എറിക് ടെൻ ഹാഗിന്റെ തന്ത്രങ്ങളിൽ അതൃപ്‌തി, ഉറച്ച തീരുമാനങ്ങളെടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗ് ടീമിൽ നടത്തുന്ന പദ്ധതികളിൽ സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കു താൽപര്യമില്ലെന്നു റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഡച്ച് പരിശീലകൻ നടത്തുന്ന ട്രെയിനിങ് സെഷനുകളുടെ സ്വഭാവവും നിലവാരവും റൊണാൾഡോക്ക് യാതൊരു തരത്തിലും സംതൃപ്‌തി നൽകുന്നില്ലെന്നും ഇതിനേക്കാൾ മികച്ച രീതിയിലാണ് ക്ലബ് മുന്നോട്ടു പോകേണ്ടതെന്നാണ് താരം ചിന്തിക്കുന്നതെന്നും ദി ടൈംസിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ശ്രമം നടത്തിയെങ്കിലും ആ നീക്കങ്ങൾ ഫലം കണ്ടില്ല. ക്ലബിൽ തന്നെ തുടർന്ന താരം നിലവിൽ പകരക്കാരനായാണ് കളത്തിലിറങ്ങുന്നത്. ഏതാനും മത്സരങ്ങളിൽ ആദ്യ ഇലവനിലും അതിനു പുറമെ പകരക്കാരനായും ഇറങ്ങിയ റൊണാൾഡോക്ക് ഈ സീസണിലിതു വരെ ഒരു ഗോൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഷെരീഫിനെതിരായ യൂറോപ്പ ലീഗ് മത്സരത്തിൽ പെനാൽറ്റിയിലൂടെയായിരുന്നു ആ ഗോൾ പിറന്നത്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോററാവാൻ കഴിഞ്ഞ റൊണാൾഡോക്ക് ഈ സീസണിൽ ടീമിന്റെ പദ്ധതികളിൽ സുപ്രധാനമായ ഇടം നൽകാൻ എറിക് ടെൻ ഹാഗ് തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് അദ്ദേഹം നടപ്പിലാക്കുന്ന ശൈലിയിൽ റൊണാൾഡോക്ക് താൽപര്യമില്ലെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. അയാക്‌സിൽ ഉണ്ടായിരുന്ന സമയത്ത് നടപ്പിലാക്കിയിരുന്ന പദ്ധതികളിൽ അദ്ദേഹം ഉറച്ചു നിൽക്കുകയായെന്നും അതിൽ നിന്നും മാറാൻ തയ്യാറാവുന്നില്ലെന്ന പരാതിയും റൊണാൾഡൊക്കുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അസംതൃപ്‌തനായി തുടരുന്ന റൊണാൾഡോ തന്റെ ഭാവിയെക്കുറിച്ച് ഉറച്ച തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഖത്തറിൽ വെച്ചു നടക്കുന്ന ലോകകകപ്പ് അവസാനിച്ചതിനു ശേഷം ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മറ്റൊരു ക്ലബ്ബിനെ കണ്ടെത്താൻ റൊണാൾഡോ തയ്യാറാണെന്ന് അവർ സൂചിപ്പിക്കുന്നു. തന്റെ പദ്ധതികളെ എതിർക്കുന്ന റൊണാൾഡോ ക്ലബ് വിടുന്നതിൽ എറിക് ടെൻ ഹാഗിനും അഭിപ്രായവ്യത്യാസമില്ല.

അതേസമയം കരാർ അവസാനിക്കാൻ ആറു മാസം മാത്രം ശേഷിക്കെ തങ്ങളുടെ ഏറ്റവും വലിയ ഇതിഹാസർതാരത്തെ ടീം വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവദിക്കുമോ എന്നതാണ് അറിയേണ്ടത്. ഫോമിൽ ചെറിയ മങ്ങലുണ്ടെങ്കിലും ഏതു നിമിഷത്തിലും പൂർവാധികം ശക്തിയോടെ തിരിച്ചു വരാൻ കഴിയുന്ന താരത്തെ ജനുവരിയിൽ സ്വന്തമാക്കാൻ ടീമുകൾ തയ്യാറാകുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടു തന്നെ ജനുവരി ട്രാൻസ്‌ഫർ ജാലകം കൂടുതൽ സംഭവബഹുലമാകാനാണ് സാധ്യത.