ഹാലൻഡിനേക്കാൾ തടുക്കാൻ പ്രയാസം ബ്രസീലിയൻ താരത്തെ, സിറ്റി സ്‌ട്രൈക്കറെ തടുക്കാനുള്ള വഴി വെളിപ്പെടുത്തി ഇറ്റലിയുടെ ഇതിഹാസം

നിലവിൽ ലോകഫുട്ബോളിൽ തന്റെ ഗോളടിമികവു കൊണ്ട് തരംഗം സൃഷ്‌ടിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്‌ട്രൈക്കറായ എർലിങ് ബ്രൂട്ട് ഹാലൻഡ്. പ്രീമിയർ ലീഗിലെ ആദ്യ സീസണിലിതു വരെ പന്ത്രണ്ടു മത്സരങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി കളിച്ച താരം പത്തൊൻപതു ഗോളുകളാണ് നേടിയിട്ടുള്ളത്. മികച്ച കായികശേഷിയും അർധാവസരങ്ങൾ പോലും ഗോളാക്കി മാറ്റാനുള്ള കഴിവും ഉയരവും കരുത്തുമെല്ലാം ഹാലൻഡിനെ യൂറോപ്പിലെ പ്രതിരോധതാരങ്ങളുടെ പേടി സ്വപ്‌നമാക്കി മാറ്റുന്നുണ്ട്.

എന്നാൽ താൻ ഏറ്റവും മികച്ച ഫോമിൽ കളിച്ചിരുന്ന സമയത്ത് എർലിങ് ഹാലൻഡിനെ തടുക്കാൻ കഴിയുമായിരുന്നുവെന്നാണ് ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായ ഇറ്റാലിയൻ ഇതിഹാസം അലസാന്ദ്രോ നെസ്റ്റ പറയുന്നത്. ഹാലൻഡിനേക്കാൾ മികച്ച സ്‌ട്രൈക്കർമാർ ലോകഫുട്ബോളിൽ ഉണ്ടായിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം ബ്രസീലിന്റെ റൊണാൾഡോയെയാണ് നേരിടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള താരമായി പറയുന്നത്.

“എനിക്ക് ഹാലൻഡിനെ തടുക്കാൻ കഴിയും. കാരണം ഞാൻ ബ്രസീലിയൻ താരം റൊണാൾഡൊക്കെതിരെ കളിച്ചിട്ടുണ്ട്. ഹാലാൻഡ് മികച്ച താരമാണ്, എന്നാൽ മറ്റേയാൾ തീർത്തും വ്യത്യസ്ഥനാണ്. ഞാൻ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കുമെതിരെ കളിച്ചിട്ടുണ്ട്, എന്നാൽ ബ്രസീലിയൻ റൊണാൾഡോ തീർത്തും വ്യത്യസ്തനായ താരമാണ്.” കോപ്പ 90യുടെ ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുമ്പോൾ നെസ്റ്റ പറഞ്ഞു.

യൂറോപ്പിലെ നിരവധി ഗോൾറെക്കോർഡുകൾ ഈ സീസണിൽ തകർക്കുമെന്ന് ഉറപ്പുള്ള എർലിങ് ഹാലൻഡിനെ എങ്ങിനെയാണ് തടുക്കാൻ കഴിയുകയെന്ന കാര്യത്തിലും നെസ്റ്റ മറുപടി പറഞ്ഞു. “ഞാൻ ഹാലൻഡിന്റെ ഏറ്റവും അടുത്തു തന്നെ തുടരാൻ ശ്രമിക്കും. താരം ഓടിത്തുടങ്ങുമ്പോൾ ഞാൻ ബ്ലോക്ക് ചെയ്യും. കുറച്ചധികം ഇടം നൽകിയാൽ നിങ്ങൾ മരിച്ചുവെന്നു തന്നെ കരുതിക്കോളൂ.” ഇറ്റലിക്കൊപ്പം ലോകകപ്പ് കിരീടം നേടിയിട്ടുള്ള നെസ്റ്റ പറഞ്ഞു.

നാല്പത്തിയാറു വയസുള്ള നെസ്റ്റ സീനിയർ കരിയറിൽ ലാസിയോ, എസി മിലാൻ എന്നീ ക്ലബുകൾക്കു വേണ്ടിയാണ് കളിച്ചിട്ടുള്ളത്. ഈ രണ്ടു ക്ലബിനൊപ്പവും സീരി എയും യൂറോപ്യൻ കിരീടവും സ്വന്തമാക്കിയിട്ടുള്ള താരം മിലാനൊപ്പം രണ്ടു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 2006ലാണ് നെസ്റ്റ ഇറ്റലിക്കൊപ്പം ലോകകപ്പ് നേടുന്നത്. നിലവിൽ പരിശീലകനായ ഇദ്ദേഹം 2014ൽ ഐഎസ്എൽ ക്ലബായ ചെന്നൈയിൻ എഫ്‌സിക്കു വേണ്ടി ഏതാനും മത്സരങ്ങൾ കളിച്ചിട്ടുണ്ട്.