ഒരേസമയം മൂന്ന് അവാർഡുകൾ, ഇത് മെസിക്കു മാത്രം സാധ്യമായത് | Lionel Messi

ഖത്തർ ലോകകപ്പിലെ വിജയത്തിനു പിന്നാലെ ലയണൽ മെസിയെത്തേടി നിരവധി അവാർഡുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരുപോലെ കഴിവുള്ള മെസി ഇതുപോലെയുള്ള പുരസ്‌കാരങ്ങൾ എല്ലായിപ്പോഴും അർഹിക്കുന്നുണ്ടെങ്കിലും ലോകകപ്പ് കിരീടം നേടിയതോടെ പുരസ്‌കാരങ്ങൾ ലയണൽ മെസിയെ അർഹിക്കുന്നതു പോലെയാണ് താരത്തെ തേടി വരുന്നത്. ഐഎഫ്എഫ്എച്ച്എസിന്റെ മികച്ച താരത്തിനുള്ളതും മികച്ച ഇന്റർനാഷണൽ ഗോൾസ്കോറർക്കുള്ള പുരസ്‌കാരവും കഴിഞ്ഞ ദിവസം നേടിയ താരം ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയുടെ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് എന്ന അവാർഡും സ്വന്തമാക്കിയിരുന്നു.

ഇപ്പോൾ മറ്റൊരു പുരസ്‌കാരം കൂടി ലയണൽ മെസിയെത്തേടി എത്തിയിട്ടുണ്ട്. നേരത്തെ ഐഎഫ്എഫ്എച്ച്എസിന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ മെസി അവരുടെ തന്നെ മികച്ച പ്ലേമേക്കർക്കുള്ള അവാർഡും സ്വന്തമാക്കി. 2020, 2021 വർഷത്തിൽ ഈ അവാർഡ് സ്വന്തമാക്കിയ കെവിൻ ഡി ബ്രൂയ്നെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ലയണൽ മെസി ഈ നേട്ടം സ്വന്തമാക്കിയത്. റയൽ മാഡ്രിഡിനൊപ്പം മികച്ച പ്രകടനം നടത്തിനൊപ്പം ക്രൊയേഷ്യയെ ലോകകപ്പിൽ മൂന്നാം സ്ഥാനത്തേക്ക് നയിച്ച ലൂക്ക മോഡ്രിച്ചാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തു വന്നിരിക്കുന്നത്.

മുന്നേറ്റനിരയിൽ കളിക്കുന്ന താരങ്ങൾക്ക് പൊതുവെ ബെസ്റ്റ് പ്ലേമേക്കർ അവാർഡ് ലഭിക്കുക പതിവില്ല. എന്നാൽ ഗോളുകൾ അടിക്കുന്നതിനൊപ്പം കൂടെയുള്ള താരങ്ങളെ കൊണ്ട് ഗോളുകൾ അടിപ്പിക്കാനുള്ള കഴിവ് ലയണൽ മെസിക്കുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലയണൽ മെസി ഈ പുരസ്‌കാരം സ്വന്തമാക്കിയത്. അഞ്ചാം തവണയാണ് ഈ നേട്ടം മെസിയെ തേടി വരുന്നത്. ഇതോടെ നാലു തവണ ഈ അവാർഡ് നേടിയ സാവിയെ മെസി മറികടന്നു. 2007 മുതൽ 2011 വരെ തുടർച്ചയായ വർഷങ്ങളിൽ സാവിയാണ് ഈ അവാർഡ് നേടിയത്. മെസി 2015, 2016, 2017, 2019 വർഷങ്ങളിൽ നേടിയതിനു പുറമെയാണ് 2022ലും ഇത് സ്വന്തമാക്കിയത്.

അവാർഡ് നേട്ടത്തിൽ 170 പോയിന്റാണ് ലയണൽ മെസി സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തു വന്ന ലൂക്ക മോഡ്രിച്ചിനേക്കാൾ 55 പോയിന്റും മൂന്നാം സ്ഥാനത്തു വന്ന കെവിൻ ഡി ബ്രൂയനേക്കാൾ 130 പോയിന്റും താരം നേടി. 2022 വർഷത്തിൽ ഐഎഫ്എഫ്എച്ച്എസിന്റെ ബെസ്റ്റ് പ്ലയെർ അവാർഡ്, ബെസ്റ്റ് ഇന്റർനാഷണൽ ഗോൾസ്കോറർ അവാർഡ് എന്നിവ നേടിയതിനു പുറമെയാണ് ലയണൽ മെസി ഈ പുരസ്‌കാരം നേടിയത്. ഇതോടെ ഐഎഫ്എഫ്എച്ച്എസിന്റെ അവാർഡുകൾ 13 തവണ മെസി നേടിയിരിക്കുന്നത്. എട്ടു തവണ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാം സ്ഥാനത്തു നിൽക്കുന്നു.

ചരിത്രം സ്വന്തം പേരിലാക്കിയാണ് ലയണൽ മെസി ലോകകപ്പ് സ്വന്തമാക്കിയത്. ഇപ്പോൾ ചരിത്രം തിരുത്തിക്കുറിക്കുന്ന തരത്തിൽ ഒന്നിനു പുറമെ ഒന്നായി നിരവധി അവാർഡുകളും താരത്തെ തേടി വരുന്നു. ഇനി മെസിക്കു മുന്നിലുള്ള പ്രധാന പുരസ്‌കാരം 2023 വർഷത്തെ ബാലൺ ഡി ഓറാണ്. നിലവിലെ സാഹചര്യത്തിൽ അതിനു മെസിക്ക് വെല്ലുവിളി സൃഷ്‌ടിക്കാൻ ആർക്കും കഴിയില്ല. പിഎസ്‌ജിക്കൊപ്പം മികച്ച പ്രകടനം നടത്തി കിരീടങ്ങൾ സ്വന്തമാക്കിയാൽ അതൊന്നുകൂടി മെസിക്ക് ഉറപ്പിക്കാൻ കഴിയുകയും ചെയ്യും.