ഇന്ത്യൻ കളിക്കാരിൽ ഒന്നാമനായി കേരള ബ്ലാസ്റ്റേഴ്സ് താരം, ക്ലബിന്റെ ഭാവി ഭദ്രമാണ് | Mohammed Azhar
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ക്ലബെന്ന രീതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരുപാട് പരിഹാസം ഏറ്റു വാങ്ങിയിട്ടുണ്ട്. ഇത്രയും മികച്ച ഫാൻബേസുള്ള ക്ലബെന്ന നിലയിൽ ബ്ലാസ്റ്റേഴ്സ് ഒരു കിരീടം പോലും നേടിയിട്ടില്ലെന്നത് ആരാധകർക്കും നിരാശയുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ മറ്റു ക്ലബുകളുടെ മുന്നിൽ ഉയർത്തിക്കാണിക്കാൻ ചിലതെല്ലാം ബ്ലാസ്റ്റേഴ്സിനുണ്ട്.
അക്കാദമിയിൽ നിന്നും ഉയർന്നു വന്ന് സീനിയർ ടീമിനായി മികച്ച പ്രകടനം നടത്തുന്ന നിരവധി താരങ്ങൾ ബ്ലാസ്റ്റേഴ്സിലുണ്ട്. മറ്റു ക്ലബുകൾക്കൊന്നും ഇത്രയും താരങ്ങളെ സീനിയർ ടീമിൽ അണിനിരത്താൻ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ മുഹമ്മദ് ഐമൻ, മുഹമ്മദ് അസ്ഹർ, സച്ചിൻ സുരേഷ്, വിബിൻ തുടങ്ങി നിരവധി താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് അക്കാദമിയിൽ നിന്നും സീനിയർ ടീമിലെത്തിച്ചത്.
85.1% – @KeralaBlasters' Mohammed Azhar has a pass accuracy of 85.1% in the opponent’s half this @IndSuperLeague season, the highest by an Indian player & 2nd highest overall among players who have at least 200 such pass attempts (A. Noguera – 85.6%). Front. #HFCKBFC #ISL10 pic.twitter.com/5QFGGQxghl
— OptaJeev (@OptaJeev) April 12, 2024
സീസൺ പൂർത്തിയാകുമ്പോൾ മധ്യനിര താരമായ മൊഹമ്മദ് അസ്ഹർ സ്വന്തമാക്കിയ നേട്ടം ശ്രദ്ധേയമാണ്. ഈ സീസണിൽ എതിർടീമിന്റെ ഹാഫിൽ ഏറ്റവുമധികം പാസുകൾ നൽകിയ ഇന്ത്യൻ താരമാണ് മൊഹമ്മദ് അസ്ഹർ. ഇന്ത്യൻ താരങ്ങളിൽ അസ്ഹർ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ വിദേശീയർ അടക്കമുള്ള മുഴുവൻ താരങ്ങളെയും കണക്കിലെടുക്കുമ്പോൾ രണ്ടാമതാണ്.
ഒരു ഇന്ത്യൻ താരത്തെ സംബന്ധിച്ച് അവിശ്വസനീയമായ നേട്ടം തന്നെയാണിത്. ഇന്ത്യൻ താരങ്ങളേക്കാൾ സാങ്കേതികമായി മികവുള്ള വിദേശതാരങ്ങളെ വരെ അസ്ഹർ മറികടന്നുവെന്നത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്. 85.1 ശതമാനം പാസുകളാണ് അസ്ഹർ എതിരാളികളുടെ ഹാഫിൽ പൂർത്തിയാക്കിയത്. മുംബൈ സിറ്റിയുടെ ആൽബർട്ടോ നോഗ്വേര മാത്രമാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്.
നോഗ്വേരക്ക് മുപ്പത്തിനാല് വയസാണ് പ്രായമെങ്കിൽ അസ്ഹറിന് ഇരുപത്തിയൊന്ന് വയസ് മാത്രമാണ് പ്രായം. അതുകൊണ്ടു തന്നെ തന്റെ നിലവാരം ഉയർത്താൻ മലയാളി താരത്തിന് കഴിയും. കളിച്ച ആദ്യത്തെ സീസണിൽ തന്നെ ഇത്രയും മികച്ച നേട്ടം സ്വന്തമാക്കിയ താരത്തിന്റെ പരിചയസമ്പത്ത് വർധിക്കുന്നതോടെ ഇന്ത്യയിലെ തന്നെ മികച്ച കളിക്കാരനായി മാറാനുള്ള കഴിവുണ്ട്.
Mohammed Azhar Tops Pass Accuracy In Opponents Half