ഫോമിലല്ലെങ്കിലും സോഷ്യൽ മീഡിയയിലെ രാജാവ് റൊണാൾഡോ തന്നെ, മെസി രണ്ടാമത്

ഈ സീസണിൽ മികച്ച ഫോം കണ്ടെത്താൻ കഴിയുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിലെ രാജാവ് താൻ തന്നെയെന്നു തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2021ൽ ഇൻസ്റ്റഗ്രാമിലൂടെ ഏറ്റവുമധികം പണം സമ്പാദിക്കുന്നവരിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ് ഒന്നാം സ്ഥാനത്ത്. ഫുട്ബോൾ ലോകത്തെ മറ്റൊരു സൂപ്പർതാരമായ ലയണൽ മെസിയെയാണ് മറികടന്നാണ് റൊണാൾഡോ ഒന്നാം സ്ഥാനത്തെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ ഏറ്റവുമധികം പണം സമ്പാദിക്കുന്ന താരങ്ങളുടെ പട്ടിക നെറ്റ് ക്രെഡിറ്റാണ് പുറത്തു വിട്ടത്.

മെറ്റായുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിലെ സ്‌പോൺസേർഡ് കണ്ടന്റുകൾ വഴി 2021ൽ എൺപത്തിയഞ്ചു മില്യൺ ഡോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്. രണ്ടാം സ്ഥാനത്തുള്ള ലയണൽ മെസിക്ക് റൊണാൾഡോയെക്കാൾ പന്ത്രണ്ടു മില്യൺ കുറഞ്ഞ് എഴുപത്തിയഞ്ചു മില്യൺ ഡോളറാണ് കഴിഞ്ഞ വർഷം ലഭിച്ചത്. ഏറ്റവുമധികം വരുമാനം ലഭിക്കുന്ന താരങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് താരം കോഹ്ലി മൂന്നാമത് നിൽക്കുന്നു. 36 മില്യൺ ഡോളറാണ് താരത്തിന്റെ വരുമാനം.

ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്ന ആളുകളുടെ എണ്ണത്തിലും ലയണൽ മെസിയെക്കാൾ വളരെ മുന്നിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാൾഡോക്ക് 489 മില്യൺ ഫോളോവേഴ്‌സുള്ളപ്പോൾ ലയണൽ മെസിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 367 മില്യനാണ്. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിയ മെസിക്ക് മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്നത് താരത്തിന്റെ വരുമാനത്തെയും ബാധിച്ചിരിക്കണം. അതേസമയം കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ റൊണാൾഡോ ടീമിന്റെ ടോപ് സ്കോററാണ്.

അതേസമയം ഈ സീസണിൽ രണ്ടു താരങ്ങളുടെയും ഫോം നേരെ വിപരീതമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ സ്ഥിരമായി അവസരം ലഭിക്കാത്ത റൊണാൾഡോക്ക് അവസരം ലഭിക്കുന്ന സമയത്തും മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ല. ഈ സീസണിൽ ആകെ രണ്ടു ഗോളുകൾ മാത്രമാണ് താരം നേടിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന ലയണൽ മെസി ഈ സീസണിലിതു വരെ എട്ടു ഗോളുകളും എട്ട് അസിസ്റ്റുകളും പിഎസ്‌ജിക്കായി സ്വന്തമാക്കിയിട്ടുണ്ട്.