2022 ലോകകപ്പ് നേടാൻ സാധ്യതയുള്ള രണ്ടു ടീമുകളെ വെളിപ്പെടുത്തി സാഡിയോ മാനെ

ഖത്തർ ലോകകപ്പിലേക്ക് ഇനി ഒരു മാസം മാത്രമേ ബാക്കിയുള്ളൂ. ക്ലബ് സീസന്റെ ഇടയിൽ നടക്കുന്ന ലോകകപ്പ് ആയതിനാലും നിരവധി കരുത്തുറ്റ ടീമുകൾ ഉള്ളതിനാലും ഇത്തവണത്തെ ടൂർണമെന്റിൽ ഏതെങ്കിലുമൊരു ടീമിന് വ്യക്തമായ ആധിപത്യമുണ്ടെന്ന് പറയാൻ കഴിയില്ലെങ്കിലും ആരാണ് കൂടുതൽ കരുത്തരെന്ന ചോദ്യം ഉയർന്നു കൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്ക് മുന്നേറ്റനിര താരമായ സാഡിയോ മാനെ ലോകകപ്പിൽ കൂടുതൽ സാധ്യതയുള്ള രണ്ടു ടീമുകളെ തിരഞ്ഞെടുക്കുകയുണ്ടായി.

ഈ വർഷം ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിലും ലോകകപ്പ് പ്ലേ ഓഫ് മത്സരത്തിലും സലായുടെ ഈജിപ്‌തിനെ കീഴടക്കിയെത്തിയ സെനഗലിന് 2022 ലോകകപ്പിൽ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മാനെ ഏറ്റവും കരുത്തരായ രണ്ടു ടീമുകളെ തിരഞ്ഞെടുത്തത്. ആഫ്രിക്കയിലെ കരുത്തരായ ടീമാണെങ്കിലും സെനഗലിനു ലോകകപ്പ് സാധ്യതകളില്ലെന്നു പറഞ്ഞ മാനെ ഫ്രാൻസ്, സ്പെയിൻ എന്നീ ടീമുകൾക്ക് കിരീടമുയർത്താൻ കൂടുതൽ സാധ്യതയുണ്ടെന്നാണു പറയുന്നത്.

“സെനഗൽ ഏറ്റവുമധികം സാധ്യതയുള്ള ടീമാണെന്ന് ഞാൻ പറയില്ല, കാരണം ഫ്രാൻസ്, സ്പെയിൻ എന്നിങ്ങനെ സെനഗലിനേക്കാൾ കൂടുതൽ മുന്നിലുള്ള ടീമുകൾ ഉണ്ട്. ഞങ്ങൾ പരിഭ്രമമൊന്നുമില്ലാതെ ടൂർണമെന്റിനു പോവുകയും ഇതുവരെ ചെയ്‌തു പോന്നത് തുടരുകയും ചെയ്യും.” കഴിഞ്ഞ ദിവസം ബാലൺ ഡി ഓർ പുരസ്‌കാരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ താരം ഫ്രഞ്ച് മാധ്യമം ആർഎംസി സ്പോർട്ടിനോട് പറഞ്ഞു.

ലോകമെമ്പാടുമുള്ള ആരാധകരിൽ ഭൂരിഭാഗം ആരാധിക്കുകയും ലോകകപ്പ് നേടാൻ സാധ്യത കൽപ്പിക്കുകയും ചെയ്യുന്ന ബ്രസീൽ, അർജന്റീന എന്നീ ടീമുകളെ മാനെ തഴഞ്ഞത് ശ്രദ്ധേയമായ കാര്യമാണ്. ഇവർക്കു പുറമെ ഇംഗ്ലണ്ട്, ജർമനി, പോർച്ചുഗൽ, ബെൽജിയം, നെതര്ലാന്ഡസ് തുടങ്ങി നിരവധി ടീമുകൾക്ക് ടൂർണമെന്റിൽ അത്ഭുതം സൃഷ്‌ടിക്കാൻ കഴിയും.

ലോകകപ്പിൽ ഗ്രൂപ്പ് എയിലാണ് സെനഗൽ ഉൾപ്പെട്ടിരിക്കുന്നത്. ആതിഥേയരായ ഖത്തറിനൊപ്പം കരുത്തരായ നെതർലാൻഡ്‌സും സൗത്ത് അമേരിക്കൻ ശക്തികളായ ഇക്വഡോറും ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പിൽ നിന്നും നോക്ക്ഔട്ടിലേക്ക് മുന്നേറാൻ സെനഗൽ വളരെയധികം മികച്ച പ്രകടനം നടത്തേണ്ടിയിരിക്കുന്നു.