മെസിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഡി ബ്രൂയ്ൻ ഒന്നാമത്, കഴിഞ്ഞ അഞ്ചു വർഷത്തിൽ ഏറ്റവുമധികം അസിസ്റ്റ് നൽകിയ താരങ്ങൾ

ഗോളുകൾ നേടുന്നതിനൊപ്പം തന്നെ ഗോളവസരങ്ങൾ ഒരുക്കി നൽകുന്നതിലും മികവ് കാണിക്കുന്ന താരമാണ് ലയണൽ മെസി. തന്റെ സഹതാരങ്ങൾക്ക് നിസ്വാർത്ഥമായി അവസരങ്ങൾ ഒരുക്കി നൽകുന്ന മെസിയുടെ മനോഭാവം കൊണ്ടു കൂടിയാണ് ആരാധകർ താരത്തെ ഇഷ്‌ടപ്പെടുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിൽ ഏറ്റവുമധികം അസിസ്റ്റ് നൽകിയ താരങ്ങളുടെ പട്ടികയെടുക്കുമ്പോൾ ലയണൽ മെസി മൂന്നാം സ്ഥാനത്തുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ താരം കെവിൻ ഡി ബ്രൂയ്‌നാണ് ഒന്നാം സ്ഥാനത്ത്.

പോപ്പ്ഫൂട്ടിന്റെ വിശകലനപ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 271 മത്സരങ്ങൾ കളിച്ച കെവിൻ ഡി ബ്രൂയ്ൻ 121 ഗോളുകൾക്കാണ് അവസരമൊരുക്കി നൽകിയത്. രണ്ടാം സ്ഥാനത്തുള്ളത് ബയേൺ മ്യൂണിക്കിന്റെ ജർമൻ താരമായ തോമസ് മുള്ളറാണ്. 278 മത്സരങ്ങൾ കളിച്ച താരം 111 ഗോളുകൾക്കാണ് അസിസ്റ്റ് നൽകിയിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള ലയണൽ മെസി 288 മത്സരങ്ങൾ ഇക്കാലയളവിൽ കളിച്ചിട്ടുണ്ട്. ഇതിൽ നിന്നും 108 അസിസ്റ്റുകൾ സ്വന്തമാക്കാൻ താരത്തിനായി.

കഴിഞ്ഞ അഞ്ചു വർഷത്തിൽ ഏറ്റവുമധികം അസിസ്റ്റ് നൽകിയ അഞ്ചു താരങ്ങളെ എടുത്താൽ അതിൽ മൂന്നു പേരും പിഎസ്‌ജി കളിക്കാരാണെന്ന പ്രത്യേകത കൂടിയുണ്ട്. മെസി മൂന്നാം സ്ഥാനത്തുള്ള ലിസ്റ്റിൽ നാലും അഞ്ചും സ്ഥാനങ്ങളിൽ നിൽക്കുന്നത് കിലിയൻ എംബാപ്പയും നെയ്‌മറുമാണ്. എംബാപ്പെ 288 മത്സരങ്ങളിൽ നിന്നും 95 അസിസ്റ്റുകൾ നേടിയപ്പോൾ നെയ്‌മർ 204 മത്സരങ്ങൾ കളിച്ച് 86 ഗോളുകൾക്കാണ് അവസരം ഒരുക്കി നൽകിയത്. ക്ലബിനും രാജ്യത്തിനുമായുള്ള കണക്കുകളാണ് പരിഗണിച്ചിരിക്കുന്നത്.

ലിസ്റ്റിലുള്ള പിഎസ്‌ജി താരങ്ങളുടെ പ്രധാന പ്രത്യേകത നിരവധി ഗോളുകൾ അടിച്ചു കൂട്ടുന്ന സമയത്താണ് ഇവർ ഇത്രയും ഗോളവസരങ്ങൾ ഒരുക്കി നൽകി ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്നതെന്നാണ്. ഈ മൂന്നു താരങ്ങളും ഇപ്പോൾ ഒരു ക്ലബിനു വേണ്ടിയാണ് കളിക്കുന്നത് എന്നതിനാൽ ഇത്തവണ പിഎസ്‌ജിക്ക് ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളുമുണ്ട്. ഈ സീസനിലിതു വരെ ഒരു മത്സരത്തിൽ പോലും പിഎസ്‌ജി തോൽവിയേറ്റു വാങ്ങിയിട്ടില്ല.