ലോകകപ്പിനുള്ള അർജന്റീന സ്‌ക്വാഡ് തീരുമാനിച്ച് സ്‌കലോണി, പരിക്കേറ്റ താരങ്ങളും ഇടം പിടിക്കും

ഖത്തർ ലോകകപ്പിനുള്ള അർജന്റീന ടീമിന്റെ പ്രാഥമിക സ്‌ക്വാഡ് പരിശീലകൻ ലയണൽ സ്‌കലോണി തീരുമാനിച്ചു. പരിക്കേറ്റ പ്രധാന താരങ്ങളും സ്‌ക്വാഡിൽ ഇടം പിടിക്കുമെന്ന് അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്ടിന്റെ ജേർണലിസ്റ്റായ ഗാസ്റ്റൻ എഡുൽ വെളിപ്പെടുത്തുന്നു. മുപ്പത്തിയഞ്ചംഗങ്ങളുള്ള സ്‌ക്വാഡിന്റെ ലിസ്റ്റ് സ്‌കലോണി വെള്ളിയാഴ്‌ചയാണ് ഫിഫക്ക് കൈമാറുക. പ്രാഥമിക ലിസ്റ്റിലെ താരങ്ങൾ ആരൊക്കെയാണെന്ന ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴുണ്ടാകില്ല.

ലോകകപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ സ്‌കലോണി പരിഗണിക്കാറുള്ള നാല് അർജന്റീന താരങ്ങളാണ് പരിക്കിന്റെ പിടിയിലുള്ളത്. ഏഞ്ചൽ ഡി മരിയ, പൗലോ ഡിബാല എന്നീ സൂപ്പർതാരങ്ങൾക്കു പുറമെ യുവാൻ ഫോയ്ത്ത്, യുവാൻ മുസോ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഈ നാല് താരങ്ങളും പ്രാഥമിക ലിസ്റ്റിൽ ഉണ്ടാകുമെന്നാണ് ഗാസ്റ്റൻ എഡുൽ വെളിപ്പെടുത്തുന്നത്. അവസാന സ്‌ക്വാഡിനെ തീരുമാനിക്കാൻ നവംബർ 14 വരെ സമയമുള്ളതിനാൽ അപ്പോഴാകും അന്തിമ തീരുമാനം എടുക്കുന്നുണ്ടാവുക.

ഇത്തവണത്തെ ലോകകപ്പിൽ കിരീടസാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് അർജന്റീന. 2019 കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലിൽ ചിലിയെ തോൽപ്പിച്ചു തുടങ്ങിയ അപരാജിതകുതിപ്പ് മുപ്പത്തിയഞ്ചു മത്സരങ്ങളായി തുടർന്നാണ് അവർ ലോകകപ്പിനെത്തുന്നത്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ ജയിച്ചാൽ ഏറ്റവുമധികം മത്സരങ്ങൾ അപരാജിതരായി കളിച്ച ദേശീയ ടീമെന്ന റെക്കോർഡും അർജന്റീനക്ക് സ്വന്തമാകും.

ഇക്കാലയളവിൽ കോപ്പ അമേരിക്ക, ലാ ഫൈനലിസിമ കിരീടങ്ങൾ സ്വന്തമാക്കിയ അർജന്റീന ഖത്തർ ലോകകപ്പിനെത്തുമ്പോൾ അവർക്ക് ഭീഷണി പരിക്കു തന്നെയാണ്. സ്‌കലോണി കെട്ടുറപ്പോടെ പടുത്തുയർത്തിയ സ്‌ക്വാഡിൽ നിന്നും ഏതൊരു താരത്തെ നഷ്‌ടമായാലും അത് അർജന്റീനയെ ബാധിക്കും. എല്ലായ്പ്പോഴുമെന്ന പോലെ നായകൻ ലയണൽ മെസിയുടെ കാലുകളിൽ തന്നെയാണ് അവരുടെ പ്രതീക്ഷ. ഈ വർഷം അർജന്റീനക്കു വേണ്ടി തകർപ്പൻ ഫോമിലാണ് താരം കളിക്കുന്നത്. അർജന്റീനയുടെ 35 അംഗ പ്രാഥമിക സ്‌ക്വാഡിൽ സാധ്യതയുള്ള താരങ്ങൾ:

ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല), ഫ്രാങ്കോ അർമാനി (റിവർപ്ലേറ്റ്), ജുവാൻ മുസ്സോ (അറ്റലാന്റ), ജെറോനിമോ റുള്ളി (വിയ്യറയൽ).

ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയേൽ (സെവിയ), നഹുവൽ മൊലിന (അറ്റ്‌ലറ്റിക്കോ മാഡ്രിഡ്), ജുവാൻ ഫോയ്ത്ത് (വിയ്യറയൽ), ജർമൻ പെസെല്ല (ബെറ്റിസ്), നെഹുവൻ പെരെസ് (യുഡിനീസ്), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം), നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക), ലിസാൻഡ്രോ മാർട്ടിനസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), മാർക്കോസ് സെനെസി (ബോൺമൗത്ത്), നിക്കോളാസ് ടാഗ്ലിയാഫിക്കോ (ഒളിമ്പിക് ലിയോൺ), മാർക്കോസ് അക്യൂന (സെവില്ല), ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട (ഫിയോറന്റീന).

മിഡ്‌ഫീൽഡർമാർ: ഗൈഡോ റോഡ്രിഗസ് (ബെറ്റിസ്), അലക്‌സിസ് മാക് അലിസ്റ്റർ (ബ്രൈറ്റൺ), റോഡ്രിഗോ ഡി പോൾ (അറ്റ്‌ലറ്റിക്കോ മാഡ്രിഡ്), എക്‌സിക്വിയൽ പാലാസിയോസ് (ബേയർ ലെവർകുസെൻ), എൻസോ ഫെർണാണ്ടസ് (ബെൻഫിക്ക), ജിയോവാനി ലോ സെൽസോ (ടോട്ടൻഹാം), പപ്പു ഗോമസ് (സെവിയ്യ), ഏഞ്ചൽ ഡി മരിയ (യുവന്റസ്), ലിയാൻഡ്രോ പരേഡസ് (യുവന്റസ്), തിയാഗോ അൽമാഡ (അറ്റ്ലാന്റ യുണൈറ്റഡ്), നിക്കോളാസ് ഡൊമിനിഗ്വസ് (ബൊലോഗ്ന).

ഫോർവേഡുകൾ: ലയണൽ മെസ്സി (പിഎസ്‌ജി), ലൗട്ടാരോ മാർട്ടിനെസ് (ഇന്റർ), പൗളോ ഡിബാല (റോമ), ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി), ജോക്വിൻ കൊറിയ (ഇന്റർ), നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന), ഏഞ്ചൽ കൊറിയ (അറ്റ്‌ലറ്റിക്കോ മാഡ്രിയോൺ). ജിയോവാനി സിമിയോണി (നാപ്പോളി)