ബാഴ്‌സയുമായുള്ള കരാർ ലംഘിക്കാനുള്ള തുകയടക്കം റയൽ മാഡ്രിഡ് വാഗ്‌ദാനം ചെയ്‌തെന്ന് ബാഴ്‌സലോണ സ്‌കൗട്ട്, ഇല്ലെന്ന് പെരസ്

തിങ്കളാഴ്‌ചയാണ്‌ ബ്രസീലിയൻ താരം നെയ്‌മർ ജൂനിയറിനെതിരായ വിചാരണ സ്പെയിനിൽ ആരംഭിച്ചത്. 2013ൽ സാന്റോസിൽ നിന്നും ബാഴ്‌സയിലേക്കുള്ള താരത്തിന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് നിരവധി അഴിമതികൾ നടന്നിട്ടുണ്ടെന്നും അതിൽ താരത്തിന്റെ പ്രതിനിധികളായി നിന്നിരുന്ന നെയ്‌മർ സീനിയർക്കും ഒരു ബ്രസീലിയൻ കമ്പനിക്കും പങ്കുണ്ടെന്നുമുള്ള സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് വിചാരണ നടന്നു കൊണ്ടിരിക്കുന്നത്. നെയ്‌മറെ സ്വന്തമാക്കാൻ ശ്രമിച്ച ക്ലബുകളിൽ റയൽ മാഡ്രിഡും ഉണ്ടായിരുന്നതിനാൽ തന്നെ ഫ്ലോറന്റീനോ പെരസും കോടതിയിൽ മൊഴി നൽകിയിരുന്നു.

കഴിഞ്ഞ ദിവസം വീഡിയോ ലിങ്കിലൂടെയാണ് നെയ്‌മർ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ടു റയൽ മാഡ്രിഡ് നടത്തിയ നീക്കങ്ങളെക്കുറിച്ച് ഫ്ലോറന്റീനോ പെരസ് അറിയിച്ചത്. താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് സ്പോർട്ടിങ് കമ്മിറ്റിക്ക് താൽപര്യം ഉണ്ടായിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ താൻ ഭാഗമായിരുന്നില്ല എന്നാണു പെരസ് കോടതിയെ അറിയിച്ചത്. 2011ൽ നെയ്‌മറെ സ്വന്തമാക്കാൻ 45 മില്യൺ യൂറോ ഓഫർ ചെയ്‌തതു മാത്രമാണ് ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് നൽകിയ ഓഫറെന്നാണ് പെരസ് പറയുന്നത്.

അതേസമയം നെയ്‌മർ ട്രാൻസ്‌ഫറിൽ ഇടപെടലുകൾ നടത്തിയിരുന്ന ബാഴ്‌സലോണ സ്‌കൗട്ട് ആയ ആന്ദ്രേ ക്യൂറി ഇതിനു വിരുദ്ധമായ മൊഴികളാണ് നൽകിയത്. ബാഴ്‌സലോണയുമായി മുൻ‌കൂർ കരാറിൽ എത്തിയിരുന്ന നെയ്‌മറെ സ്വന്തമാക്കാൻ 2013ൽ 150-160 മില്യൺ യൂറോ വരെ റയൽ മാഡ്രിഡ് വാഗ്‌ദാനം ചെയ്‌തുവെന്നാണ് ക്യൂറി പറയുന്നത്. നെയ്‌മറുടെ ശമ്പളം, താരത്തിന്റെ ഏജന്റായ നെയ്‌മർ സീനിയറിനുള്ള കമ്മീഷൻ, ബാഴ്‌സലോണയുമായുള്ള കരാർ ലംഘിക്കുന്നതിനുള്ള പിഴയായി നാൽപതു മില്യൺ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്.

2013ലാണ് നെയ്‌മർ സാന്റോസിൽ നിന്നും ബാഴ്‌സലോണയിലേക്ക് ചേക്കേറിയത്. ക്ലബിനൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ താരം 2017ൽ റെക്കോർഡ് തുകക്ക് ബാഴ്‌സ വിട്ട താരം പിഎസ്‌ജി ട്രാൻസ്‌ഫർ പൂർത്തിയാക്കുകയും ചെയ്‌തു. നെയ്‌മർ പിഴവുകൾ വരുത്തിയെന്ന് തെളിഞ്ഞാൽ ഈ സംഭവത്തിൽ രണ്ടു വർഷത്തോളം ശിക്ഷ അനുഭവിക്കേണ്ടി വരും. അതേസമയം ട്രാൻസ്‌ഫർ ഇടപാടുകൾ തന്റെ അച്ഛനാണ് എടുത്തിരുന്നതെന്നും ചർച്ചകളിൽ പങ്കെടുത്തിട്ടില്ലെന്നുമാണ് നെയ്‌മർ പറയുന്നത്.