“കഴിഞ്ഞ വർഷങ്ങളിൽ സ്വന്തമാക്കിയത് ശരാശരി താരങ്ങളെ മാത്രം”- എറിക് ടെൻ ഹാഗ് പറയുന്നു

ഈ സീസണു മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത ഡച്ച് പരിശീലകൻ എറിക് ടെൻ ഹാഗിനു കീഴിൽ ക്ലബ് ശരിയായ ദിശയിലാണു പോകുന്നതെന്ന് ടീമിന്റെ പ്രകടനം വ്യക്തമാക്കുന്നു. കഴിഞ്ഞ സീസണിൽ ടീമിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമായ റൊണാൾഡോയെ പകരക്കാരനാക്കി മാറ്റാൻ യാതൊരു മടിയും കാണിക്കാതിരുന്ന അദ്ദേഹം ടീമിനുള്ളിൽ വലിയ മാറ്റങ്ങളാണു വരുത്തിക്കൊണ്ടിരുന്നത്. റൊണാൾഡോയോടുള്ള സമീപനത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ എറിക് ടെൻ ഹാഗ് നേരിടേണ്ടി വന്നെങ്കിലും അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ശരിയായിരുന്നു എന്ന് ക്ലബിന്റെ ഇപ്പോഴത്തെ ഫോം തെളിയിക്കുന്നു.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു ടോപ് ഫോറിലെത്താൻ കഴിയാതെ വന്നപ്പോൾ ഈ സീസണിൽ ഇപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലാണ് ടീം നിൽക്കുന്നത്. സൂപ്പർതാരമായ റൊണാൾഡോ ടീം വിട്ടതിനു ശേഷം കളിച്ച എല്ലാ മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടി. തനിക്ക് വേണ്ട താരങ്ങളെ കൃത്യമായി എത്തിക്കാൻ കഴിഞ്ഞാൽ ഇതിലും മികച്ച പ്രകടനം ടീമിനെക്കൊണ്ട് നടത്താൻ കഴിയുമെന്ന് അദ്ദേഹം തെളിയിക്കുന്നു. കഴിഞ്ഞ ദിവസം എഫ്എ കപ്പിൽ എവർട്ടനെ തകർത്തതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ കാലങ്ങളിലെ ട്രാൻസ്‌ഫർ നീക്കങ്ങളെ അദ്ദേഹം വിമർശിക്കുകയുണ്ടായി.

“ക്ലബ് ചിന്തിക്കാൻ പോലും കഴിയാത്തത്രയും താരങ്ങളെയാണ് കഴിഞ്ഞ കാലങ്ങളിൽ സ്വന്തമാക്കിയതെങ്കിലും അവരെത്ര മികച്ചതായിരുന്നില്ല. വാങ്ങിയ പല കളിക്കാരും ശരാശരി ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ശരാശരി കളിക്കാർ ഇറങ്ങുന്നത് അത്ര ശരിയായ കാര്യമല്ല. യുണൈറ്റഡ് ജേഴ്‌സിക്ക് ഭാരം കൂടുതലാണ്. കടുത്ത സമ്മർദ്ദത്തിലും മികച്ച പ്രകടനം നടത്താൻ കഴിയുന്ന യഥാർത്ഥ വ്യക്തിത്വമുള്ള കളിക്കാർക്ക് മാത്രമേ ഇവിടെ കളിക്കാൻ കഴിയുകയുള്ളൂ.” എറിക് ടെൻ ഹാഗ് പറഞ്ഞു.

ലോകകപ്പിനു ശേഷം നടന്ന അഞ്ചു മത്സരങ്ങളിലും വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആകെ രണ്ടു ഗോളുകൾ മാത്രമാണ് നേടിയിരിക്കുന്നത്. ഈ സീസണിൽ ടോപ് ഫോർ ഉറപ്പിക്കുന്ന പ്രകടനം നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടത്തിനായി പോരാടുന്ന വമ്പന്മാരിൽ പലരുടെയും വഴി മുടക്കുമെന്നതിൽ സംശയമില്ല. ഈ സീസണിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണൽ ടീമിനെതിരെ വിജയിക്കാൻ കഴിഞ്ഞ ഒരേയൊരു ടീം മാഞ്ചസ്റ്റർ യുണൈറ്റഡാണെന്നും അതിനൊപ്പം ചേർത്ത് വായിക്കാം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം ഈ സീസണിൽ കിരീടം നേടുമെന്ന പ്രതീക്ഷ ആരാധകർക്ക് നൽകുന്നുണ്ട്.