച്ച ലോകകപ്പ് കിരീടം ഖത്തറിൽ നടന്ന ടൂർണമെന്റിൽ സ്വന്തമാക്കാൻ അജന്റീന താരത്തിന് കഴിഞ്ഞു. ഒരു ഫുട്ബോൾ താരമെന്ന നിലയിൽ നേടാൻ ബാക്കിയുണ്ടായിരുന്ന ലോകകപ്പും സ്വന്തമാക്കിയതോടെ തന്റെ ഫുട്ബോൾ കരിയർ പൂർണതയിൽ എത്തിക്കാനും ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന നിലയിലേക്ക് ഉയരാനും ലയണൽ മെസിക്ക് കഴിഞ്ഞു.

ലോകകപ്പ് സ്വന്തമാക്കിയതോടെ മെസി ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ലോകചാമ്പ്യൻ എന്ന നിലയിൽ അർജന്റീനക്കൊപ്പം ഇനിയും കളിക്കണമെന്ന ആഗ്രഹവുമായി ടീമിനൊപ്പം തുടരുകയാണ് താരം. അടുത്ത കോപ്പ അമേരിക്കയിൽ എന്തായാലും ഉണ്ടാകുമെന്നുറപ്പുള്ള മെസി 2026 ലോകകപ്പിനു മുൻപ് വിരമിച്ചേക്കുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ 2026 ലോകകപ്പിൽ കളിക്കാനുള്ള സാധ്യതകൾ പൂർണമായും തള്ളിക്കളയാതെയാണ് താരം കഴിഞ്ഞ ദിവസം ഭാവിയെക്കുറിച്ച് സംസാരിച്ചത്.

“2026 ലോകകപ്പിൽ കളിക്കുന്നതിനെക്കുറിച്ച് ഞാനിപ്പോൾ ചിന്തിക്കുന്നില്ല, കാരണം അത് വളരെ ദൂരെയുള്ള ഒന്നാണ്. അവിടെയുണ്ടാവുക എന്നതു മാത്രമല്ല അതിലെ പ്രധാനപ്പെട്ട കാര്യം, ആ സമയത്ത് നമ്മൾ എങ്ങനെയുണ്ടാകും എന്നതും ടീമിന് എന്തൊക്കെ നൽകാൻ കഴിയും എന്നതുമാണ്. ആ സമയത്തെ എന്റെ പ്രായം പരിഗണിക്കുമ്പോൾ അത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. എന്നാൽ ആ സമയത്ത് കായികപരമായി ഞാൻ എത്രത്തോളം മികച്ചു നിൽക്കുന്നുവെന്ന് നോക്കട്ടെ.” മെസി പറഞ്ഞു.

നിലവിൽ ലയണൽ മെസി ഏറ്റവുമധികം കളിക്കാൻ ഇഷ്‌ടപ്പെടുന്നതും, ഏറ്റവും മികച്ച പ്രകടനം നടത്തുന്നതും അർജന്റീന ടീമിനൊപ്പം. മികച്ച തന്ത്രജ്ഞനായ ലയണൽ സ്‌കലോണി പരിശീലിപ്പിക്കുന്ന അർജന്റീന ടീം ലോകകപ്പ് കഴിഞ്ഞതോടെ കൂടുതൽ കരുത്തും ആത്മവിശ്വാസവും നേടിയിട്ടുണ്ട്. അടുത്ത കോപ്പ അമേരിക്കക്ക് ശേഷം ഏതാനും താരങ്ങൾ കൊഴിഞ്ഞു പോകുമെങ്കിലും അതിനു പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അർജന്റീനക്കായി മികച്ച പ്രകടനം നടത്താൻ കഴിയുന്നുണ്ടെങ്കിൽ അടുത്ത ലോകകപ്പിലും മെസിയുണ്ടാകും.

2026 ലോകകപ്പ് ലക്ഷ്യമിട്ടാണ് ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിൽ വെച്ചാണ് അടുത്ത ലോകകപ്പ് നടക്കുന്നത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി പുതിയൊരു ഫോർമാറ്റിൽ കൂടുതൽ ടീമുകളെ വെച്ച് നടത്തുന്ന ലോകകപ്പിൽ മെസി ഉണ്ടാകണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. 2026ൽ മെസിക്ക് 39 വയസാകുമെങ്കിലും മെസിയുടെ പ്രതിഭ നിലനിൽക്കുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

Messi Talks About Playing 2026 World Cup