അർജന്റൈൻ മാലാഖ അവസാനത്തെ ആട്ടം തീരുമാനിച്ചു, അർജന്റീന ടീമിൽ നിന്നും വിരമിക്കാനുള്ള ദിവസം കുറിച്ചു | Di Maria

അർജന്റീന ആരാധകർക്ക് ലയണൽ മെസിയെപ്പോലെ തന്നെ പ്രിയപ്പെട്ടതാണ് ഏഞ്ചൽ ഡി മരിയയും. നിരവധി വർഷങ്ങളായി അർജന്റീന ടീമിന്റെ കൂടെയുള്ള താരം ഉയർച്ചകളിലും താഴ്‌ചകളിലും സങ്കടത്തിലും സന്തോഷത്തിലുമെല്ലാം ടീമിനൊപ്പം ഉണ്ടായിരുന്നു. രണ്ടു കോപ്പ അമേരിക്കയിലും ഒരു ലോകകപ്പിലുമെല്ലാം അർജന്റീന ടീം തോറ്റപ്പോൾ അടക്കിപ്പിടിക്കാൻ കഴിയാത്ത വേദനയോടെ നിന്ന താരം പക്ഷെ ദേശീയ ടീമിനൊപ്പം എല്ലാ നേട്ടങ്ങളും സ്വന്തമാക്കി.

കഴിഞ്ഞ രണ്ടര വർഷത്തിനിടെ അർജന്റീന സാധ്യമായ മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ അതിന്റെ മുന്നിൽ നിന്നത് ഏഞ്ചൽ ഡി മരിയ ആയിരുന്നു. 2021ൽ നടന്ന കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയെ വിജയത്തിലെത്തിച്ച ഒരേയൊരു ഗോൾ നേടിയ ഏഞ്ചൽ ഡി മരിയ അതിന്റെ തൊട്ടടുത്ത വർഷം നടന്ന ഫൈനലിസിമ പോരാട്ടത്തിലും ഗോൾ നേടുകയുണ്ടായി. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെ പൊളിച്ചടുക്കിയ താരം അതിലും ഗോൾ കുറിച്ചു.

ഖത്തർ ലോകകപ്പിന് ശേഷം ഡി മരിയ വിരമിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ലോകചാമ്പ്യനായി ദേശീയ ടീമിനൊപ്പം ഇനിയും തുടരാനുള്ള ആഗ്രഹം കൊണ്ട് താരം ടീമിനൊപ്പം തന്നെ നിന്നു. ഇപ്പോഴും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും താൻ വിശ്രമിക്കുക എന്നാണെന്ന് കഴിഞ്ഞ ദിവസം മുപ്പത്തിയഞ്ചുകാരനായ താരം വെളിപ്പെടുത്തുകയുണ്ടായി. അടുത്ത വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുത്തതിനു ശേഷം വിരമിക്കുമെന്നാണ് ഡി മരിയ വ്യക്തമാക്കിയത്.

ലയണൽ മെസിയോടുള്ള തന്റെ സ്നേഹവും ഏഞ്ചൽ ഡി മരിയ വെളിപ്പെടുത്തുകയുണ്ടായി. “പിഎസ്‌ജിയിൽ ആയിരുന്നപ്പോൾ ഞാൻ മെസിയെ കെട്ടിപ്പുണർന്നതിനു ശേഷം ക്ലബ് തലത്തിൽ താരത്തിനൊപ്പം കളിക്കാനും ഓരോ ദിവസവും താരത്തിന്റെ കൂടെ പങ്കു വെക്കാൻ കഴിയുന്നതിലുള്ള സന്തോഷവും പങ്കു വെച്ചിരുന്നു.” ഏഞ്ചൽ ഡി മരിയ കഴിഞ്ഞ ദിവസം ടോഡോ പാസയോട് സംസാരിക്കുമ്പോൾ പറഞ്ഞു. അതേസമയം മെസി കോപ്പ അമേരിക്കക്ക് ശേഷം വിരമിക്കുന്നതിനെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ല.

കഴിഞ്ഞ സീസണിൽ യുവന്റസിന്റെ താരമായിരുന്ന ഏഞ്ചൽ ഡി മരിയ ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബെൻഫിക്കയിലേക്ക് ചേക്കേറിയിരുന്നു. യൂറോപ്പിൽ തന്നെ തുടർന്ന് അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കളിക്കാൻ തയ്യാറെടുക്കുക എന്നതാണ് താരത്തിന്റെ പ്രധാനപ്പെട്ട ലക്‌ഷ്യം. പരിക്ക് കാരണം ഇന്റർനാഷണൽ ബ്രേക്കിൽ താരം കളിച്ചിരുന്നില്ല. കോപ്പ അമേരിക്ക സമയത്ത് തങ്ങളുടെ ഭാഗ്യതാരത്തിന് പരിക്കുണ്ടാകരുതേ എന്നാണു ആരാധകരുടെ പ്രാർത്ഥന.

Angel Di Maria Decided To Retire After Copa America 2024