അർജന്റീനക്കെതിരെ വിജയിക്കാൻ പോയിട്ട് ഗോളടിക്കാൻ പോലും എതിരാളികൾക്ക് കഴിയുന്നില്ല, അവിശ്വസനീയം ഈ പ്രകടനം | Argentina

ലോകകപ്പ് യോഗ്യത റൗണ്ടിലെ നാലാമത്തെ മത്സരത്തിലും അർജന്റീന വിജയം സ്വന്തമാക്കി. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ പെറുവിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. കുറച്ച് നാളുകൾക്ക് ശേഷം ലയണൽ മെസി ആദ്യ ഇലവനിൽ ഇറങ്ങിയ മത്സരത്തിൽ താരം തന്നെയാണ് അർജന്റീനയുടെ രണ്ടു ഗോളുകളും നേടിയത്. നാല് മത്സരങ്ങളിലും വിജയം നേടിയതോടെ ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ അർജന്റീന ഒന്നാം സ്ഥാനത്താണ്.

ലോകകപ്പിന് മുൻപ് മുപ്പത്തിയാറു മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ചിരുന്ന അർജന്റീന ടൂർണമെന്റിലെ ആദ്യത്തെ മത്സരത്തിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങിയാണ് അതിനു അവസാനം കുറിച്ചത്. എന്നാൽ ആ തോൽവിയിൽ നിന്നും പ്രചോദനം നേടിയ അർജന്റീന അതിനു ശേഷമുള്ള എല്ലാ മത്സരങ്ങളിലും വിജയം നേടി കിരീടം സ്വന്തമാക്കി. ആ തോൽവിക്ക് ശേഷം പിന്നീടു നടന്ന പതിനാലു മത്സരങ്ങളിലും അർജന്റീന വിജയം സ്വന്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌.

ലോകകപ്പിന് ശേഷം അർജന്റീന നേടിയ ആത്മവിശ്വാസം അതിനു ശേഷമുള്ള അവരുടെ പ്രകടനത്തിൽ നിന്നും വ്യക്തമാണ്. ലോകകപ്പിന് ശേഷം നടന്ന എട്ടു മത്സരങ്ങളിലും അർജന്റീന വിജയം നേടിയതിനൊപ്പം ആ മത്സരങ്ങളിൽ ഒരു ഗോൾ പോലും ടീം വഴങ്ങിയിട്ടില്ല. അർജന്റീനക്കെതിരെ വിജയം നേടാൻ പോയിട്ട്, അവർക്കെതിരെ ഒരു ഗോൾ നേടാൻ പോലും എതിരാളികൾക്ക് കഴിയുന്നില്ല. ഇത് അർജന്റീനയുടെ കെട്ടുറപ്പും കരുത്തും വ്യക്തമാക്കി തരുന്നു.

പാരഗ്വായ്‌ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടിയതോടെ അർജന്റീന ടീമിനായി ഏറ്റവുമധികം മിനുട്ടുകൾ തുടർച്ചയായി ഗോൾ വഴങ്ങാതിരുന്ന ഗോൾകീപ്പർ എന്ന സ്ഥാനം എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കിയിരുന്നു. പെറുവിനെതിരെയും ക്ലീൻ ഷീറ്റ് നേടിയതോടെ ആ റെക്കോർഡ് ഒന്നുകൂടി മെച്ചപ്പെടുത്തി 712 മിനുട്ടുകളാക്കി വർധിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അർജന്റീന പ്രതിരോധതാരങ്ങളുടെ പ്രകടനവും ഇതിൽ പ്രശംസയർഹിക്കുന്നതാണ്.

അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനയുടെ എതിരാളികൾ ബ്രസീലും യുറുഗ്വായുമാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും മികച്ച ടീമുകളായ ഇവർക്കെതിരെ ഈ വിജയക്കുതിപ്പും ക്ലീൻ ഷീറ്റും നിലനിർത്താൻ അർജന്റീനക്ക് കഴിയുമോയെന്നാണ് ഇനി അറിയേണ്ടത്. ആ മത്സരങ്ങളിലും ഇതേ പ്രകടനം തന്നെ അർജന്റീന നടത്തിയാൽ 2024ൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിലെ കിരീടവും അർജന്റീന നേടുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

Argentina Kept 8 Clean Sheet After 2022 World Cup