“നിങ്ങളൊരു അപമാനമാണ്, ദയവായി ക്ലബ് വിടൂ”- റൊണാൾഡൊക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു

ഇന്നലെ പ്രീമിയർ ലീഗിൽ ടോട്ടനം ഹോസ്‌പറിനെതിരെ നടന്ന മത്സരത്തിൽ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയതെങ്കിലും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് റൊണാൾഡോയാണ്. പകരക്കാരുടെ ബെഞ്ചിലായിരുന്ന താരം തന്നെ കളിക്കാനിറക്കാത്തതിനെ തുടർന്ന് മത്സരം അവസാനിക്കുന്നതിനു മുൻപു തന്നെ മൈതാനം വിട്ടതിന്റെ പേരിലാണ് വാർത്തകളിൽ നിറയുന്നത്. എന്നാൽ താരത്തിന്റെ പ്രവൃത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ അത്ര മികച്ച പ്രതികരണമല്ല സൃഷ്‌ടിക്കുന്നത്.

റൊണാൾഡോയെ ഒഴിവാക്കി 4-2-3-1 ശൈലിയിൽ ടീമിനെ എറിക് ടെൻ ഹാഗ് ഇറക്കിയ മത്സരത്തിൽ തുടക്കം മുതൽ അവർ ആധിപത്യം പുലർത്തിയിരുന്നു. ടോട്ടനത്തിനു ശ്വാസം വിടാൻ അവസരം നൽകാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒറ്റക്കെട്ടായി നിന്നു പൊരുതിയ കളിയിൽ നിർഭാഗ്യം കൊണ്ടു മാത്രമാണ് ഇതിനേക്കാൾ വലിയ വിജയം യുണൈറ്റഡിന് നേടാൻ കഴിയാതെ പോയത്. എന്നാൽ അതിന്റെ സന്തോഷം മുഴുവൻ ആരാധകരിൽ നിന്നും ഇല്ലാതാക്കിയാണ് റൊണാൾഡോ മത്സരത്തിനു മുൻപേ മൈതാനത്തു നിന്നും ഇറങ്ങിപ്പോയത്.

ക്ലബിന്റെ പാരമ്പര്യത്തെ താറടിക്കുന്ന പ്രവൃത്തിയാണ് റൊണാൾഡോ നടത്തിയതെന്ന് നിരവധി ആരാധകർ അഭിപ്രായപ്പെടുന്നു. മുപ്പത്തിയേഴാം വയസിൽ നിസ്സാരകാര്യങ്ങൾക്ക് കോപിക്കുന്ന കുട്ടിയെപ്പോലെ പെരുമാറുന്ന റൊണാൾഡോ ഒരു അപമാനമാണെന്ന് ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചപ്പോൾ യുവാക്കളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ തന്റെ യശസ്സ് ഇല്ലാതാക്കുകയാണ് താരം ചെയ്യുന്നതെന്ന് മറ്റൊരാൾ അഭിപ്രായപ്പെടുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും റൊണാൾഡോ പുറത്തു പോവുകയാണ് ഏറ്റവും നല്ലതെന്നു പറയുന്നവരുമുണ്ട്.

റൊണാൾഡോയുടെ ഈ മനോഭാവം സ്‌ക്വാഡിനുള്ളിൽ കുഴപ്പങ്ങൾ സൃഷ്‌ടിക്കും എന്നു കരുതുന്നവരുമുണ്ട്. എറിക് ടെൻ ഹാഗിന് കൂടുതൽ തലവേദന സൃഷ്‌ടിക്കുകയാണ് റൊണാൾഡോ ചെയ്യുന്നതെന്നും ആരാധകർ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച വിജയത്തിന്റെ ആഹ്ലാദം മുഴുവൻ റൊണാൾഡോ കളഞ്ഞു കുളിച്ചെന്നു ഒരു ആരാധകൻ അഭിപ്രായപ്പെടുമ്പോൾ കായികലോകത്തെ തന്നെ ഏറ്റവും സ്വാർത്ഥനായ അത്ലറ്റാണ് റൊണാൾഡോയെന്നും ചിലർ ഇന്നലത്തെ സംഭവത്തിന് ശേഷം പറയുന്നു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ റൊണാൾഡോ ശ്രമങ്ങൾ നടത്തിയെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള വമ്പൻ ക്ലബുകൾക്ക് താരത്തിൽ താല്പര്യമില്ലാത്തതിനാൽ അതു നടന്നിരുന്നില്ല. ഇന്നലത്തെ സംഭവത്തോടെ ജനുവരി ജാലകത്തിൽ താരം ക്ലബ് വിടാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രവൃത്തികൾ ക്ലബുകൾക്ക് താരത്തോടുള്ള താൽപര്യം കുറയാനേ ഇടവരുത്തൂ.