ഒരു മിനുട്ട് പോലും അവസരം നൽകിയില്ല, മത്സരം തീരും മുൻപേ മൈതാനം വിട്ട് റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനവും തമ്മിൽ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു മിനുട്ട് പോലും തന്നെ കളത്തിലിറക്കാത്തതിനാൽ രോഷാകുലനായി മത്സരം തീരും മുൻപേ കളിക്കളം വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഓൾഡ് ട്രാഫോഡിൽ വെച്ചു നടന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ടോട്ടനത്തെ കീഴടക്കിയിരുന്നു. ടീമിന്റെ വിജയത്തിലും തനിക്ക് അവസരം ലഭിക്കാത്തതിലെ അതൃപ്‌തി മത്സരത്തിന് മിനുട്ടുകൾ ബാക്കി നിൽക്കെ റൊണാൾഡോ പ്രകടിപ്പിക്കുകയായിരുന്നു.

ന്യൂകാസിൽ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾരഹിത സമനില വഴങ്ങിയ കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടായിരുന്നെങ്കിലും ഈ മത്സരത്തിൽ താരത്തിന് ബെഞ്ചിലായിരുന്നു സ്ഥാനം. 4-2-3-1 ശൈലിയിൽ കസമീറോ, ഫ്രെഡ് എന്നിവരെ ഡബിൾ പൈവറ്റുകളായി കളിപ്പിച്ച് അവർക്കു മുന്നിൽ ആന്റണി-ബ്രൂണോ-സാഞ്ചോ എന്നിവരെയും സ്‌ട്രൈക്കറായി മാർക്കസ് റാഷ്‌ഫോഡിനെയും ഇറക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച പ്രകടനമാണ് നടത്തിയത്.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചതിൽ ഏറ്റവുമധികം ആധിപത്യം പുലർത്തിയ മത്സരമായിരുന്നു ഇന്നലത്തേത്. ഫ്രഡിലൂടെ ലീഡ് നേടി ബ്രൂണോ ഫെർണാണ്ടസിലൂടെ അതു വർധിപ്പിച്ച് ടീം വിജയം നേടിയെങ്കിലും അതൊന്നും റൊണാൾഡോയെ തൃപ്‌തനാക്കിയില്ലെന്ന് താരത്തിന്റെ പ്രവൃത്തി വെളിപ്പെടുത്തുന്നു. മത്സരത്തിൽ രണ്ടു പകരക്കാരെ ഇറക്കാൻ ബാക്കിയുണ്ടായ സമയത്ത് വാം അപ്പ് ചെയ്യാൻ പറഞ്ഞതിന് ശേഷവും തന്നെ പരിഗണിക്കാത്തതിനെ തുടർന്നാണ് എൺപത്തിയൊമ്പതാം മിനുട്ടിൽ റൊണാൾഡോ മൈതാനം വിടുന്നത്. താരം ചെയ്‌തത് ആരാധകരിലും അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട്.

അതേസമയം റൊണാൾഡോയുടെ പ്രവൃത്തിയെ താൻ അടുത്ത ദിവസം കൈകാര്യം ചെയ്യുമെന്നാണ് ഇതേക്കുറിച്ച് പരിശീലകനായ എറിക് ടെൻ ഹാഗ് പറഞ്ഞത്. താരത്തെ കണ്ടെങ്കിലും ഇന്നിതെക്കുറിച്ച് സംസാരിക്കാതെ മികച്ച വിജയം ആഘോഷിക്കാനാണ് പദ്ധതിയെന്നും ഇനിയുള്ള മത്സരങ്ങൾക്ക് ടീമിനെ തയ്യാറെടുപ്പിക്കുക പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഇലവനിലെ താരങ്ങൾ മാത്രമല്ല, പകരക്കാരായി ഇറങ്ങുന്ന താരങ്ങളും ടീമിനായി മികച്ച പ്രകടനം നടത്തേണ്ടത് പ്രധാനമാണെന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തു.