ഖാലിദ് റെഗ്രഗുയ് ബ്രസീൽ മാനേജർ സ്ഥാനത്തേക്കോ, പ്രതികരിച്ച് മൊറോക്കോ പരിശീലകൻ
ഖത്തർ ലോകകപ്പിൽ അപ്രതീക്ഷിതമായ കുതിപ്പ് നടത്തിയ ടീമായിരുന്നു മൊറോക്കോ. വമ്പൻ ടീമുകളെ അട്ടിമറിച്ച അവർ സെമി ഫൈനൽ വരെയെത്തിയെങ്കിലും ഫ്രാൻസിനോട് തോൽവി വഴങ്ങി. മൂന്നാം സ്ഥാനം നേടുകയെന്ന സ്വപ്നം ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യക്ക് മുന്നിലും അവസാനിച്ചെങ്കിലും ഏവരുടെയും മനസു കവർന്ന പ്രകടനം തന്നെയാണവർ ലോകകപ്പിൽ കാഴ്ച വെച്ചത്. രണ്ടു മാസം മുൻപ് മാത്രം മൊറോക്കോ ടീമിന്റെ ചുമതല ഏറ്റെടുത്ത പരിശീലകൻ വാലിദ് റെഗ്രഗുയിയുടെ തന്ത്രങ്ങൾ തന്നെയാണ് ലോകകപ്പിൽ മൊറോക്കോ ടീമിന്റെ മികച്ച കുതിപ്പിനു പിന്നിലെ ചാലകശക്തിയായി പ്രവർത്തിച്ചത്.
ഖത്തർ ലോകകപ്പിനു ശേഷം വാലിദിനെയും നിരവധി ടീമുകളെയും ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ പുറത്തു വന്ന അഭ്യൂഹം ബ്രസീൽ ടീമുമായി ബന്ധപ്പെട്ടായിരുന്നു. ടിറ്റെ സ്ഥാനമൊഴിഞ്ഞതിനു പകരക്കാരനായി വാലിദിനെ നിയമിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന വാർത്തകൾ പുറത്തു വന്നെങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹം അതു നിഷേധിച്ചു. ബ്രസീലിൽ നിന്ന് ഓഫറൊന്നുമില്ലെന്നും ഓഫറുകൾ വന്നാലും മറ്റൊരു ടീമിനെയും പരിഗണിക്കുന്നില്ലെന്നും മൊറോക്കോ ടീമിനൊപ്പം തന്നെ തുടരുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
Morocco coach Walid Regragui denies links to Brazil job, targets AFCON 2023 title https://t.co/ph6Jj54m9k pic.twitter.com/PeFHz5yA5F
— Ghanasoccernet.com (@Ghanasoccernet) December 23, 2022
“ലോകകപ്പിനു ശേഷം ബ്രസീൽ ദേശീയ ടീമിൽ നിന്നും യാതൊരു ഓഫറും വന്നിട്ടില്ല. റോയൽ മൊറോക്കൻ ഫുട്ബോൾ അസോസിയേഷനുമായുള്ള എന്റെ കരാറിനെ ബഹുമാനിച്ച് ഞാൻ മറ്റുള്ള ഓഫറുകളൊന്നും പരിഗണിക്കുന്നില്ല. ഒരു ടോപ് ലെവൽ യൂറോപ്യൻ ക്ലബ്ബിനെ പരിശീലിപ്പിച്ച് മൊറോക്കോയിലെ ജനങ്ങളെ സന്തോഷിപ്പിക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്.” അദ്ദേഹം പറഞ്ഞു. ലോകകപ്പിൽ മികച്ച പ്രകടനം നടത്തുകയെന്ന ലക്ഷ്യം പൂർത്തിയാക്കിയ തങ്ങളുടെ അടുത്ത ലക്ഷ്യം ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടമാണെന്നും അദ്ദേഹം പറഞ്ഞു.
കളിക്കാരനെന്ന നിലയിൽ ഫ്രാൻസിൽ കൂടുതൽ കാലം ചിലവഴിച്ച വാലിദ് മൊറോക്കോ ദേശീയ ടീമിനായി 45 മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. 2004ൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ രണ്ടാം സ്ഥാനത്തു വന്ന മൊറോക്കോ ടീമിലെ അംഗമായ അദ്ദേഹം 2014ലാണ് പരിശീലക കരിയർ ആരംഭിക്കുന്നത്. പരിശീലകനെന്ന നിലയിൽ രണ്ട് മൊറോക്കൻ ലീഗും ഒരു ഖത്തർ ലീഗും നേടിയ അദ്ദേഹം ലോകകപ്പിന് രണ്ടു മാസം മുൻപ് മാത്രം പരിശീലകനായാണ് മൊറോക്കോയെ സെമി ഫൈനലിൽ എത്തിക്കുന്നത്. ആഫ്രിക്കയിൽ നിന്നും ആദ്യമായി ലോകകപ്പ് സെമിയിൽ കടക്കുന്ന രാജ്യം കൂടിയാണ് മൊറോക്കോ.