എഐഎഫ്എഫിന്റെ പ്രതികാരനടപടിയിൽ ഞെട്ടി കേരള ബ്ലാസ്റ്റേഴ്‌സ്, മുന്നോട്ടു പോക്കിനുള്ള പദ്ധതികൾ താറുമാറാകാൻ സാധ്യത | Drincic

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താമത്തെ സീസൺ കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത് നല്ല രീതിയിലായിരുന്നു. സ്വന്തം മൈതാനത്ത് നടന്ന ആദ്യത്തെ രണ്ടു മത്സരത്തിലും ടീം വിജയം നേടിയപ്പോൾ മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ ടീം തോൽവി വഴങ്ങി. മുംബൈ സിറ്റിക്കെതിരെ തോൽവി നേരിട്ടെങ്കിലും മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ചു നിന്നിരുന്നു. എന്നാൽ ടീമിലെ താരങ്ങൾ അനാവശ്യമായി വരുത്തിയ പിഴവുകളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകിയത്.

മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരം ചെറിയ സംഘർഷങ്ങളോടെയാണ് അവസാനിച്ചത്. അവസാനം സമയം വൈകിപ്പിക്കുന്നതിനു വേണ്ടി മുംബൈ സിറ്റി എഫ്‌സി താരങ്ങൾ നടത്തിയ അടവുകളോട് ബ്ലാസ്റ്റേഴ്‌സ് കളിക്കാർ പ്രതികരിച്ചതാണ് സംഘർഷങ്ങൾക്ക് വഴിയൊരുക്കിയത്. സംഘർഷങ്ങളുടെ ഇടയിൽ കടുത്ത അടവുകൾ പുറത്തെടുത്ത രണ്ടു താരങ്ങൾക്ക് ചുവപ്പുകാർഡും ലഭിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ മിലോസ് ഡ്രിങ്കിച്ചിനും മുംബൈയുടെ വാൻ നെയ്‌ഫിനുമാണ് ചുവപ്പുകാർഡ് ലഭിച്ചത്.

കുറച്ചു മുൻപ് ഈ താരങ്ങൾക്കുള്ള അച്ചടക്കനടപടി എഐഎഫ്എഫ് വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടു താരങ്ങൾക്കും രണ്ടു വീതം മത്സരങ്ങളാണ് വിലക്കു ലഭിക്കുകയെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മൂന്നു വീതം മത്സരങ്ങളിൽ വിലക്കാനാണ് എഐഎഫ്എഫ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഡ്രിങ്കിച്ചിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ്‌സി, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾ കളിക്കാൻ കഴിയില്ല. ടീമിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണിത്.

ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ മിലോസ് ഡ്രിങ്കിച്ച് യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയുടെ ക്വാളിഫയേഴ്‌സ് കളിച്ചിട്ടുള്ള പരിചയസമ്പന്നനായ താരമാണ്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ താരത്തിന്റെ അഭാവം ടീമിന്റെ പദ്ധതികളെ ബാധിക്കും. മിലോസിന്‌ പകരക്കാരനാവാൻ കഴിയുന്ന വിദേശപ്രതിരോധതാരം മാർകോ ലെസ്‌കോവിച്ച് പരിക്ക് കാരണം പുറത്തിരിക്കുകയാണ്. അതാണ് ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ തിരിച്ചടിയാകുന്നത്.

ലെസ്‌കോവിച്ച് എന്ന് തിരിച്ചുവരുമെന്ന് അറിയാത്തതിനാൽ അടുത്ത മത്സരങ്ങളിൽ ഇന്ത്യൻ സെന്റർ ബാക്കുകളെ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കേണ്ടി വരും. പ്രീതം കോട്ടാലും ഹോർമിപാമുമാകും അടുത്ത മത്സരത്തിൽ ഇറങ്ങുക. അതേസമയം കഴിഞ്ഞ മത്സരങ്ങളിൽ പ്രീതം കൊട്ടാൽ നടത്തിയ പ്രകടനം അത്ര മികച്ചതായിരുന്നില്ല. കഴിഞ്ഞ സീസണിൽ ഹോർമിപാമും തിളങ്ങിയിരുന്നില്ല എന്നതിനാൽ വരുന്ന മത്സരങ്ങൾ കൂടുതൽ ആശങ്ക സമ്മാനിക്കുന്നതാണ്.

Milos Drincic Suspended For 3 Matches By AIFF