“ലോകകപ്പിനെക്കുറിച്ച് ചിന്തിച്ചു മാത്രം കളിക്കാൻ കഴിയില്ല”- പരിക്കിന്റെ ആശങ്കയെക്കുറിച്ച് അർജന്റീന താരം

ലോകകപ്പിനു മുന്നോടിയായി അർജന്റീനയുടെ രണ്ടു താരങ്ങൾ പരിക്കിന്റെ പിടിയിലായി ടൂർണമെന്റ് നഷ്‌ടപ്പെടുമോയെന്ന ആശങ്കയിൽ നിൽക്കുന്ന സമയമാണെങ്കിലും ലോകകപ്പിനെക്കുറിച്ച് മാത്രം ചിന്തിച്ച് തനിക്ക് മുന്നോട്ടു പോകാൻ കഴിയില്ലെന്ന് അർജന്റീനയുടെ മുന്നേറ്റനിര താരം ലൗടാരോ മാർട്ടിനസ്. നിലവിൽ പൗളോ ഡിബാല, ഏഞ്ചൽ ഡി മരിയ എന്നീ അർജന്റീന താരങ്ങളാണ് പരിക്കേറ്റു പുറത്തിരിക്കുന്നത്. ഇതിൽ ഡിബാലക്ക് ലോകകപ്പ് നഷ്‌ടപ്പെടുമെന്നാണ് സൂചനകൾ.

നിലവിൽ മികച്ച ഫോമിലാണ് അർജന്റീന ടീം ലോകകപ്പിനായി തയ്യാറെടുക്കുന്നത്. എന്നാൽ ക്ലബ് സീസണിന്റെ ഇടയിലാണ് നടക്കുന്നത് എന്നതിനാൽ ടൂർണമെന്റിനു മുന്നോടിയായി പ്രധാന താരങ്ങൾക്ക് പരിക്കു പറ്റുമോയെന്ന ആശങ്ക എല്ലാവർക്കുമുണ്ട്. ദിവസങ്ങൾക്കു മുൻപ് അർജന്റീനയുടെ നായകനായ ലയണൽ മെസിയും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ അത്തരം ആശങ്കകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ സ്വാഭാവികമായ കളി കാഴ്‌ച വെക്കുകയാണു നല്ലതെന്നാണ് ലൗടാരോ മാർട്ടിനസ് പറയുന്നത്.

“നമ്മൾ എല്ലായിപ്പോഴും കളിക്കുന്നതു പോലെ തന്നെ തുടരുകയാണ് നല്ലതെന്നാണ് ഞാൻ കരുതുന്നത്. കാരണം നമ്മൾ പിൻവലിഞ്ഞാൽ അതു ചിലപ്പോൾ എതിരായി മാറുന്നതിനു കാരണമായേക്കും. ഞാനെന്റെ സാധാരണ പോലെയുള്ള പ്രകടനം തുടരാൻ ശ്രമിക്കും, മൈതാനത്ത് എപ്പോഴും ചെയ്യുന്നത് തുടരും. ഞാൻ പിൻവലിഞ്ഞു നിൽക്കില്ല. നല്ലതു മാത്രമേ സംഭവിക്കൂവെന്നു കരുതാം.” അർജന്റീനിയൻ മാധ്യമം ടൈക് സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ലൗടാരോ പറഞ്ഞു.

ഏഞ്ചൽ ഡി മരിയ, പൗളോ ഡിബാല എന്നിവരുടെ പരിക്കിനെക്കുറിച്ചും ലൗടാരോ മാർട്ടിനസ് സംസാരിച്ചു. “ഏഞ്ചൽ ഡി മരിയയുടെ പരിക്കിനു ശേഷം ഞാനൊരു സന്ദേശം അയച്ചിരുന്നു. താരം വളരെ ശാന്തനായി തുടരുന്നു. ഇരുപതു ദിവസത്തിന്റെ ഉള്ളിൽ പൂർണമായും സുഖപ്പെടുമെന്നാണ് താരം പറയുന്നത്. താരവും പൗളോയും പെട്ടന്നു തന്നെ സുഖപ്പെടുമെന്നാണ് ഞാൻ കരുതുന്നത്. അവർ രണ്ടു പേരും ടീമിന് വളരെ പ്രധാനപ്പെട്ട താരങ്ങളാണ്.” ഇന്റർ മിലാൻ താരം പറഞ്ഞു.

ലോകകപ്പിനിറങ്ങുമ്പോൾ അർജന്റീനയുടെ പ്രധാന താരമാണ് ലൗടാരോ മാർട്ടിനസ്. സ്‌ട്രൈക്കറായി കളിക്കുന്ന താരം ഇതുവരെ 40 മത്സരങ്ങളിൽ നിന്നും 21 ഗോളുകൾ ടീമിനായി നേടിയിട്ടുണ്ട്. ലൗടാരോ മാർട്ടിനസായിരിക്കും ലോകകപ്പിലെ ടോപ് സ്‌കോറർ എന്ന് അടുത്തിടെ അർജന്റീനയുടെ മുൻ താരമായ ഡീഗോ മിലിറ്റോ അഭിപ്രായപ്പെടുകയും ചെയ്‌തിരുന്നു.