“നെയ്‌മറും മെസിയും തമ്മിൽ സംസാരിച്ചതോടെ റയൽ മാഡ്രിഡ് പിൻമാറി”- ബ്രസീലിയൻ താരത്തിന്റെ ബാഴ്‌സലോണ ട്രാൻസ്‌ഫറിനെക്കുറിച്ച് ഏജന്റ്

ലയണൽ മെസിയുമായി നെയ്‌മർ നടത്തിയ സംഭാഷണമാണ് ബ്രസീലിയൻ താരം ബാഴ്‌സലോണയെ തിരഞ്ഞെടുക്കാൻ കാരണമായതെന്ന് നെയ്‌മറുടെ മുൻ ഏജന്റായ വാഗ്നർ റിബേറോ. 2013ലാണ് ബ്രസീലിയൻ ക്ലബായ സാന്റോസിൽ നിന്നും നെയ്‌മർ ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നത്. താരത്തിനായി റയൽ മാഡ്രിഡ് ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ലയണൽ മെസിയും നെയ്‌മറും തമ്മിലുള്ള സംസാരം കഴിഞ്ഞതോടെ റയൽ മാഡ്രിഡ് അതിൽ നിന്നും പിന്മാറിയെന്നും അദ്ദേഹം പറയുന്നു.

“പെരസിനു നെയ്‌മറെ വേണമായിരുന്നു. അവർ നിരവധി ഓഫറുകൾ നൽകി, അതിനൊപ്പം ബാഴ്‌സലോണയും. എപ്പോഴെല്ലാം മാഡ്രിഡ് ഓഫർ നൽകിയോ, ബാഴ്‌സലോണ അതിനെ മറികടന്നു. മാഡ്രിഡ് ഓഫർ നൽകുന്നതിൽ നിന്നും പിൻമാറിയത് ബാഴ്‌സയിലേക്ക് വരാൻ മെസി നടത്തിയ സംഭാഷണത്തിനു ശേഷമാണ്. മെസി നെയ്‌മറുടെ ട്രാൻസ്‌ഫറിൽ നിർണായകമായിരുന്നു.” റിബേറോ പറഞ്ഞത് മുണ്ടോ ഡിപോർറ്റീവോ റിപ്പോർട്ടു ചെയ്‌തു.

സാന്റോസിനു താരത്തെ നിലനിർത്താനായിരുന്നു താൽപര്യമെന്നും പെലെ വഴി ലഭിച്ചതു പോലെ കൂടുതൽ പ്രശസ്‌തി അതിലൂടെ വരുമെന്ന് അവർ കണക്കു കൂട്ടിയെന്നും റിബേറോ പറയുന്നു. താരത്തിന് കൂടുതൽ ശമ്പളം സാന്റോസ് വാഗ്‌ദാനം ചെയ്‌തുവെന്നു വ്യക്തമാക്കിയ അദ്ദേഹം ഈ ട്രാൻസ്‌ഫറിലൂടെ തനിക്ക് ഒരു കമ്മീഷനും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി. നെയ്‌മറുടെ പിതാവും ആന്ദ്രേ ക്യൂറിയുമാണ് അതിന്റെ നീക്കങ്ങൾ നടത്തിയതെന്നും റിബേറോ കൂട്ടിച്ചേർത്തു.

ബാഴ്‌സലോണയിൽ ഒരുമിക്കുകയും പിന്നീട് അപ്രതീക്ഷിതമായി പിരിയുകയും ചെയ്‌ത ലയണൽ മെസി, നെയ്‌മർ സഖ്യം കഴിഞ്ഞ സീസണിനു മുന്നോടിയായി പിഎസ്‌ജിയിൽ ഒരുമിക്കുകയുണ്ടായി. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ രണ്ടു താരങ്ങളും മികച്ച ഒത്തിണക്കം കാണിച്ചു തുടങ്ങിയിട്ടുണ്ട്. ദേശീയ ടീമിന്റെ കാര്യം വരുമ്പോൾ എതിരാളികളായി മാറുമെങ്കിലും മറ്റുള്ള സമയത്തെല്ലാം മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഈ താരങ്ങളിലാണ് പിഎസ്‌ജി ഈ സീസണിൽ യൂറോപ്യൻ കിരീടം സ്വപ്‌നം കാണുന്നത്.